Go to full page →

43 - പൗലൊസിന്‍റെയും പത്രൊസിന്‍റെയും രക്തസാക്ഷിമരണം വീച 352

അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും അനേക വർഷ മായി അവരുടെ ജോലി സംബന്ധിച്ച് വേർപെട്ടിരുന്നു. സുവിശേഷം ജാതികളിലേക്കു പ്രചരിപ്പിക്കുന്നതു പൗലൊസിന്‍റെ ജോലിയായിരുന്നപ്പോൾ പത്രൊസ് യെഹൂദന്മാരുടെ ഇടയിലെ വേലയിൽ വ്യാപൃതനായിരുന്നു. എന്നാൽ അവർ രണ്ടുപേരും ലോകത്തിന്‍റെ തലസ്ഥാന നഗരിയിൽ ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുകയും ആ മണ്ണിൽ വിശുദ്ധന്മാരുടെയും രക്തസാക്ഷികളുടെയും കൊയ്ത്തിന് വിത്ത് എന്നവണ്ണം അവർ രക്തം ചിന്തുകയും ചെയ്യേണ്ടിയിരുന്നു. വീച 352.1

പൗലൊസിന്‍റെ രണ്ടാമത്തെ ബന്ധനത്തോടുകൂടെ പത്രൊസും ജയിലില്‍ അടയ്ക്കപ്പെട്ടു. മന്ത്രവാദിയായ സൈമൺ മാഗസിന്‍റെ ചതിവും വഞ്ചനയും വെളിപ്പെടുത്തി അവനെ പരാജയപ്പെടുത്തിയതിൽ അധികാരികൾ പത്രൊസിനെ വെറുത്തിരുന്നു. സുവിശേഷവേലയെ എതിർക്കുന്നതിനും തടസപ്പെടുത്തുന്നതിനുമായി സൈമൺ മാഗസിനെ അധികാരികൾ റോമിലേക്ക് അയച്ചു. നീറോ ഇന്ദ്രജാലത്തിൽ വിശ്വസിക്കുന്നവനും സൈമന്‍റെ രക്ഷാധാകാരിയുമായിത്തീരുകയും ചെയ്തു. സുവിശേഷത്തോട് കുപിതനായ നീറോ പത്രൊസിനെ ബന്ധിക്കുവാൻ കല്പനകൊടുത്തു. വീച 352.2

പൗലൊസിന്‍റെ ഒന്നാമത്തെ തടവിൽ ഉന്നതന്മാരും കൊട്ടാരത്തിലെ അംഗങ്ങളും ക്രിസ്തുമതത്തിലേക്ക് തിരിയുകയാൽ ചക്രവർത്തിയുടെ ദ്രോഹചിന്ത ഏറ്റവും വർദ്ധിച്ചു. അതിനാൽ രണ്ടാമതും അവനെ ബന്ധിക്കുകയും അത് ആദ്യത്തേതിനേക്കാൾ കഠിനതരമാക്കുകയും സുവിശേഷം പ്രസംഗിപ്പാൻ അനുവാദം കൊടുക്കാതിരിക്കുകയും യുക്തമെന്നു തോന്നുമ്പോൾ അവന്‍റെ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുവാൻ തീരുമാനിച്ചു. അപ്പൊസ്തലന്‍റെ അവസാന വിസ്താരത്തിൽ അവന്‍റെ ശക്തിയേറിയ വാക്കുകൾ നീറോയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതിനാൽ അവനെ മോചിപ്പിക്കുകയോ കുറ്റക്കാരനെന്നു തീരുമാനിക്കുകയോ ചെയ്യാതെ ന്യായവിസ്താരസഭ മാറ്റിവച്ചു. എന്നാൽ വിധി മാത്രമെ മാറ്റി വച്ചുള്ളൂ. തീരുമാനം എടുക്കുന്നതിന് മുമ്പുതന്നെ പൗലൊസിനു രക്തസാക്ഷിയുടെ ശവക്കുഴി നല്കണമെന്ന് പറഞ്ഞു. അവൻ ഒരു റോമാപൗരനാകയാൽ പീഡിപ്പിക്കാൻ പാടില്ലാത്തതുകൊണ്ട് ശിരഛേദം ചെയ്യപ്പെടുവാൻ വിധിച്ചു. വീച 352.3

പത്രൊസ് ഒരു യെഹൂദനും വിദേശിയുമാകയാൽ അവനെ പീഡി പ്പിച്ച് ക്രൂശിൽ തറച്ച് കൊല്ലുവാൻ വിധിച്ചു. ഈ ഭയങ്കര മരണത്തിന്‍റെ ദൂരക്കാഴ്ചയിൽ അപ്പൊസ്തലൻ ഓർമ്മിച്ചത് യേശുവിന്‍റെ വിസ്താരസമയത്ത താൻ തള്ളിപ്പറഞ്ഞ മഹാപാപത്തെക്കുറിച്ചാണ്. തന്‍റെ ഗുരുവിനെ വധിച്ചതുപോലെ താൻ വധിക്കപ്പെടുവാൻ അയോഗ്യനാണെന്നുള്ള ഏക ചിന്തയാണ് തനിക്കുണ്ടായത്. പത്രൊസ് ആത്മാർത്ഥമായി പശ്ചാത്തപിച്ചു മാന സാന്തരപ്പെടുകയും ക്രിസ്തു അതു ക്ഷമിക്കയും ചെയ്കയാലാണ് തന്‍റെ ശ്രേഷ്ഠനിയോഗം നൽകുമ്പോൾ ആടുകളെയും കുഞ്ഞാടുകളെയും മേയ്ക്കുവാൻ കല്പിച്ചത്. എന്നാൽ അവന് അത് ഒരിക്കലും സ്വയം ക്ഷമിപ്പാൻ സാധ്യമല്ല. അവസാന ഭയങ്കര യാതനയുടെ ദൃശ്യത്തിന് കൈപ്പേറിയ തന്‍റെ കരച്ചിലും മാനസാന്തരവും ലഘൂകരിപ്പാൻ കഴിഞ്ഞില്ല. തന്‍റെ വിധി നടത്തുന്നവരോട് തനിക്കുണ്ടായിരുന്ന അവസാന അപേക്ഷ തന്നെ തലകീഴായി ക്രൂശിക്കണമെന്നുള്ളതായിരുന്നു. ആ അപേക്ഷ അനുസരിച്ച് അപ്രകാരംതന്നെ പത്രൊസപ്പൊസ്തലൻ ക്രൂശിൽ മരിച്ചു. വീച 353.1