Go to full page →

യാഗവഴിപാട് വീച 52

ദൈവത്തിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരം ആദാം ഒരു പാപയാഗം കഴിച്ചത് അവനു വളരെ വേദനപ്രദമായിരുന്നു. ദൈവത്തിനുമാത്രം നല്കുവാൻ കഴിവുള്ള ജീവനെ ഹനിക്കുവാൻ അവന്‍റെ കരം ഉയർത്തി പാപത്തിന് ഒരു യാഗവഴിപാട് കഴിക്കണം. ആദ്യമായിട്ടാണ് അവൻ മരണം കാണുന്നത്. മരണവേദനയാൽ പുളയുന്ന ബലിമൃഗത്തെ അവൻ നോക്കിക്കൊണ്ട് വിശ്വാസത്താൽ ബലിമൃഗം സൂചിപ്പിച്ച ദൈവപുത്രങ്കലേക്കു നോക്കണമായിരുന്നു. മനുഷ്യന്‍റെ ബലിയായ ക്രിസ്തു മരിക്കണം. വീച 52.1

ദൈവം കല്പിച്ച ആചാരപരമായ ഈ വഴിപാട് ആദാമിന്‍റെ തെറ്റിനെ നിരന്തരം ഓർമ്മപ്പെടുത്തുന്നതിനും തന്‍റെ പാപത്തിനു പശ്ചാത്താപജന്യമായ അംഗീകാരത്തിനുമാണ്. ജീവനെ ഹനിക്കുന്ന ഈ പ്രവൃത്തി ആദാമിനു തന്‍റെ ലംഘനത്തെക്കുറിച്ച് അഗാധവും പരിപൂർണ്ണവുമായ അറിവ്‌ നൽകുകയും അതിന് പരിഹാരം ദൈവത്തിന്‍റെ പ്രിയ പുത്രന്‍റെ മരണം മാത്രമെ മതിയാകുകയുള്ളൂ എന്ന് ഗ്രഹിപ്പിക്കുകയും ചെയ്തു. പാപിയെ രക്ഷിപ്പാൻ ഇത്ര വലിയ മറുവില കൊടുക്കുന്നത് അതിരില്ലാത്ത നന്മയും അതുല്യ സ്നേഹവുമാണെന്നവൻ കണ്ട് അത്ഭുതപ്പെട്ടു. ആദാം നിർദ്ദോഷിയായ ബലിമൃഗത്തെ കൊന്നപ്പോൾ അവനു തോന്നിയത് അവൻ തന്‍റെ കൈകൊണ്ടുതന്നെ ദൈവപുത്രന്‍റെ രക്തം ചിന്തുകയാണെന്നായിരുന്നു. അവൻ ദൈവത്തോടും ദൈവകല്പനയോടും സ്ഥിരചിത്തനും സത്യസന്ധനുമായിരുന്നെങ്കിൽ മനുഷ്യന്‍റെയും മൃഗത്തിന്‍റെയും മരണം ഉണ്ടാകയില്ലായിരുന്നു. എങ്കിലും യാഗവഴിപാടിൽ ചൂണ്ടിക്കാട്ടിയത് ദൈവത്തിന്‍റെ പ്രിയപുത്രന്‍റെ വലുതും ഭയങ്കരവുമായ ബലിയെയാണ്. അന്ധകാരപൂർണ്ണവും ഭയങ്കരവുമായ ഭാവിയുടെ കഠിന നിരാശയ്ക്കും നാശത്തിനും ശമനം വരുത്തുവാൻ അവിടെ പ്രത്യാശയെ ജ്വലിപ്പിക്കുന്ന ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. വീച 52.2

ആരംഭത്തിൽ കുടുംബനാഥൻ സ്വന്തം കുടുംബത്തിന്‍റെ ഭരണ കർത്താവും പുരോഹിതനുമായി പരിഗണിക്കപ്പെട്ടിരുന്നു. ഭൂമിയിൽ മനുഷ്യവർഗ്ഗം വർദ്ധിച്ചു പെരുകിയപ്പോൾ ജനങ്ങൾക്കുവേണ്ടി ഈ വിശുദ്ധ യാഗാരാധന നടത്താൻ ദൈവം നിയോഗിച്ച മനുഷ്യരുണ്ടായിരുന്നു. പാപിയുടെ മനസ്സിൽ യാഗമൃഗത്തിന്‍റെ രക്തം ദൈവപുത്രന്‍റെ രക്തവുമായി സംയോജിപ്പിക്കണം. യാഗമൃഗത്തിന്‍റെ മരണം പാപത്തിന്‍റെ ശിക്ഷ മരണമാണെന്നുള്ളതിനു തെളിവായിരുന്നു. യാഗവഴിപാടു സൂചിപ്പിച്ച ദൈവപുത്രന്‍റെ പൂർണ്ണവും മഹത്വമേറിയതുമായ യാഗത്തിലുള്ള വിശ്വാസത്തോടെ പാപി തന്‍റെ തെറ്റ് അംഗീകരിക്കയും തന്‍റെ യാഗം അർപ്പിക്കയും ചെയ്യുന്നു. ദൈവപുത്രന്‍റെ പാപപരിഹാരം കൂടാതെ ദൈവത്തിൽനിന്നും മനുഷ്യനു രക്ഷയോ അനുഗ്രഹത്തിന്‍റെ സന്ദേശമോ ലഭ്യമല്ല. ദൈവം തന്‍റെ കല്പനയെ സംബന്ധിച്ചു തീക്ഷണതയുള്ളവനാണ്. കല്പനാലംഘനം മനുഷ്യനും ദൈവവുമായുള്ള ബന്ധം ഭയങ്കരമായി വേർപെടുത്തുന്നു. ആദാമിനു അവന്‍റെ നിഷ്ക്കളങ്കതയിൽ തന്‍റെ സ്രഷ്ടാവുമായി നേരിട്ടു സന്തോഷമായും സ്വതന്ത്രമായും ഉള്ള സമ്പർക്കം അനുവദിച്ചിരുന്നു. അവന്‍റെ ലംഘനത്തിനുശേഷം ദൈവം മനുഷ്യനുമായി ആശയവിനിമയം നടത്തിയിരുന്നത് ക്രിസ്തുവിൽകൂടെയും ദൂതന്മാരിൽകൂടെയും ആയിരുന്നു. വീച 53.1