Go to full page →

സ്വര്‍ഗ്ഗത്തില്‍ യുദ്ധം വീച 14

ദൈവിക ഭരണകൂടത്തോടുള്ള മത്സരം ഏറ്റവും വലിയ കുറ്റമായിരുന്നു. സ്വർഗ്ഗം മുഴുവൻ വലിയ കുഴപ്പത്തിലാണെന്നു തോന്നി. ദൂതന്മാർ ഓരോ വിഭാഗത്തിനുംമേൽ അധികാരമുള്ള ദൂതന്‍റെ കീഴിൽ അണിനിരന്നു. സാത്താൻ ദൈവകല്പനയ്ക്ക് എതിരായിട്ടായിരുന്നു പൊരുതിയത്, കാരണം സ്വയം ഉയരണമെന്ന് അവൻ ആഗ്രഹിച്ചു. സ്വർഗ്ഗത്തിലെ സർവ്വ സൈന്യാധിപനായ ദൈവപുത്രന്‍റെ അധികാരത്തിനു കീഴ്ചപ്പെടുവാൻ അവനു മനസ്സില്ലായിരുന്നു. വീച 14.1

ഓരോരുത്തരെക്കുറിച്ചും തീരുമാനിക്കാൻ സ്വർഗ്ഗീയ സൈന്യം മുഴുവൻ പിതാവിന്‍റെ മുമ്പിൽ ഹാജരാകുവാൻ കല്പിച്ചു. ക്രിസ്തുവിന്‍റെ മുമ്പിൽ ഹാജരാകേണ്ടതിലുള്ള തന്‍റെ അസംതൃപ്തി സാത്താൻ ധൈര്യത്തോടെ വ്യക്തമാക്കി. അവൻ അഹങ്കാരത്തോടെ എഴുന്നേറ്റുനിന്ന് ദൈവത്തോടു താൻ സമനായിരിക്കണമെന്നും ദൈവം അവനെ ആലോചനാസമിതിയിൽ ചേർക്കണമെന്നും ദൈവോദ്ദേശ്യങ്ങൾ തനിക്ക് അറിയണമെന്നും പറഞ്ഞു. ദൈവം തന്‍റെ രഹസ്യങ്ങൾ തന്‍റെ പുത്രനെ മാത്രമെ അറിയിക്കുന്നുള്ളുവെന്നു സാത്താനെ അറിയിച്ചു. സ്വർഗ്ഗീയ കുടുംബം മുഴുവനും സാത്താനും പുത്രനും കീഴ്പ്പെട്ട് ചോദ്യം ചെയ്യപ്പെടാത്ത അനുസരണം ഉള്ളവരായിരിക്കണമെന്നും അറിയിച്ചു. എന്നാൽ അവൻ സ്വർഗ്ഗത്തിൽ ഒരു സ്ഥാനത്തിനും യോഗ്യനല്ലെന്നു തെളിയിച്ചു. സാത്താൻ തന്‍റെ അനുയായികളായ ഏകദേശം പകുതിയോളമുള്ള സ്വർഗ്ഗീയ ദൂതരെ വിജയ ഭാവത്തോടെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ഇവരെല്ലാം എന്നോടുകൂടെയാണ്! നീ അവരെയും എന്നോടു കൂടെ ബഹിഷ്കരിച്ചു സ്വർഗ്ഗത്തിൽ ശൂന്യത ഉണ്ടാക്കുമോ? ക്രിസ്തുവിന്‍റെ അധികാരത്തോട് എതിർക്കുവാനും ശക്തി പ്രയോഗിച്ചു തന്‍റെ സ്ഥാനം സ്വർഗ്ഗത്തിൽ നില നിർത്തുവാനും താൻ തയ്യാറാണെന്ന് അവൻ പ്രഖ്യാപിച്ചു. വീച 14.2

സാത്താന്‍റെ അഹങ്കാരത്തോടുകൂടിയ പ്രഖ്യാപനം കേട്ട് നല്ല ദൂതന്മാർ കരഞ്ഞു. മത്സരികൾ ഇനി സ്വർഗ്ഗത്തിൽ തുടരുവാൻ പാടില്ല എന്നു ദൈവം കല്പിച്ചു. അവരുടെ ഉന്നതവും സന്തുഷ്ടവുമായ അവസ്ഥ അവരുടെ ബുദ്ധിയെ ഭരിക്കുവാൻ ദൈവം നൽകിയിരിക്കുന്ന കല്പനകളെ അനുസരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ അവന്‍റെ കല്പനകളെ ലംഘിക്കുവാൻ മുതിരുന്നവരെ രക്ഷിക്കുവാൻ മാർഗ്ഗമൊന്നും ഉണ്ടാക്കിയിരുന്നില്ല. തന്‍റെ മത്സരത്തിൽ സാത്താൻ കൂടുതൽ ധൈര്യം ഉള്ളവനായി സ്രഷ്ടാവിന്‍റെ കല്പനകളിൽ അതൃപ്തി പ്രകടിപ്പിച്ചു. സാത്താന് അത് സഹിപ്പാൻ കഴിഞ്ഞില്ല. ദൂതന്മാർക്കു കല്പനകളൊന്നും ആവശ്യമില്ലെന്നും സ്വന്തയിഷ്ടം ചെയ്യുവാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നുമത്രെ അവൻ അവകാശപ്പെട്ടത്. ദൈവകല്പനകൾ അവരെ ശരിയായി നയിക്കുവാൻ പര്യാപ്തമല്ലെന്നും കല്പനകളെ ഉപേക്ഷിക്കണമെന്നുള്ളതാണു തന്‍റെ ഉദ്ദേശ്യം എന്നും അവൻ പറഞ്ഞു. ദൂതന്മാരുടെ അവസ്ഥയ്ക്കു പുരോഗമനം ഉണ്ടായിരിക്കണമെന്ന് അവൻ കരുതി. കല്പനകൾ ഉണ്ടാക്കുകയും അതിനെ ശ്രേഷ്ഠമാക്കുകയും ചെയ്ത ദൈവത്തിന്‍റെ മനസ്സ് അങ്ങനെ അല്ലായിരുന്നു. സ്വർഗ്ഗീയ സൈന്യത്തിന്‍റെ സന്തോഷം ആശ്രയിച്ചിരിക്കുന്നതു കല്പനയുടെ പരിപൂർണ്ണ അനുസരണത്തിലാണ്. ഓരോരുത്തർക്കും അവരവരുടെ പ്രത്യേക ജോലി നൽകപ്പെട്ടിരിക്കുകയും സാത്താന്‍റെ മത്സരത്തിനുമുമ്പു സ്വർഗ്ഗത്തിൽ ഐക്യതയോടുള്ള പ്രവർത്തനം നടക്കുകയും ചെയ്തിരുന്നു. വീച 15.1

അനന്തരം സ്വർഗ്ഗത്തിൽ യുദ്ധമുണ്ടായി. സ്വർഗ്ഗത്തിന്‍റെ രാജകുമാരനായ ദൈവപുത്രനും ഭക്തിയുള്ള ദൂതന്മാരും പ്രധാന മത്സരിക്കും അവന്‍റെ അനുയായികൾക്കും തമ്മിൽ കലഹമുണ്ടായി. ദൈവപുത്രനും നല്ല ദൂതന്മാരും വിജയിച്ചു. സാത്താനും അനുഭാവികളും സ്വർഗ്ഗത്തിൽനിന്ന് ബഹിഷ്കൃതരായി. സ്വർഗ്ഗീയ സൈന്യം ദൈവത്തിന്‍റെ നീതി അംഗീകരിക്കുകയും പുകഴ്ത്തത്തുകയും ചെയ്തു. മത്സരത്തിന്‍റെ യാതൊരു നിറവും സ്വർഗ്ഗത്തിൽ ശേഷിച്ചിരുന്നില്ല. എല്ലാം മുന്നെപ്പോലെ സ്വർഗ്ഗത്തിൽ ഐക്യതയിലും സമാധാനത്തിലുമായി. സന്തോഷത്തിലും അനുഗ്രഹത്തിലും തങ്ങളുടെ പങ്കാളികളായിരുന്ന ദൂതന്മാരുടെ വിധിയെപ്പറ്റി സ്വർഗ്ഗീയ ദൂതന്മാർ സങ്കടപ്പെട്ടു. വീച 16.1

ഭൂമിയിൽ അധിവസിക്കുന്നതിനായി മനുഷ്യനെ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഉടനെതന്നെ തന്‍റെ പുത്രനുമായി ദൈവം ആലോചിച്ചു. മനുഷ്യൻ നിത്യമായി സുരക്ഷിതരാക്കപ്പെടുന്നതിനുമുമ്പായി അവരുടെ ഭക്തിയെ തിട്ടപ്പെടുത്തുന്നതിന് ഒരു പരീക്ഷണകാലാവധി വെച്ചു. അവൻ വിജയിച്ചാൽ ക്രമേണ അവൻ ദൈവദൂതന്മാർക്കു തുല്യനാവും. അവന് ദൈവപ്രീതി ഉണ്ടായിരിക്കുകയും ദൂതന്മാരോട് സംസാരിക്കുകയും വേണം. അനുസരണക്കേടു കാണിക്കുന്നതിനുള്ള ശക്തിക്കതീതമായി അവരെ നില നിർത്തുന്നതു നല്ലതല്ലെന്നു ദൈവം ചിന്തിച്ചു. വീച 16.2