Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 4—പാപം ഏറ്റു പറച്ചില്‍

    “തന്‍റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നൊ കരുണ ലഭിക്കും.” (സദൃ.വാ. 28:13)KP 37.1

    ദൈവത്തിന്‍റെ കരുണപ്രാപിപ്പാനായി നല്കപ്പെട്ടിരിക്കുന്ന നിയമങ്ങള്‍ എത്രയും ലഘുവും ന്യായവും ബുദ്ധിപൂര്‍വ്വകവുമായവയാണ്. പാപക്ഷമ ലഭിക്കേണ്ടതിന്നു ഏതെങ്കിലും കഠിനപ്രവൃത്തി ചെയ്യണമെന്നു ദൈവം നമ്മോടു ആവശ്യപ്പെടുന്നില്ല. നമ്മുടെ ദേഹികളെ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തില്‍ ഭരമേല്പിക്കുന്നതിനു അഥവാ നമ്മുടെ അതിക്രമങ്ങള്‍ മോചിച്ചുകിട്ടുവാന്‍ അതിദീര്‍ഘവും ക്ഷീണിപ്പിക്കുന്നതുമായ തീര്‍ത്ഥയാത്രകളും കഠിന തപസ്സുകളും ചെയ്യേണമെന്നു ദൈവം ആവശ്യപ്പെട്ടിട്ടില്ല.KP 37.2

    “തന്‍റെ ലംഘനങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നൊ കരുണ ലഭിക്കും” എന്ന് മാത്രമെ പറയപ്പെട്ടിട്ടുള്ളു. “നിങ്ങള്‍ക്ക് രോഗശാന്തിവരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍” എന്ന് അപ്പോസ്തലനായ യാക്കോബു പറയുന്നു. (യാക്കോ. 5:16) നിങ്ങളുടെ പാപങ്ങള്‍ അവയെ മോചിപ്പാന്‍ ഏകവല്ലഭനായിരിക്കുന്ന ദൈവത്തോട് ഏറ്റുപറവിന്‍. മനുഷ്യരോടു ചെയ്യുന്ന കുറ്റങ്ങളെ അവരോടും ഏറ്റുപറവിന്‍. നീ നിന്‍റെ കൂട്ടുക്കാരന് വല്ലകാര്യത്തിലും ഇടര്‍ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ നീ അതിനെ അവനോടു ഏറ്റുപറയേണ്ടത് നിന്‍റെ കടമയും അത് നിനക്ക് സൌജന്യമായി ക്ഷമിച്ചു തരേണ്ടത്‌ ആ കൂട്ടുകാരന്‍റെ ചുമതലയുമാകുന്നു. അതില്‍പിന്നെ നീ വേദനിപ്പിച്ചിരിക്കുന്ന സഹോദരന്‍ ദൈവത്തിന്‍റെ വകയാകയാലും അവനെ വേദനിപ്പിക്കയാല്‍ നീ നിന്‍റെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായവനെത്തന്നെ വേദനിപ്പിച്ചിരിക്കയാലും നീ ദൈവസന്നിധിയില്‍ ചെന്ന് ദൈവത്തോടും അവനോടും ക്ഷമ യാചിക്കേണ്ടതാകുന്നു. ഇങ്ങനെ ഈ കാര്യം നമ്മുടെ ശ്രേഷ്ടമഹാപുരോഹിതനായ ഏക സത്യമദ്ധ്യസ്ഥന്‍റെ തിരുമുമ്പില്‍ ചെന്നെത്തുന്നു. അവന്‍ “പാപം ഒഴികെ സര്‍വ്വത്തിലും നമ്മുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവന്‍” ആകയാല്‍ “നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍” കഴിവുള്ളവനാകുന്നുവല്ലോ (എബ്രാ. 4:15) അവന്‍ ദോഷത്തിന്‍റെ എല്ലാകറയും കളങ്കവും നീക്കി നമ്മെ ശുദ്ധീകരിപ്പാന്‍ കഴിവുള്ളവനത്രേ.KP 37.3

    പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു തങ്ങളുടെ ഹൃദയങ്ങളെ ദൈവസന്നിധിയില്‍ വിനയപ്പെടുത്താത്തവര്‍ ആത്മാക്കളെ അംഗീകരിക്കുന്നതിന്നു ദൈവം ഏര്‍പ്പെടുത്തീട്ടുള്ള ഒന്നാമത്തെ നിയമം പോലും അനുഷ്ഠിക്കുന്നില്ല. അനുതാപം വരാത്ത മാനസാന്തരാനുഭവം ഉണ്ടാകതെയും ചതഞ്ഞമനസ്സും നുറുങ്ങിയഹൃദയവും ഉള്ളവരായി പാപങ്ങളെ ഏറ്റുപറഞ്ഞുപേക്ഷിക്കാതേയും ഇരിക്കുന്നവര്‍ പാപമോചനം പ്രാപിപ്പാന്‍ ഒരിക്കലും ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടില്ല. ആ യത്നം ചെയ്തിട്ടില്ലെങ്കില്‍ അങ്ങനെയുള്ളവര്‍ ദൈവസമാധാനം കണ്ടെത്തീട്ടുമില്ല. എന്നാല്‍ പാപങ്ങളുടെ മോചനം നാം പ്രാപിക്കാതിരിക്കുന്നതിന്‍റെ ഏകകാരണം നമ്മുടെ ഹൃദയത്തെ വിനയപ്പെടുത്തി ദൈവവചനം വെളിവാക്കുന്ന നിബന്ധനകള്‍ അനുസരിപ്പാന്‍ ഇഷ്ടപ്പെടാതിരിക്കുന്നതത്രെ. ഈ കാര്യത്തെ സംബന്ധിച്ചു തിരുവെഴുത്തുകള്‍ എത്രയും ഖണ്ഡിതമായ ഉപദേശം നല്കുന്നുണ്ട്. പരസ്യമായോ രഹസ്യമായോ ഉള്ളപാപം ഏറ്റുപറച്ചില്‍ ഹൃദയത്തില്‍നിന്ന് വരുന്നതും ശങ്കകൂടാത്തതുമായിരിക്കണം. അത് പാപിയുടെമേല്‍ അടിച്ചേല്പിക്കാവുന്നതല്ല. അത് ഒരു വായ്പാട്ടു എന്നപോലെ അഗണ്യമായവിധ ത്തിലും ചെയ്തുകൂടാ എന്നുമാത്രമല്ല പാപത്തിന്‍റെ അറപ്പായ സ്വഭാവം ബോദ്ധ്യമായിട്ടില്ലാത്ത ആളുകളെ നിര്‍ബന്ധിച്ചും ചെയ്തുകൂടാ. ഹൃദയത്തിന്‍റെ ആഴത്തില്‍നിന്നുള്ള ഏറ്റുപറച്ചില്‍ കൃപാവാരിധിയായ ദൈവം സസന്തോഷം അംഗീകരിക്കുന്നു. “ഹൃദയം നുറുങ്ങിയവര്‍ക്ക് യഹോവ സമീപസ്ഥന്‍; മനസ്സുതകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു” എന്ന് സങ്കീര്‍ത്തനക്കാരന്‍ (34:18) പറയുന്നു.KP 38.1

    സത്യമായ ഏറ്റുപറച്ചില്‍ എത്രയും ഖണ്ഡിതമായ നിലയില്‍ ചില പ്രത്യേക പാപത്തെപ്പറ്റി ആയിരിക്കും. പക്ഷെങ്കില്‍ ആ പാപം ദൈവത്തോടുമാത്രം ഏറ്റുപറവാനുള്ളതായിരിക്കും; അല്ലെങ്കില്‍ അത് മനുഷ്യരോടു ഏറ്റുപറയേണ്ടതായിരിക്കാം. ഏതെങ്കിലും വ്യക്തിക്ക് ഇടര്‍ച്ചയോ പ്രയാസമോ നേരിടുമാറ് നാം ആ വ്യക്തിമാത്രം അറിയത്തക്കവിധത്തില്‍ ചെയ്തിട്ടുള്ള അകൃത്യം ആ വ്യക്തിയോടുതന്നെ ഏറ്റുപറയണം. അല്ല ആ അകൃത്യം മറ്റുപലരും അറിയത്തക്കവണ്ണം പരസ്യമായി ചെയ്തിട്ടുള്ളതാണെങ്കില്‍ പരസ്യമായിത്തന്നെ ഏറ്റുപറയണം. ഇങ്ങനെ നാം ആരോട് നമ്മുടെ അകൃത്യം ഏറ്റുപറഞ്ഞാലും ആ ഏറ്റുപറച്ചില്‍ യഥാര്‍ത്ഥവും ഖണ്ഡിതവും ആയിരിക്കണം.KP 39.1

    ശമുവേലിന്‍റെ കാലത്ത് യിസ്രായേല്‍ ജനം ദൈവത്തെ വിട്ടകന്നു പോയിരുന്നുവല്ലോ. തങ്ങളുടെ പാപത്തിന്‍റെ ദോഷഫലങ്ങള്‍ അവര്‍ അനുഭവിച്ചു. ദൈവത്തിങ്കലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടപ്പെട്ടുപോയി. തങ്ങളെ ഭരിക്കുന്നതില്‍ കാണായ് വരുന്ന ദിവ്യശക്തിയും ജ്ഞാനവും വിവേചിച്ചറിയുന്ന കഴിവ് അവര്‍ക്കില്ലാതെയായി. തന്‍റെ കാര്യം ശരിയ്ക്കു പ്രതിവാദിച്ചു വിജയിപ്പിക്കുവാനുള്ള ദൈവത്തിന്‍റെ പ്രാപ്തിയില്‍ അവര്‍ക്കുണ്ടായിരുന്ന ആശ്രയവും പൊയ്പോയിരന്നു. അവര്‍ അഖിലാണ്ഡാധിപനില്‍ നിന്ന് വിട്ടകന്നു ചുറ്റുമുള്ള ജാതികളെപ്പോലെ ഒരു മാനുഷഭരണത്തെ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ക്ക് സമാധാനം ലഭിക്കുന്നതിനുമുമ്പ് “ഒരു രാജാവിനെ അന്വേഷിച്ചതില്‍ ഞങ്ങളുടെ സകല പാപങ്ങളോടും ഞങ്ങള്‍ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു” (1 ശമൂ. 12:19) എന്ന് പ്രത്യേകം ഏറ്റുപറയേണ്ടിയിരുന്നു. അവര്‍ക്ക് ബോദ്ധ്യമാക്കപ്പെട്ട ആ പാപംതന്നെ അവര്‍ ഏറ്റുപറയേണ്ടിയിരുന്നു. അവരുടെ നന്ദികേടു അവരുടെ ആത്മാക്കളെ ഭാരപ്പെടുത്തുകയും ദൈവത്തില്‍ നിന്ന് അകറ്റിക്കളകയും ചെയ്തു.KP 39.2

    ആത്മാര്‍ത്ഥമായ അനുതാപവും നവീകരണവും കൂടാതുള്ള ഏറ്റുപറച്ചില്‍ ദൈവം അംഗീകരിക്കയില്ല. ജീവിതത്തില്‍ പ്രസ്പഷ്ടമായ ഒരു മാറ്റം കാണപ്പെടണം. ദൈവത്തിനു വെറുപ്പായിരിക്കുന്നതെല്ലാം പാടെ പരിത്യജിക്കണം. ഇതാണ് പാപത്തെക്കുറിച്ചുള്ള ഉണ്മയായ അനുതാപത്തിന്‍റെ ഫലം. ഇതിങ്കല്‍ നാം നിറവേറ്റേണ്ടഭാഗം ഇന്നതെന്നു തിരുവെഴുത്തുകളില്‍ സ്പഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നു. അതിപ്രകാരമാണ്‌:- “നിങ്ങളെക്കഴുകി വെടിപ്പാക്കുവിന്‍; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്‍റെ കണ്ണിന്മുമ്പില്‍ നിന്ന് നീക്കിക്കളവിന്‍; തിന്മ ചെയ്യുന്നത് മതിയാക്കുവിന്‍. നന്മചെയ്‌വാന്‍ പഠിപ്പിന്‍; ന്യായം അന്വേഷിപ്പിന്‍; പീഡിപ്പിക്കുന്നവനെ നേര്‍വഴിക്കാക്കുവിന്‍; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിന്‍, വിധവെയ്ക്കു വേണ്ടി വ്യവഹരിപ്പിന്‍.” (യെശ. 1:16,17) എന്നാല്‍ ദുഷ്ടന്‍ “തന്‍റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവൃത്തിക്കയും അപഹരിച്ചത് മടക്കിക്കൊടുക്കുകയും നീതികേടു ഒന്നുംചെയ്യാതെ ജീവന്‍റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്‌താല്‍ അവന്‍ മരിക്കാതെ ജീവിക്കും.” (യെഹെ 33:16) പൌലോസ് അപ്പോസ്തലന്‍ അനുതാപത്തിന്‍റെ ഫലത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:- ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്രപ്രതിവാദം; എത്രനീരസം, എത്രഭയം, എത്ര വാഞ്ച; എത്ര എരിവു എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്ന് എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു. (2 കൊരി. 7:11)KP 40.1

    പാപം അതിന്‍റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധം നശിച്ചശേഷം കുറ്റക്കാരന് അവന്‍റെ സ്വഭാവ ദൂഷ്യങ്ങളെ കണ്ടുപിടിപ്പനോ താന്‍ ചെയ്തിരിക്കുന്ന ദോഷത്തിന്‍ ഭയങ്കരത്വം മനസ്സിലാക്കുവാനോ കഴികയില്ല. എന്നുമാത്രമല്ല, ദൈവാത്മാവിന്‍റെ ഉണര്‍ത്തിപ്പിന്‍ പ്രവൃത്തിക്കു തന്നെത്താന്‍ ഏല്പിച്ചു കൊടുക്കാതിരിക്കുന്ന കാലത്തോളം അവന്‍ തന്‍റെ പാപത്തെ സംബന്ധിച്ചു അന്ധനായിരിക്കുകയും ചെയ്യും. അങ്ങനെയുള്ളവന്‍റെ ഏറ്റുപറച്ചില്‍ യഥാര്‍ത്ഥവും ഹൃദയപൂര്‍വ്വകവുമായിരിക്കയില്ല അങ്ങിനെയുള്ളവന്‍ തന്‍റെ കുറ്റം ഏറ്റുപറയുമ്പോള്‍ “ഇന്നിന്ന സംഗതിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്നകുറ്റം ചെയ്കയില്ലായിരുന്നു” എന്ന് തന്നെ നീതികരിപ്പാനുള്ള സമാധാനമോ ന്യായമോ എടുത്തുപറയാതിരിക്കയില്ല.KP 40.2

    വിലക്കപ്പെട്ട വൃക്ഷഫലം തിന്നശേഷം ആദാമിന്‍റേയും ഹവ്വയുടെയും ഹൃദയം ലജ്ജയും ഭയവും കൊണ്ടു നിറഞ്ഞു. എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞു മരണ വിധിയില്‍ നിന്ന് തെറ്റി ഒഴിയുവാന്‍ എന്താണു വഴി എന്നായിരുന്നു അവര്‍ക്ക് ആദ്യം ഉണ്ടായിരുന്ന ആലോചന. ദൈവം തന്‍റെ അകൃത്യങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ ആദാം ദൈവത്തെയും തന്‍റെ സഹചാരിണിയെയും അല്പാല്പം കുറ്റപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു:- “എന്നോട് കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു.” സ്ത്രീയാകട്ടെ:- “പാമ്പ് എന്നെ വഞ്ചിച്ചു ഞാന്‍ തിന്നുപോയി” എന്ന് പറഞ്ഞു ആ കുറ്റത്തെ പാമ്പിന്മേല്‍ ചുമത്തി. (ഉല്പത്തി 3:12,13) “നീ എന്തിനാണ് സര്‍പ്പത്തെ ഉണ്ടാക്കിയത്? ഈ തോട്ടത്തില്‍ വരുവാന്‍ അതിനെ അനുവദിച്ചതെന്തിന്നു?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവളുടെ ഈ സമാധാനത്തില്‍ അടങ്ങിയിരിക്കുന്നു. ഇങ്ങനെ പറക നിമിത്തം അവര്‍ തങ്ങളുടെ വീഴ്ചയ്ക്ക് അവര്‍ ദൈവത്തെയാണ് കുറ്റപ്പെടുത്തിയത്. ഈ സ്വയം നീതികരണത്തിന്‍റെ ആത്മാവ് ഭോഷ്ക്കിന്‍റെ പിതാവായ പിശാചില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇന്നെയോളം ആദാമിന്‍റെ എല്ലാമക്കളിലും അത് വിളങ്ങിക്കാണുന്നുണ്ട്. ഈ മാതിരി ഏറ്റുപറച്ചില്‍ ദൈവാത്മാവില്‍ നിന്നുള്ളതല്ല; ദൈവം ഇഷ്ടപ്പെടുന്നതുമല്ല. സത്യമായി മാനസാന്തരപ്പെടുന്ന ഒരു മനുഷ്യന്‍ തന്‍റെ കുറ്റം താന്‍ തന്നെ വഹിക്കുന്നതിനും അതിനെ യാതൊരു കപടവും മറവും കൂടാതെ ഏറ്റുപറയുന്നതിനും മടിക്കുകയില്ല. പ്രത്യുത ആ ചുങ്കക്കാരനെപോലെ തന്‍റെ കണ്ണുകള്‍ മേലോട്ടുയര്‍ത്തുവാന്‍പോലും മനസ്സില്ലാതെ “ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ!” എന്ന് പ്രാര്‍ത്ഥിക്കുകയേ ഉള്ളു. ഇവ്വണ്ണം തങ്ങളുടെ പാപത്തെ ഏറ്റു പറയുന്നവര്‍ നീതികരിക്കപ്പെടുന്നു. ക്രിസ്തു അവര്‍ക്ക് വേണ്ടി ചിന്തിയിരിക്കുന്ന വിശുദ്ധ രക്തം കാണിച്ചും കൊണ്ട് പിതാവിനോട് പ്രതിവാദം കഴിക്കുന്നതുകൊണ്ടാണ് അവര്‍ക്കിതു സിദ്ധിക്കുന്നത്.KP 41.1

    തിരുവെഴുത്തുകളില്‍ പറയപ്പെട്ടിരിക്കുന്ന സത്യ മാനസാന്തരദൃഷ്ടാന്തങ്ങള്‍ ഒട്ടൊഴിയാതെ പാപങ്ങളെ ലഘൂകരിപ്പാനോ സ്വയം നീതീകരണത്തിന്നോ പര്യാപ്തമായ യാതൊരു ഉദ്യമവും കൂടാതുള്ള യഥാര്‍ത്ഥ മാനസാന്തരത്തെ തെളിയിക്കുന്നു. പൌലോസ് അ പ്പോസ്തലനും തന്നെത്താന്‍ നീതീകരിപ്പാനോ തെറ്റുകളെ ലഘൂകരിപ്പാനോ യാതൊരു ശ്രമവും ചെയ്തു കാണുന്നില്ല. നേരെ മറിച്ചു അതിനെ സ്പഷ്ടമായി എഴുതിയിരിക്കയാണ്. അതിപ്രകാരമാകുന്നു:- “മഹാപുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരില്‍ പലരേയും തടവില്‍ ആക്കി അടച്ചു. അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു. ഞാന്‍ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചും കൊണ്ടു ദൂഷണം പറവാന്‍ നിര്‍ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചും അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കയും ചെയ്തു. (അ.പ്ര. 26:10,11) “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു......ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍” (1 തിമൊ. 1:15) എന്ന് പറവാന്‍ തന്നേയും അവന്‍ അശേഷം മടിച്ചില്ല.KP 41.2

    യഥാര്‍ത്ഥമായ അനുതാപത്താല്‍ ഉടഞ്ഞും ചതഞ്ഞും പോയ ഹൃദയം ദൈവത്തിന്‍റെ മഹാസ്നേഹത്തെയും കാല്‍വറി മലയില്‍ അവന്‍ അര്‍പ്പിച്ച അമൂല്യ മറുവിലയെയും ശരിയായി വിലമതിക്കാതിരിക്കയില്ല. ഒരു മകന്‍ തന്നെ സ്നേഹിക്കുന്ന അപ്പന്‍റെ അടുക്കല്‍ ചെന്നു തന്‍റെ കുറ്റം ഏറ്റുപറയുന്ന പ്രകാരം തന്നെ സത്യമായി അനുതപിക്കുന്ന ഓരോ ആത്മാവും തങ്ങളുടെ സമസ്താപരാധങ്ങളും ദൈവസന്നിധിയില്‍ ഏറ്റു പറയും. “നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നുവെങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലൊ. (1 യോഹ. 1:9)KP 42.1

    * * * * *

    Larger font
    Smaller font
    Copy
    Print
    Contents