Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 7—ശിഷ്യത്വത്തിന്‍ ശോധന

    “ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു പഴയത് കഴിഞ്ഞുപോയി, ഇതാ അത് പുതുതായിത്തീര്‍ന്നിരിക്കുന്നു.”
    (2 കൊരി. 5:7)
    KP 59.1

    പക്ഷെ ഒരു മനുഷ്യന്നു തന്‍റെ മാനസാന്തരം സംബന്ധിച്ചു അതുണ്ടായ കൃത്യസമയം എപ്പോഴായിരുന്നു എന്നും എവിടെവെച്ചായിരുന്നു എന്നും തത്സസംബന്ധമായ സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നെന്നും പറവാന്‍ കഴികയില്ലായിരിക്കും. അതുകൊണ്ടു അവന്‍ മാനസാന്തരപ്പെട്ടില്ല എന്ന് വരികയില്ല. അതിനെക്കുറിച്ചു യേശുകര്‍ത്താവ് നിക്കെദെമൊസിനോടു പറഞ്ഞത് ഇപ്രകാരമായിരുന്നു:- “കാറ്റ് ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അത് എവിടെനിന്ന് വരുന്നു എന്നും എവിടേയ്ക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അത് പോലെയാകുന്നു.” (യോഹ. 3:8) കാറ്റ് നമ്മുക്ക് കണ്ടുകൂടാ എങ്കിലും അതിന്‍റെ പ്രവൃത്തി നാം കാണുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന പ്രകാരംതന്നെയാണ് മനുഷഹൃദയത്തിന്മേലുള്ള ദൈവാത്മാവിന്‍റെ പ്രവൃത്തിയും. മാനുഷദൃഷ്ടിക്ക് അഗോചരമായ ആ വീണ്ടും ജനിപ്പിക്കുന്ന ശക്തി മനുഷ്യനില്‍ ഒരു പുതിയജീവന്‍ ഉളവാകുന്നു; അത് അ വനെ സാന്മാര്‍ഗ്ഗികമായി ദൈവസാദൃശ്യത്തിലുള്ള ഒരു പുതിയ വ്യക്തിയാക്കിത്തീര്‍ക്കുന്നതാണ്. ആത്മാവിന്‍റെ ഈ പ്രവൃത്തി ആര്‍ഭാടരഹിതവും ദുര്‍ഗ്രാഹ്യവുമാണെങ്കിലും അതിന്‍റെ ഫലം പ്രസ്പഷ്ടമാണ്. ഒരു മനുഷ്യന്‍റെ ഹൃദയം ദൈവാത്മാവു പുതുക്കിയിട്ടുണ്ടെങ്കില്‍ ആ മനുഷ്യന്‍റെ ജീവിതം അതിനെ തെളിയിക്കാതിരിക്കുകയില്ല. നമ്മുടെ ഹൃദയത്തെ മാറ്റുവാനും നമ്മെത്തന്നെ ദൈവത്തോടുകൂടി നിരപ്പിപ്പാനും നമ്മാല്‍ അസാദ്ധ്യമായിരിക്കുകയും നമ്മെത്തന്നേയും നമ്മുടെ സല്‍പ്രവൃത്തികളേയും ആശ്രയിക്കാന്‍ പാടില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ദൈവകൃപ നമ്മില്‍ അധിവസിക്കുന്നുവോ ഇല്ലയോ എന്ന് നമ്മുടെ ജീവിതം വെളിവാക്കും. നമ്മുടെ സ്വഭാവത്തിലും ശീലങ്ങളിലും ഉദ്യമങ്ങളിലും ഒരു മാറ്റം ദൃശ്യമായിരിക്കും. മുമ്പിലത്തെ ജീവിതത്തിനും ഇപ്പോഴുള്ളതിന്നും തമ്മിലുള്ള വ്യത്യാസം സ്പഷ്ടവും ഖണ്ഡിതവുമായിരിക്കും. അപ്പോള്‍ നമ്മുടെ സ്വഭാവവും ഇടക്കിടേയുള്ള സല്‍ക്കര്‍മ്മങ്ങളും കൊണ്ടല്ല പിന്നെയോ തുടര്‍ച്ചയായ സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ടു തന്നെ വെളിപ്പെട്ടുവരും.KP 59.2

    ക്രിസ്തുവിന്‍റെ നവീകരണ ശക്തികൂടാതെ ചില മനുഷ്യര്‍ സ്വന്തം പരിശ്രമങ്ങളാല്‍ തങ്ങളുടെ ജീവിതത്തില്‍ ഒരു ബാഹ്യമായ മാറ്റം വരുത്താറുണ്ട്. സ്ഥാനമാറ്റങ്ങള്‍ക്കായുള്ള ആര്‍ത്തി ക്രമീകൃതമായ ഒരു ജീവിതം ഉളവാക്കിയേക്കാം. സ്വാഭിമാനം ചിലപ്പോള്‍ നമ്മെ ദോഷം വിട്ടകലുവാന്‍ ഇടയാക്കും. സ്വാര്‍ത്ഥത നിറഞ്ഞ ഹൃദയമുള്ള ഒരു മനുഷ്യന്‍ ഏതാനും ഉദാര കൃത്യങ്ങള്‍ ചെയ്തേക്കാം. അങ്ങനെയായാല്‍ നാം ആരുടെ പക്ഷത്താണെന്നു എങ്ങനെ മനസ്സിലാക്കാം?KP 60.1

    നമ്മുടെ ഹൃദയം ആര്‍ കരസ്ഥമാക്കിയിരിക്കുന്നു? നമ്മുടെ നിരൂപണങ്ങള്‍ ആരെപ്പറ്റിയാകുന്നു? ആരോടാണ് നാം സംഭാഷിപ്പാന്‍ ഇഷ്ടപ്പെടുന്നത്? നമ്മുടെ സ്നേഹ ബഹുമാനങ്ങളും ശക്തികളും കവര്‍ന്നെടുത്തിരിക്കുന്നത് ആരാകുന്നു? നാം ക്രിസ്തുവിന്നുള്ളവരാകുന്നുവെങ്കില്‍ നമ്മുടെ നിരൂപണങ്ങള്‍ അവനോടു ചേര്‍ന്നിരിക്കുകയും അവനെക്കുറിച്ചുള്ള ചിന്ത നമ്മുടെ പ്രമോദം ആയിരിക്കയും ചെയ്യും. നാമും നമ്മുടെ സര്‍വ്വസ്വവും അവന്നു പ്രതിഷ്ഠിതമല്ലോ. അതിനാല്‍ നാം അവന്‍റെ സാദൃശ്യം വഹിപ്പാനും അവന്‍റെ ആത്മാവിനെ വിശ്വസിപ്പാനും അവന്‍റെ ഇഷ്ടം ചെയ്‌വാനും എല്ലാ വിഷയത്തിലും അവനെ പ്രസാദിപ്പിപ്പാനും സദാ വാഞ്ചിക്കും.KP 60.2

    ക്രിസ്തുവില്‍ പുതു സൃഷ്ടികളായിത്തീരുന്നവരുടെ ജീവിതത്തില്‍ ആത്മാവിന്‍ ഫലമാകുന്ന “സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” (ഗല. 5:22,23) എന്നിവ തെളിഞ്ഞു വിളങ്ങുന്നതാണ്. അവന്‍ ചതിമോഹങ്ങളാല്‍ വഞ്ചിക്കപ്പെടുകയോ തങ്ങളുടെ മുമ്പിലത്തെ നടത്തിപ്പുപോലെ നടക്കുകയോ ചെയ്യാതെ ദൈവപുത്രങ്കലെ വിശ്വാസംമൂലം അവന്‍റെ കാല്‍ചുവടുകളെ അനുകരിക്കയും അവന്‍റെ സ്വഭാവഗുണങ്ങളെ പ്രതിബിംബിച്ചുകൊണ്ട് അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നീതികരിക്കുകയും ചെയ്യുന്നു. അവര്‍ പണ്ടുപകച്ചതിനെ ഇപ്പോള്‍ സ്നേഹിക്കുന്നു. അന്നു സ്നേഹിച്ചതിനെ ഇപ്പോള്‍ പകക്കുന്നു. ഗര്‍വ്വികളും തന്നിഷ്ടക്കാരും ആയിരുന്നവര്‍ താഴ്മയും ശാന്തശീലവും ഉള്ളവരായി തീരുന്നു. അഹങ്കാരികളും പൊങ്ങച്ചക്കാരുമായിരുന്നവര്‍ നല്ല ഘനശീലരും അച്ചടക്കമുള്ളവരും ആയി വരുന്നു. മദ്യപാനി സുബുദ്ധിയുള്ളവനും ദുര്‍ന്നടപ്പുക്കാരന്‍ വിശുദ്ധനുമായി മാറിപ്പോകുന്നു. ലൌകീകാലങ്കാരങ്ങളും വ്യര്‍ത്ഥമായ പഴക്കവഴക്കങ്ങളും അവര്‍ പാടെ പരിത്യജിക്കുന്നു. ക്രിസ്ത്യാനികളുടെ അലങ്കാരം പുറമെയുള്ളതല്ല. “സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയ ഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍” തന്നെ ആയിരിക്കേണം. (1 പത്രോ. 3:3, 4)KP 61.1

    ജീവിതനവീകരണം കൈവരുത്താത്ത മാനസാന്തരം യഥാര്‍ത്ഥമല്ല. താന്‍ വാങ്ങിയപണം മടക്കിക്കൊടുക്കുകയും അപഹരിച്ചമുതല്‍ തിരിച്ചുകൊടുക്കുകയും തന്‍റെ പാപം ഏറ്റുപറകയും ദൈവത്തേയും കൂട്ടുക്കാരനേയും സ്നേഹിക്കുകയും ചെയ്യുന്നു എങ്കില്‍ ഒരു പാപിക്കു താന്‍ മരണത്തില്‍നിന്നു ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു എന്ന് തീരുമാനിക്കാം.KP 61.2

    പാപികളും പിഴയാളികളുമായി നാം യേശുകര്‍ത്താവിന്‍റെ അടുക്കല്‍ചെന്ന് അവന്‍റെ പാപമോചന കൃപയ്ക്ക് ആംശികളായിത്തീരുന്നതോടുകൂടി നമ്മുടെ ഉള്ളില്‍ സ്നേഹ ഉറവകള്‍ പൊട്ടിപ്പുറപ്പെടുന്നു. അപ്പോള്‍ത്തന്നെ നമ്മുടെ ഭാരങ്ങള്‍ ലഘുവായിത്തീരുന്നു. കാരണം ക്രിസ്തു നമ്മുടെ മേല്‍വയ്ക്കുന്ന നുകം മൃദുവായതാകുന്നു. അപ്പോള്‍ നമ്മുടെ അകൃത്യങ്ങള്‍ നമ്മുക്ക് സന്തോഷകരവും നാം അനുഷ്ഠിക്കേണ്ടി വരുന്ന ത്യാഗം ആനന്ദപ്രദവുമായിരിക്കും. മുമ്പ് നമ്മുക്ക് ഇരുട്ടായി തോ ന്നിയിരുന്ന മാര്‍ഗ്ഗം ഇപ്പോള്‍ നീതിസൂര്യന്‍റെ പ്രഭാകിരണങ്ങളാല്‍ പ്രകാശിതമായിരിക്കും.KP 61.3

    ക്രിസ്തുവിന്‍റെ സ്വഭാവമാഹാത്മ്യം അവന്‍റെ അനുഗാമികളിലും കാണായ് വരും. പിതാവിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുന്നത്‌ അവന്‍റെ പ്രമോദമായിരുന്നു. ദൈവത്തോടുള്ള സ്നേഹം അവന്‍റെ മഹത്വത്തിനായുള്ള തീഷ്ണത ഇവ രണ്ടുമാണ് നമ്മുടെ രക്ഷിതാവിന്‍റെ ജീവിതത്തെ നിയന്ത്രിച്ചത്. സ്നേഹം അവന്‍റെ സകലപ്രവര്‍ത്തികളേയും അലങ്കരിച്ചു മഹത്വപ്പെടുത്തി. സ്നേഹം ദൈവത്തില്‍ നിന്നുള്ളതാകുന്നു. പ്രതിഷ്ഠിക്കപ്പെടാത്ത ഹൃദയത്തിന്നു അത് ഉല്പാദിപ്പിപ്പാന്‍ കഴികയില്ല. യേശുകര്‍ത്താവ് അധിവസിക്കുന്ന ഹൃദയത്തില്‍ മാത്രമെ അത് കാണപ്പെടുകയുള്ളു. “അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹ. 4:19) സ്നേഹം ദിവ്യകൃപയാല്‍ നവമാക്കപ്പെട്ട ആത്മാവിന്‍റെ സകലപ്രവര്‍ത്തികള്‍ക്കും ആധാരമായിരിക്കും. അത് സ്വഭാവത്തെ പരിഷ്ക്കരിക്കുകയും വികാരങ്ങളെ ഭരിക്കയും അഭിലാഷങ്ങളെ നിയന്ത്രിക്കുകയും ശത്രുതയെ ജയിച്ചടക്കുകയും അഭിവാഞ്ജകളെ ജയിച്ചടക്കുകയും ചെയ്യുന്നു. ഇങ്ങനെ ഹൃദയത്തില്‍ സൂക്ഷിച്ചുപോരുന്ന ഈ സ്നേഹജീവിതത്തെ മാധുര്യമുള്ളതാക്കിത്തീര്‍ക്കുകയും ചുറ്റുപാടും ഒരു ഗുണീകരണ ശക്തി പരത്തുകയും ചെയ്യുന്നു.KP 62.1

    ദൈവമക്കള്‍-വിശേഷാല്‍ നൂതനമായി അവന്‍റെ കൃപയെ ആശ്രയിച്ചു തുടങ്ങിയവര്‍ തന്നെ-കുടുങ്ങിപ്പോകാന്‍ പാടില്ലാത്ത രണ്ടു അബദ്ധങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാമത്തേതു മേല്‍പ്രസ്‌താവിച്ച പ്രകാരം, ദൈവത്തോടുള്ള നിരപ്പു സമ്പാദിക്കുവാന്‍ തങ്ങളുടെ സ്വന്ത പ്രവൃത്തികളില്‍ ആശ്രയിക്കുക എന്നതാണ്. സ്വന്തശ്രമത്താല്‍ ന്യായപ്രമാണം അനുസരിച്ചു വിശുദ്ധീകരണം പ്രാപിപ്പാന്‍ ആഗ്രഹിക്കുന്നവന്‍ അതിന്നുവേണ്ടി കഴിക്കുന്ന പ്രയത്നം വ്യര്‍ത്ഥമത്രെ. കാരണം അത് ഒരു കാലത്തും സാദ്ധ്യമല്ല. ക്രിസ്തുവിനെക്കൂടാതുള്ള മനുഷ്യന്‍റെ പ്രവൃത്തികളെല്ലാം സ്വാര്‍ത്ഥതയും പാപവും കൊണ്ട് മലിനമാകുന്നു. ക്രിസ്തുവിന്‍റെ കൃപയ്ക്കു മാത്രമെ വിശ്വാസംമൂലം നമ്മെ ശുദ്ധരാക്കുവാന്‍ കഴികയുള്ളു.KP 62.2

    രണ്ടാമത്തെ അബദ്ധം ഒന്നാമത്തേതിനോടു ഘടകവിരുദ്ധവും കൂടുതല്‍ ആപല്ക്കരവുമാകുന്നു. അത് യേശു ക്രിസ്തുവിലുള്ള വിശ്വാസംമൂലം നാം ദൈവകല്പനാനുസരണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരി ക്കുന്നു എന്നും അതിനാല്‍ മോക്ഷ പ്രാപ്തിക്കു വിശ്വാസം മാത്രമല്ലാതെ പ്രവൃത്തികള്‍ ആവശ്യമില്ലെന്നുമുള്ള ധാരണയും ഉപദേശവും തന്നെ.KP 62.3

    എന്നാല്‍ അനുസരണമെന്നത് വെറും ബാഹ്യമായ പ്രവൃത്തിയല്ല. പ്രത്യുത അത് സ്നേഹനിര്‍ഭരമായ ശുശ്രൂഷയാകുന്നു. ദൈവീക ന്യായപ്രമാണം അഥവാ ദൈവകല്പനയെന്നത് അവന്‍റെ പ്രകൃതിയുടെ വെളിപ്പാടാകുന്നു. ദിവ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ആ കല്പനകള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൈവത്തിന്‍റെ ആധിപത്യാടിസ്ഥാനമാകുന്നു. ദൈവസാദൃശ്യത്തില്‍ നമ്മുടെ ഹൃദയം പുതുക്കപ്പെടുകയും അതിന്‍റെ അന്തര്‍ഭാഗത്ത് ദൈവസ്നേഹം സ്ഥാപിതമാകുകയും ചെയ്‌താല്‍ നാം ദിവ്യന്യായപ്രമാണത്തിലെ ആജ്ഞകള്‍ അനുസരിക്കാതിരിക്കുമോ? സ്നേഹത്തിന്‍റെ പ്രമാണം ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ ഉള്‍നടപ്പെടുകയും തന്നെ സൃഷ്ടിച്ചവന്‍റെ സാദൃശ്യത്തിന്നനുസാരമായി അവന്‍ പുതുക്കപ്പെടുകയും ചെയ്യുമ്പോള്‍; “എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും” (എബ്രാ. 10:16) എന്ന പുതിയനിയമ വാഗ്ദത്തം അവരില്‍ നിവൃത്തിയായി വരും. ന്യായപ്രമാണം അവരുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെങ്കില്‍ അത് അവരുടെ മുന്‍നടപ്പുകളെ ഭേദപ്പെടുത്താതിരിക്കുമോ? സ്നേഹത്തിന്‍റെ ശുശ്രൂഷയും അതുകൊണ്ടുള്ള സഖ്യതയുമായിരിക്കുന്ന അനുസരണമാണ് ശിഷ്യത്വത്തിന്‍റെ യഥാര്‍ത്ഥ അടയാളം. തിരുവെഴുത്തുകള്‍ ഇപ്രകാരം പറയുന്നു:- “അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം.” “അവനെ അറിഞ്ഞിരിക്കുന്നു എന്ന് പറകയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു; സത്യം അവനില്‍ ഇല്ല.” (1 യോഹ. 5:3,4) അതിനാല്‍ ക്രിസ്തുവിലെ വിശ്വാസം നമ്മെ ന്യായപ്രമാണാനുസരണത്തില്‍ നിന്ന് ഒഴിവാക്കുന്നതിനു (സ്വതന്ത്രരാക്കുന്നതിനു) പകരം അവയെ അനുസരിപ്പാന്‍ നമ്മെ പ്രാപ്തരാക്കുന്ന ദൈവകൃപ നമ്മുക്ക് പകര്‍ന്നുതരികയാണ് ചെയ്യുന്നത്.KP 63.1

    നമ്മുടെ അനുസരണം കൊണ്ടല്ല നാം രക്ഷ പ്രാപിക്കുന്നത്. രക്ഷയെന്നത് വിശ്വാസംമൂലം ദൈവത്തിന്‍റെ സൌജന്യദാനമത്രെ. എന്നാല്‍ അനുസരണം എന്നതോ വിശ്വാസത്തിന്‍റെ ഫലമാകുന്നു. “പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്ന് നിങ്ങള്‍ അ റിയുന്നു; അവനില്‍ പാപം ഇല്ല, അവനില്‍ വിശ്വസിക്കുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.” (1 യോഹ. 3:5,6) ഇതത്രെ ശിഷ്യത്വത്തിന്‍റെ യഥാര്‍ത്ഥശോധന. നാം ക്രിസ്തുവില്‍ വസിക്കുകയും ദൈവസ്നേഹം നമ്മില്‍ സ്ഥിതിചെയ്യുകയും ചെയ്യുന്നു എങ്കില്‍ നമ്മുടെ അനുഭവങ്ങളും വിചാരങ്ങളും ക്രിയകളുമെല്ലാം ദൈവത്തിന്‍റെ ന്യായപ്രമാണം വെളിവാക്കുന്ന അവന്‍റെ തിരുഹിതത്തിനു അനുയോജ്യമായിരിക്കും. “കുഞ്ഞുങ്ങളെ ആരും നിങ്ങളെ തെറ്റിക്കരുത്; അവന്‍ നീതിമാനായിരിക്കുന്നത് പോലെ നീതി ചെയ്യുന്നവന്‍ നീതിമാന്‍ ആകുന്നു.” (1 യോഹ. 3:7) സീനായ് പര്‍വ്വതത്തില്‍ വച്ചുകൊടുക്കപ്പെട്ട ദശവാക്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ദിവ്യപ്രമാണങ്ങളുടെ അനുസരണമാണ് നീതി.KP 63.2

    ദൈവത്തെ അനുസരിക്കുന്നതിനുള്ള ചുമതലയില്‍നിന്ന് മനുഷ്യരെ ഒഴിവാക്കുന്ന വിശ്വാസം സാക്ഷാല്‍ വിശ്വാസമല്ല. പിന്നെയോ വെറും തോന്നിയവാസമാണ്. “കൃപയാലല്ലോ നിങ്ങള്‍ വി ശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്.” (എഫെ 2:8) എന്നാല്‍ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ “സ്വതവെ നിര്‍ജ്ജീവമാകുന്നു.” (യാക്കോ. 2:17) ഈ ലോകത്തിലേക്ക് വരുന്നതിന് മുമ്പ് യേശു തന്നെക്കുറിച്ചു തന്നെ “എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാന്‍ ഞാന്‍ പ്രിയപ്പെടുന്നു. നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളില്‍ ഇരിക്കുന്നു” (സങ്കീ. 40:8) എന്ന് പറഞ്ഞിരിക്കുന്നു. അതിനാല്‍ പിന്നെ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങിപ്പോകുന്നതിനു അല്പം മുമ്പായി “ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പ്രമാണിച്ചു അവന്‍റെ സ്നേഹത്തില്‍ വസിക്കുന്നു” (യോഹ. 15:10) എന്ന് പ്രസ്താവിച്ചു. ആ മാതൃക അനുസരിച്ചു ക്രിസ്ത്യാനികളും ദൈവത്തിന്‍റെ കല്പന അനുസരിപ്പാന്‍ കടപ്പെട്ടിരിക്കുന്നുവെന്നു തിരുവെഴുത്തുകള്‍ പിന്‍വരുമാറു തെളിയിക്കുന്നു:- “അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാല്‍ അറിയുന്നു............അവനില്‍ വസിക്കുന്നു എന്ന് പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.” (1 യോഹ. 2:3-6) “ക്രിസ്തുവും നിങ്ങള്‍ക്കുവേണ്ടി കഷ്ടം അനുഭവിച്ചു നിങ്ങള്‍ അവന്‍റെ കാല്‍ചുവടു പിന്തുടരുവാന്‍ ഒരു മാതൃകവെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രോ. 2:21)KP 64.1

    നിത്യജീവന്‍ പ്രാപിപ്പാനുള്ള ആദ്യവ്യവസ്ഥ ഇന്നും നിലവിലിരിക്കുന്നുണ്ട്. അതെ നമ്മുടെ ആദ്യ മാതാപിതാക്കന്മാര്‍ പിഴക്കുന്നതിനുമുമ്പ് പരദീസായില്‍ വച്ചു നല്കപ്പെട്ട അതെ വ്യവസ്ഥ തന്നെയാണ് ഇന്നും ഉള്ളത്. ആ വ്യവസ്ഥ ദൈവകല്പനയുടെ പൂര്‍ണ്ണമായ അനുസരണം അഥവാ പരിപൂര്‍ണ്ണ നീതി പാലിക്കുക എന്നുള്ളത് തന്നെ. നിത്യജീവലബ്ധിക്കുള്ള ഈ വ്യവസ്ഥയില്‍ അല്പമെങ്കിലും അയവു വരുത്തിയിരുന്നുവെങ്കില്‍ അത് അഖില ലോകങ്ങള്‍ക്കും നാശഹേതുകമായിരുന്നു. കാരണം, ദൈവത്തിന്‍റെ ദശ വാക്യപ്രമാണം അഖില ലോകങ്ങള്‍ക്കുമായുള്ളതാകയാല്‍ അതിന്‍റെ അനുസരണത്തില്‍ വരുത്തുന്ന അയവു അഖില ലോകവാസികള്‍ക്കും ആ പ്രമാണം ലംഘിപ്പാനുള്ള സ്വാതന്ത്ര്യം നല്കുകയും തദ്വാരാ അഖിലലോകങ്ങളും പാപത്തിലാണ്ടുപോകയും ചെയ്യുമായിരുന്നു. അങ്ങനെ പാപം അതിന്‍റെ സകല വിധമായ കഷ്ടാരിഷ്ടതകളോടുകൂടി ശാശ്വതീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു.KP 65.1

    ആദാമിന്നു അവന്‍റെ വീഴ്ചയ്ക്കു മുമ്പ് ദൈവകല്പനാനുസരണം മൂലം നീതിപൂര്‍വ്വകമായ ഒരു സ്വഭാവം രൂപീകരിച്ചുകൊള്ളാമായിരുന്നു. എന്നാല്‍ അവന്‍ അത് ചെയ്തില്ല. അവന്‍ കല്പന ലംഘിച്ചു പാപം ചെയ്തു. തന്മൂലം നാമും പാപസ്വഭാവമുള്ളവരായിത്തീര്‍ന്നു. നമ്മുക്ക് നമ്മെത്തന്നെ നീതിമാന്മാരാക്കുവാന്‍ കഴികയുമില്ല. നാം പാപികളും അശുദ്ധരുമാകയാല്‍ ഒരു വിശുദ്ധ പ്രമാണത്തെ പൂര്‍ണ്ണമായി അനുസരിപ്പാനും കഴിയുന്നില്ല. ദൈവകല്പനയുടെ ആവശ്യങ്ങളെ നിറവേറ്റുവാന്‍ നമ്മുക്ക് സ്വന്തമായ ഒരു നീതിയില്ലല്ലോ. എന്നാല്‍ ക്രിസ്തു നമ്മുക്ക് ഒരു പോം വഴി സമ്പാദിച്ചു തന്നിരിക്കുന്നു. അവന്‍ ഈ ലോകത്തില്‍ നമ്മെപ്പോലെ സകലവിധ കഷ്ടാരിഷ്ടതകള്‍ക്കും പരീക്ഷകള്‍ക്കും വിധേയനായി ജീവിച്ചു എങ്കിലും അവന്‍റെ ജീവിതം പരിപൂര്‍ണ്ണമായും പാപരഹിതമായിരുന്നു. അവന്‍ നമ്മുക്ക് വേണ്ടി മരിച്ചു. ഇപ്പോഴൊ നമ്മുടെ പാപങ്ങളെ ഏറ്റുകൊണ്ട് അവന്‍റെ നീതി നമ്മുക്ക് പകര്‍ന്നുതരാമെന്നു അവന്‍ വാഗ്ദാനം ചെയ്യുന്നു. നിന്നെത്തന്നെ അവന്നു ഏല്പിച്ചു അവനെ നിന്‍റെ രക്ഷിതാവായി അംഗീകരിക്കുന്നതായാല്‍ നിന്‍റെ ജീവിതം പാപസമ്പൂര്‍ണ്ണമായിരുന്നിട്ടുള്ളതാണെങ്കിലും അവന്‍റെ നിമിത്തം നീ നീതിമാനെന്നു എണ്ണപ്പെടുന്നു. ക്രിസ്തുവിന്‍റെ സ്വഭാവം നിന്‍റെ സ്വഭാവത്തിന്നു പകരം നില്‍ക്കുന്നതിനാല്‍ ദൈവം നിന്നെ ഒരു പാപവും ചെയ്യാത്തവനെന്നപ്പോലെ അംഗീകരിക്കുന്നു.KP 66.1

    ഇതുകൂടാതെ ക്രിസ്തു നിന്‍റെ ഹൃദയത്തെ മാറ്റുകയും ചെയ്യുന്നു. അവന്‍ വിശ്വാസംമൂലം നിന്‍റെ ഹൃദയത്തില്‍ അധിവസിക്കുന്നു. വിശ്വാസത്താലും ദിനംപ്രതി നിന്‍റെ ഇഷ്ടത്തെ അവന്നു കീഴ്‌പ്പെടുത്തി കൊടുക്കുന്നതിനാലും നീ ക്രിസ്തുവിനോടുള്ള ഈ ബന്ധം നിലനിര്‍ത്തിക്കൊള്ളണം. ഇത് നീ ചെയ്യുന്ന കാലത്തോളം അവന്‍ “ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും എന്നില്‍ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കും.” അപ്പോള്‍ നിനക്ക് “ഇപ്പോള്‍ ഞാന്‍ ജഢത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്ക് വേണ്ടി തന്നത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത് (ഗലാ. 2:20) എന്ന് സാക്ഷിപ്പാന്‍ കഴിയും. തന്നിമിത്തമാണ് യേശു തന്‍റെ ശിഷ്യന്മാരോടു:- “പറയുന്നത് നിങ്ങളല്ല നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്‍റെ ആത്മാ വത്രേ” വന്നു പറഞ്ഞിരിക്കുന്നത്. ഇപ്രകാരം ക്രിസ്തു നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാല്‍ നിങ്ങള്‍ അതെ ആത്മാവിനെ പ്രകടിപ്പിക്കുകയും അതെ പ്രവൃത്തികള്‍ അതായത് അനുസരണം എന്ന നീതി പ്രവൃത്തികള്‍ തന്നെ ചെയ്യുകയും ചെയ്യും.KP 66.2

    ഇങ്ങനെ പ്രശംസാര്‍ഹമായി നമ്മില്‍ തന്നെ യാതൊന്നുമില്ല എന്ന് നാം ഗ്രഹിക്കുന്നു. തന്നത്താന്‍ ഉയര്‍ത്തുവാനും നമ്മിലൊന്നുമില്ല. നമ്മുടെ പ്രത്യാശയ്ക്കുള്ള ഏക ആധാരം നമ്മുക്ക് പകര്‍ന്നു തന്ന ക്രിസ്തുവിന്‍റെ നീതിയും നമ്മിലും നമ്മില്‍കൂടിയും നടത്തപ്പെടുന്ന അവന്‍റെ ആത്മാവിന്‍റെ പ്രവര്‍ത്തനവുമാകുന്നു.KP 67.1

    വിശ്വാസത്തെക്കുറിച്ചു നാം സംസാരിക്കുമ്പോള്‍ മനസ്സില്‍ ഓര്‍ത്തുകൊള്ളേണ്ട ഒരു പ്രത്യേകതയുണ്ട്. സാക്ഷാല്‍ വിശ്വാസത്തില്‍ നിന്ന് വ്യതസ്തമായ ഒരു തരം വിശ്വാസമുണ്ട്. ദൈവത്തിന്‍റെ ആസ്തിക്യം അവന്‍റെ ദിവ്യശക്തി, വചനത്തിന്‍റെ യാഥാര്‍ത്ഥ്യം ഇവയെല്ലാം സാത്താനും അവന്‍റെ സൈന്യത്തിനും മറുത്തു പറവാന്‍ കഴിയാത്ത സത്യങ്ങള്‍ ആകുന്നു. “പിശാചുക്കളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” (യാക്കോ. 2:19) എന്ന് വേദപുസ്തകത്തിലും പറയപ്പെട്ടിരിക്കുന്നുവല്ലൊ. എന്നാല്‍ അത് യഥാര്‍ത്ഥ വിശ്വാസം അല്ല. പ്രത്യുത യഥാര്‍ത്ഥ സംഗതികളെക്കുറിച്ചുള്ള ഒരു സമ്മതം മാത്രമാണ്. ഇങ്ങനെ ദൈവവചനത്തിന്‍റെ യഥാര്‍ത്ഥങ്ങളെ സമ്മതിക്കുക മാത്രമല്ല മുഴുമനസ്സും അവന്‍റെ തിരുഹിതത്തിന്നു അധീനമാക്കി കൊടുക്കുകയും ഹൃദയം അവനില്‍ സമര്‍പ്പിച്ചിട്ടു അതിന്‍റെ വാഞ്ചകള്‍ അവനില്‍ ഉറപ്പിക്കുകയും ചെയ്യുന്നതാണ് സ്നേഹത്താല്‍ വ്യാപരിച്ചിട്ട് ആത്മാവിനെ നിര്‍മ്മലീകരിക്കുവാന്‍ പര്യാപ്തവുമായ സത്യവിശ്വാസം. ഈ വിശ്വാസംമൂലം ഹൃദയം ദൈവസാദൃശ്യത്തില്‍ പുതുക്കപ്പെടുന്നു. ഇങ്ങനെ പുതുക്കം പ്രാപിക്കാത്ത നിലയില്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്‌പ്പെടാതിരുന്നതും കീഴ്‌പ്പെടാന്‍ കഴിയാത്തതുമായ ഹൃദയം ഇപ്പോള്‍ അതില്‍ രസിക്കയും സങ്കീര്‍ത്തനക്കാരനോടൊന്നിച്ചു “നിന്‍റെ ന്യായപ്രമാണം എനിക്ക് എത്രയോപ്രിയം ഇടവിടാതെ അത് എന്‍റെ ധ്യാനമാകുന്നു” (സങ്കീ. 119:97) എന്ന് ഏറ്റു പറഞ്ഞു കൊണ്ട് അതനുസരിക്കയും ചെയ്യുന്നു. ഇങ്ങനെ ജഡത്തെയല്ല ആത്മാവിനെ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകുന്നു.” (റോമ. 8:4) ക്രിസ്തുവിന്‍റെ പാപവിമോചന സ്നേഹം ആസ്വദിച്ചറികയും ദൈവമക്കളായിത്തീരുവാന്‍ വാസ്തവമായി ആഗ്രഹിക്കുകയും ചെയ്യുന്ന പലരും തങ്ങളുടെ സ്വഭാവം അപൂര്‍ണ്ണവും ജീവിതം കൂറുള്ളതുമാണെന്ന് ചിന്തിച്ചുകൊണ്ട് തങ്ങളുടെ ഹൃദയം വിശുദ്ധാത്മാവിനാല്‍ പുതുക്കപ്പെട്ടുവോ ഇല്ലയോ എന്ന് സംശയിക്കുന്നു. അങ്ങനെയുള്ളവരോട്: നിങ്ങള്‍ നിരാശപ്പെട്ടു പിന്മാറിപ്പോകരുതെ, എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കുറ്റങ്ങളും കുറവുകളും നിമിത്തം നാം കൂടക്കൂടെ കര്‍ത്താവിന്‍റെ തൃപ്പാദത്തിങ്കല്‍ ചെന്ന് തലകുനിച്ചു വിലപിക്കേണ്ടിവരും; എങ്കിലും നാം അധൈര്യപ്പെട്ടുകൂടാ. ശത്രുചിലപ്പോള്‍ നമ്മുടെ മേല്‍ ജയം പ്രാപിച്ചാലും ദൈവം നമ്മെ എന്നേക്കുമായി തള്ളിക്കളകയൊ, ഉപേക്ഷിക്കയൊ ചെയ്കയില്ല. ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്തു നിന്നുകൊണ്ട് നമ്മുക്കുവേണ്ടി മാദ്ധ്യസ്ഥം ചെയ്യുന്നുവല്ലൊ. അവന്‍റെ പ്രിയശിഷ്യനായ യോഹന്നാന്‍ പറയുന്നത്:- “നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇത് നിങ്ങള്‍ക്ക് എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലൊ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമ്മുക്ക് പിതാവിന്‍റെ അടുക്കല്‍ ഉണ്ട്” (1 യോഹ. 2:1) “പിതാവ് താനും നിങ്ങളെ സ്നേഹിക്കുന്നു” (യോഹ. 16:27) എന്ന് യേശു കര്‍ത്താവ് പറയുന്നതും മറന്നുപോകരുത്. അവന്‍ നിന്നെ തന്‍റെ അടുക്കല്‍ വീണ്ടും ചേര്‍ത്തുകൊള്ളുവാനും തന്‍റെ വിശുദ്ധിയും നീതിയും നിന്നില്‍ പ്രതിബിംബിച്ചു കാണേണ്ടതിന്നും അവന്‍ വാഞ്ചിക്കുന്നു. നീ നിന്നെത്തന്നെ അവന്നു കീഴ്‌പ്പെടുത്തിക്കൊടുക്കുമെങ്കില്‍ നിന്നില്‍ ഒരു നല്ല പ്രവൃത്തി ആരംഭിച്ചവന്‍ ക്രിസ്തുവിന്‍റെ നാളോളം അതിനെ തുടര്‍ന്നുകൊണ്ടുപോകും. കൂടുതല്‍ ശുഷ്‌കാന്തിയോടെ പ്രാര്‍ത്ഥിക്കുക; അധികം പൂര്‍ണ്ണമായി വിശ്വസിക്കുക. നമ്മുടെ സ്വന്ത ശക്തിയില്‍ ആശ്രയിക്കാതെ നമ്മുടെ വീണ്ടെപ്പുകാരന്‍റെ ശക്തിയില്‍ ആശ്രയിക്കാം. അപ്പോള്‍ നമ്മുടെ മുഖപ്രകാശകരക്ഷയാകുന്ന ദൈവത്തെ നമ്മുക്ക് സ്തുതിക്കാം.KP 67.2

    നീ യേശുവോടു സമീപിക്കുന്തോറും നിന്‍റെ തെറ്റുകള്‍ നിനക്ക് അധികം തെളിവായി ബോധ്യമാകും. നിന്‍റെ ഹൃദയകണ്ണുകള്‍ക്ക്‌ നല്ല കാഴ്ച ലഭിക്കുന്നതുകൊണ്ട് അവന്‍റെ തികഞ്ഞ സ്വഭാവത്തിന്മുമ്പില്‍ നിന്‍റെ കുറവുകളും ലംഘനങ്ങളും എത്രയും സ്പഷ്ടമായി കാണായിവരും. ഇത് നിന്നെ കുടുക്കിലാക്കിയിരിക്കുന്ന സാത്താന്‍റെ വഞ്ചനകളുടെ ശക്തി ക്ഷയിച്ചു പോയിരിക്കുന്നു എന്നും ദൈവാത്മാവിന്‍റെ ജീവസംദായ ശക്തി നിന്നില്‍ വ്യാപിക്കുന്നു എന്നും ഉള്ള വസ്തുതയ്ക്കു തക്ക തെളിവത്രെ. തന്‍റെ പാപസ്ഥിതിയെ സൂക്ഷ്മമായി കണ്ടറിയാത്ത ഒരുവന്‍റെ ഹൃദയത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹം ഗാഢമായി നിലനില്ക്കയില്ല. ക്രിസ്തുവിന്‍റെ കൃപയാല്‍ രൂപാന്തരം പ്രാപിച്ചിട്ടുള്ള ഒരു ദേഹി അവന്‍റെ ദിവ്യ സ്വഭാവത്തെ ഗ്ലാഘികാതിരിക്കയില്ല. എന്നാല്‍ അതോടൊപ്പം നമ്മുടെ സ്വന്ത സാന്മാര്‍ഗ്ഗിക വൈരൂപ്യവും നാം സ്പഷ്ടമായി കാണുന്നില്ലെങ്കില്‍ ക്രിസ്തുവിന്‍റെ മനോഹരത്വവും മഹത്വവും നാം ഉള്ളപ്രകാരം ദര്‍ശിച്ചിട്ടില്ല എന്നുള്ളത് തീര്‍ച്ചതന്നെ.KP 68.1

    നമ്മില്‍ വിലമതിക്കത്തക്കത് യാതൊന്നും ഇല്ലെന്നു നാം ഉണരുന്തോറും നമ്മുടെ രക്ഷകന്‍റെ വിശുദ്ധിയെയും സൌന്ദര്യത്തെയും നാം അധികമധികം വിലമതിക്കും. നമ്മുടെ പാപാവസ്ഥ നമ്മുക്ക് ബോദ്ധ്യമാകുമ്പോള്‍ ആ ബോധം നമ്മെ പാപം മോചിപ്പാന്‍ കഴിവുള്ള അവങ്കലേക്ക് നടത്താതിരിക്കയില്ല. ഒരു ദേഹി അതിന്‍റെ നിസ്സഹായാവസ്ഥകണ്ടുണര്‍ന്നു സഹായത്തിന്നും കൃപയ്ക്കുമായി യേശുവിന്‍റെ അടുക്കല്‍ അഭയം പ്രാപിക്കുമ്പോള്‍ അവന്‍ മഹാശക്തിയോടുകൂടി ആ വ്യക്തിക്കുതന്നത്താന്‍ വെളിപ്പെടുത്തും. നമ്മുടെ ആവശ്യബോധം നമ്മെ അവങ്കലേക്കും ദൈവവചനത്തിലേക്കും അധികം ആട്ടി ഓടിക്കുന്തോറും അവന്‍റെ സ്വഭാവത്തെക്കുറിച്ചും അധികമധികം ഉന്നതമായ കാഴ്ച നമ്മുക്ക് ലഭിക്കുകയും അവന്‍റെ സാദൃശ്യം നമ്മില്‍ അധികമധികം തെളിവായി പ്രതിഫലിച്ചു കാണപ്പെടുകയും ചെയ്യുന്നതാണ്.KP 69.1

    * * * * *