Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 11—പ്രാര്‍ത്ഥന എന്ന അവകാശം

    പ്രകൃതി, തിരുവെഴുത്തുകള്‍, തന്‍റെ നിത്യപരിപാലനം, പരിശുദ്ധാത്മപ്രബോധനം ആദിയായവയില്‍കൂടി ദൈവം നമ്മോടു സംസാരിക്കുന്നു. എന്നാല്‍ അതുപോരാ നമ്മുടെ ഹൃദയത്തെ അവന്നു പകര്‍ന്നുകൊടുക്കണം. നമ്മില്‍ ആത്മജീവനും ചൈതന്യവുമുണ്ടാകണമെങ്കില്‍ നാം നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവിനോടു സമ്പര്‍ക്കം പുലര്‍ത്തണം. നമ്മുടെ മനസ്സു അവങ്കലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടായിരിക്കാം; നാം അവന്‍റെ ക്രിയകളെയും കരുണകളെയും അനുഗ്രഹങ്ങളേയുംകുറിച്ചു സദാ ധ്യാനിച്ചേക്കാം; എന്നാല്‍ ഇവയൊന്നുകൊണ്ടും അവനോടുള്ള കൂട്ടായ്മ പൂര്‍ത്തിയാകുകയില്ല. അത് പൂര്‍ത്തിയാകണമെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചു നാം അവനോടു എന്തെങ്കിലും സംസാരിക്കണം.KP 97.2

    പ്രാര്‍ത്ഥന എന്നത് നമ്മുടെ ഹൃദയത്തെ ഒരു ചങ്ങാതിക്കെന്നപോലെ, ദൈവത്തിന്നു തുറന്നു കാട്ടുന്നതാകുന്നു. ഇത് നാം എങ്ങനെയുള്ളവരാകുന്നു എന്ന് ദൈവത്തെ അറിയിപ്പാനല്ല പിന്നെയോ അ വനെ കൈക്കൊള്ളുവാന്‍ നമ്മെ പ്രാപ്തിയുള്ളവരാക്കുവാനാണ് അത് ആവശ്യമായിരിക്കുന്നത്. പ്രാര്‍ത്ഥന ദൈവത്തെ നമ്മുടെ അടുക്കലേക്ക് വലിച്ചിറക്കാതെ നമ്മെ അവന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നതു.KP 97.3

    യേശു ഈ ഭൂമിയിലുണ്ടായിരുന്നപ്പോള്‍ എങ്ങിനെ പ്രാര്‍ത്ഥിക്കണം എന്ന് തന്‍റെ ഐഹികജീവിതകാലത്ത് ശിഷ്യരെ പഠിപ്പിച്ചു. തങ്ങളുടെ ദിനം പ്രതിയുള്ള ആവശ്യങ്ങളെ ദൈവത്തോട് അറിയിപ്പാനും ചിന്താഭാരങ്ങളെ അവന്‍റെമേല്‍ ഇട്ടുകൊള്ളുവാനും അവന്‍ അവരെ ഉപദേശിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടും എന്നതിനു കര്‍ത്താവ് അവര്‍ക്ക്‌ നല്കിയ ഉറപ്പു നമ്മുക്ക് കൂടി ഉള്ളതാകുന്നു.KP 98.1

    യേശു മനുഷ്യരുടെ ഇടയില്‍ അധിവസിച്ചിരുന്ന കാലത്തുമിക്ക ദിവസങ്ങളും പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു. നമ്മുടെ രക്ഷിതാവ് നമ്മുടെ ആവശ്യകതകളോടും ബലഹീനതയോടും ഏകീഭവിച്ചുകൊണ്ട് തന്‍റെ കൃത്യനിര്‍വ്വഹണത്തിലും പരീക്ഷാവിജയത്തിനും വേണ്ടി തനിക്കാവശ്യമുള്ള പുതുശക്തി പിതാവില്‍നിന്ന് അപേക്ഷിച്ചു വാങ്ങുന്നതില്‍ അവന്‍ ഒരു യാചകനും ഹര്‍ജ്ജിക്കാരനുമായിത്തീര്‍ന്നു. അവന്‍ സര്‍വ്വകാര്യങ്ങളിലും നമ്മുടെ ഉത്തമ ദൃഷ്ടാന്തമാകുന്നു. “സര്‍വ്വത്തിലും നമ്മുക്കുതുല്യമായി പരീക്ഷിക്കപ്പെട്ടവന്‍” ആകയാല്‍ അവന്‍ നമ്മുടെ ബലഹീനതകളില്‍ നമ്മുക്ക് തുണനില്പാന്‍ കഴിവുള്ള സഹോദരന്‍ ആയി എങ്കിലും പാപരഹിതന്‍ എന്ന നിലയില്‍ അവന്‍റെ പ്രകൃതിപാപത്തോടു വെറുപ്പുള്ളതായിരുന്നു. അത് കൊണ്ട് പാപസംമ്പൂര്‍ണ്ണമായ ഈ ലോകത്തില്‍ അവന്‍ ആത്മാവില്‍ വലിയപോരാട്ടവും പീഡയും അനുഭവിക്കേണ്ടിവന്നു. അവന്‍റെ മനുഷ്യത്വം പ്രാര്‍ത്ഥനയെ ഒരു ആവശ്യകതയും അവകാശവും ആക്കിത്തീര്‍ത്തു. തന്‍റെ പിതാവിനോടുള്ള സംസര്‍ഗ്ഗത്തില്‍ അവന്‍ ആനന്ദവും ആശ്വാസവും കണ്ടെത്തിയിരുന്നു. ഇങ്ങനെ ദൈവപുത്രനും നരകുല രക്ഷിതാവുമായവന്നു പ്രാര്‍ത്ഥന ആവശ്യമായിരുന്നെങ്കില്‍ ബലഹീനരും പാപസമ്പൂര്‍ണ്ണരുമായ നമ്മുക്ക് അതെത്ര അധികം ആവശ്യമാണെന്നു ചിന്തിക്കുക.KP 98.2

    തന്‍റെ അനുഗ്രഹങ്ങളുടെ നിറവു നമ്മുടെ മേല്‍ വര്‍ഷിക്കേണ്ടതിന്നു നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവു കാത്തുകൊണ്ടിരിക്കുന്നു. ആ സീമയറ്റ സ്നേഹകൂപത്തില്‍ നിന്ന് പ്രാര്‍ത്ഥനമൂലം ധാരാളം കോരിക്കുടി ക്കുന്നതിനുള്ള അവകാശം നമ്മുക്കുണ്ട്. എന്നാല്‍ നാം വളരെ അപൂര്‍വ്വമായിട്ടു മാത്രമല്ലേ അത് ചെയ്യുന്നുള്ളു. തന്‍റെ മക്കളില്‍ ഏറ്റവും പാവപ്പെട്ടവരുടെ ഹൃദയപൂര്‍വ്വകമായ പ്രാര്‍ത്ഥനകേള്‍ക്കുവാന്‍ ദൈവം സദാ ഒരുക്കമുള്ളവനായിരിക്കുന്നു. നാം എങ്കിലും നമ്മുടെ ആവശ്യങ്ങളെ അവനോടു അറിയിക്കുന്നതില്‍ വളരെ വിമുഖത കാണിക്കുന്നു. അപാരമായ സ്നേഹത്താല്‍ സമ്പൂര്‍ണ്ണമായിരിക്കുന്ന ദൈവഹൃദയം നിസ്സഹായരും നാനാപരീക്ഷകള്‍ക്കധീനരായി നട്ടം തിരിയുന്നവരുമായ മാനുഷ ജീവികളെക്കുറിച്ചുള്ള അഭിവാഞ്ചനിമിത്തം അവര്‍ അവര്‍ക്കുചോദിക്കുന്നതിലും നിനക്കുന്നതിലുംപരമായ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊടുപ്പാന്‍ സദാ ഒരുങ്ങിയിരിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് അവര്‍ ഇത്രകുറച്ചുമാത്രം പ്രാര്‍ത്ഥിക്കയും വിശ്വസിക്കയും ചെയ്യുന്നെങ്കില്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ അവരെക്കുറിച്ചു എന്ത് വിചാരിക്കും? ദൈവദൂതന്മാര്‍ അവനെ നമസ്ക്കരിപ്പാനും അവനോടു അടുത്തു ജീവിപ്പാനും ആഗ്രഹിക്കുന്നു. അവര്‍ ദൈവത്തോടുള്ള സംസര്‍ഗ്ഗം വലിയൊരു ഭാഗ്യമായി പരിഗണിക്കുന്നു. എന്നാല്‍ ദൈവത്തിങ്കല്‍ നിന്നുമാത്രം പ്രാപിപ്പാന്‍ കഴിവുള്ള സഹായം അത്യാവശ്യമായിരിക്കുന്നു. മനുഷ്യപുത്രന്മാരാകട്ടെ അവന്‍റെ ആത്മാവിന്‍റെ പ്രകാശവും അവനോടുള്ള സംസര്‍ഗ്ഗവും കൂടാതെ കഴിഞ്ഞുകൂടുവാന്‍ ശ്രമിക്കുന്നതു കഷ്ടമല്ലേ?KP 98.3

    പ്രാര്‍ത്ഥനയില്‍ വിമുഖതകാണിക്കുന്നവനെ ദുഷ്ടനായവന്‍ തന്‍റെ അന്ധകാരംകൊണ്ട് മൂടുന്നു. വശീകരണവാക്കുകളാല്‍ അവന്‍ അവരെ പാപത്തിലേക്ക് ആകര്‍ഷിക്കുന്നു. ഇതിനുള്ളകാരണം അവര്‍ക്ക് കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനയെന്ന ദിവ്യഅവകാശം അവര്‍ വേണ്ടുംപോലെ ഉപയോഗപ്പെടുത്താത്തതുതന്നെ. പ്രാര്‍ത്ഥനയെന്നത് സര്‍വ്വവല്ലഭത്വത്തില്‍ സമസ്തവിഭവങ്ങളും സംഭരിച്ചിരിക്കുന്ന ഭണ്ഡാരം തുറന്നു അവയെ വേണ്ടുംപോലെ എടുത്തനുഭവിപ്പാനായി വിശ്വാസിക്ക് കരഗതമാക്കപ്പെട്ടിട്ടുള്ള താക്കോല്‍ ആയിരിക്കെ ദൈവത്തിന്‍റെ പുത്രീപുത്രന്മാര്‍ എന്തുകൊണ്ട് പ്രാര്‍ത്ഥിപ്പാന്‍ മടിക്കണം? ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ഉത്സാഹത്തോടെ ജാഗരിക്കയും ചെയ്യുന്നില്ലെങ്കില്‍ നാം സൂക്ഷ്മതയില്ലാത്തവരായി നേര്‍മാര്‍ഗ്ഗം വിട്ടുവഴിതെറ്റിപ്പോവാന്‍ ഇടവരും. നമ്മുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയാലും വിശ്വാസത്താലും പരീക്ഷയെ തടുക്കേണ്ടതിന്നുള്ള കൃപയും ശക്തിയും നാം ചോദിച്ചു പ്രാപിക്കാതിരിപ്പാന്‍ ശത്രുവായവന്‍ കൃപാസനത്തിലേക്കുള്ള നമ്മുടെ വഴിനിരോധിപ്പാന്‍ സദാശ്രമിച്ചു പോരുന്നു.KP 99.1

    നമ്മുടെ പ്രാര്‍ത്ഥനകേട്ടു ഉത്തരം അരുളുന്നതിനു ചില പ്രത്യേക വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവയില്‍ ഒന്നാമത്തേതു നമ്മുക്ക് അവന്‍റെ സഹായം ആവശ്യമുണ്ടെന്നുള്ള ബോധം നമ്മില്‍ ഉണ്ടാകണം എന്നുള്ളതു തന്നെ. “ദാഹിച്ചിരിക്കുന്നേടത്തു ഞാന്‍ വെള്ളവും വരണ്ടനിലത്തു നീരൊഴുക്കുകളും പകരും” (യെശ. 44:3) എന്ന് അവന്‍ വാഗ്ദത്തം ചെയ്തിരിക്കുന്നു. നീതിക്കായി വിശക്കയും ദാഹിക്കയും ദൈവത്തിന്നായി വാഞ്ചിക്കയും ചെയ്യുന്നവര്‍ തീര്‍ച്ചയായും തൃപ്തരാക്കപ്പെടും ആത്മാവിന്‍റെ വ്യാപാരത്തിനായി ഹൃദയം തുറന്നു കൊടുക്കണം. അത് ചെയ്യാഞ്ഞാല്‍ ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കയില്ല.KP 100.1

    നമ്മുടെ വലുതായ ആവശ്യം നമ്മുടെ ഭാഗത്തുനിന്ന് നാമറിയാതെ തന്നെ നമ്മില്‍നിന്ന് ദൈവത്തിങ്കലേക്ക് കരേറിക്കൊണ്ടിരിക്കുന്ന ഒരവകാശവാദമാണ്. എങ്കിലും നമ്മുക്കാവശ്യമുള്ളതൊക്കെ ചെയ്തു തരേണ്ടതിന്നു പ്രാര്‍ത്ഥനാമൂലം നാം അവനോടു അപേക്ഷിക്കേണ്ടതാകുന്നു. “യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും” (മത്താ. 7:7) എന്ന് അവന്‍ പറയുന്നു. “സ്വന്തപുത്രനെ ആദരിക്കാതെ നമ്മുക്ക് എല്ലാവര്‍ക്കുംവേണ്ടി ഏല്പിച്ചു തന്നവന്‍ അവനോടുകൂടെ സകലവും നമ്മുക്ക് നല്കാതിരിക്കുമോ?” (റോമ. 8:32)KP 100.2

    നാം നമ്മുടെ ഹൃദയത്തില്‍ അകൃത്യം കരുതിയിരിക്കുകയോ ഏതെങ്കിലും പാപം മുറുകെ പിടിച്ചുകൊള്ളുകയോ ചെയ്യുന്നെങ്കില്‍ കര്‍ത്താവ് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കയില്ല. എന്നാല്‍ നുറുങ്ങിയ ആത്മാവും ഉടഞ്ഞ ഹൃദയവുമുള്ളവന്‍റെ പ്രാര്‍ത്ഥന എപ്പോഴും അവന്നു സ്വീകാര്യമാകുന്നു. നമ്മുടെ അറിവില്‍പ്പെട്ട സകലതെറ്റുകളും ശരിപ്പെടുത്തിക്കഴിഞ്ഞാല്‍ ദൈവം തീര്‍ച്ചയായും നമ്മുടെ യാചനകള്‍ക്ക് ഉത്തരം അരുളും. നമ്മുടെ സ്വന്തപുണ്യപ്രവൃത്തികള്‍ നമ്മെ ഒരിക്കലും അവന്‍റെ പ്രസാദത്തിന്നു യോഗ്യരാക്കിത്തീര്‍ക്കുകയില്ല. യേശുവിന്‍റെ പുണ്യമാകുന്നു നമ്മെ രക്ഷിക്കുന്നത്; അവന്‍റെ രക്താമാകുന്നു നമ്മെ ശുദ്ധീകരിക്കുന്നത്; എങ്കിലും അവന്‍റെ അംഗീകാരം പ്രാപിപ്പാനുള്ള വ്യവസ്ഥ അനുസരിച്ചു നമ്മുക്കും ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്.KP 100.3

    വിജയകരമായ പ്രാര്‍ത്ഥനയുടെ മറ്റൊരു വ്യവസ്ഥ വിശ്വാസമാകുന്നു. “ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വ സിക്കേണ്ടതല്ലൊ.” (എബ്രാ. 11:6) യേശുകര്‍ത്താവ് തന്‍റെ ശിഷ്യന്മാരോട്: “നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്ന് വിശ്വസിപ്പിന്‍; എന്നാല്‍ അത് നിങ്ങള്‍ക്ക് ഉണ്ടാകും” എന്ന് പറയുന്നു. (മാര്‍ക്കൊ. 11:24) അവന്‍റെ വാക്കു നാം കാര്യമായി പ്രമാണിക്കുന്നുവോ?KP 100.4

    ഇത് സംബന്ധിച്ചു എത്രയും വിശാലവും അതിരില്ലാത്തതുമായ ഉറപ്പു നമ്മുക്കുണ്ടെന്നു മാത്രമല്ല വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനുമാകുന്നു. നാം പ്രാര്‍ത്ഥനയില്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ അതെ സമയത്ത് നമ്മുക്ക് ലഭിക്കുന്നില്ലെങ്കില്‍ കൂടി ദൈവം നമ്മുടെ അപേക്ഷകള്‍ കേട്ടിരിക്കുന്നു എന്നും അവന്‍ അതിനുത്തരം അരുളും എന്നും വിശ്വസിക്കേണ്ടതാകുന്നു. നാം തെറ്റിപ്പോകുന്നവരും ദൂരദൃഷ്ടിയില്ലാത്തവരുമായിരിക്കയാല്‍ പലപ്പോഴും നാം അപേക്ഷിക്കുന്ന കാര്യങ്ങള്‍ നമ്മുക്ക് അനുഗ്രഹപ്രദങ്ങളായിരിക്കുകയില്ല. അത് കൊണ്ട് നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് അതിന്നുപകരം നമ്മുടെ ഉത്തമനന്മയ്ക്കു ഉതകുന്ന കാര്യങ്ങള്‍ മാത്രമേ നമ്മുടെ പ്രാര്‍ത്ഥനയ്ക്കുത്തരമായി നമ്മുക്ക് തരികയുള്ളു. എല്ലാ വസ്തുക്കളും അവയുടെ തനിരൂപത്തിലും സ്ഥിതിയിലും കാണ്മാന്‍ കഴിവുള്ള ദിവ്യപ്രകാശത്താല്‍ നമ്മുടെ ദൃഷ്ടികള്‍ തെളി ഞ്ഞിരുന്നെങ്കില്‍ നാം ഏതാദൃശ നന്മയ്ക്കുവേണ്ടി ആദ്യം തന്നെ അപേക്ഷിക്കുമായിരുന്നു. നമ്മുടെ പ്രാര്‍ത്ഥനയ്ക്കുത്തരം ഉടനടി ലഭിച്ചില്ലെങ്കിലും നാം അവന്‍റെ വാഗ്ദത്തം മുറുകെ പിടിച്ചുകൊള്ളണം. എന്നാല്‍ നമ്മുടെ അപേക്ഷകള്‍ക്കുത്തരം അരുളേണ്ടകാലത്ത് നമ്മുക്കത്യാവശ്യമായിരിക്കുന്ന അനുഗ്രഹം അവന്‍ നല്കിത്തരും. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ നാം യാചിക്കുന്ന കാര്യം യാചിക്കുന്ന രീതിയില്‍ തന്നെ നമ്മുക്ക് സിദ്ധിക്കും എന്ന് പ്രതീക്ഷിക്കരുത്. അത് ധിക്കാരമത്രെ. ദൈവം തെറ്റിപ്പോവാന്‍ പാടില്ലാത്തവനും നീതിയോടെ നടക്കുന്നവരില്‍ നിന്ന് യാതൊരുനന്മയും പിന്‍വലിച്ചു കളയാത്തവനുമാകുന്നു. ആകയാല്‍ നിന്‍റെ പ്രാര്‍ത്ഥനയ്ക്കു പെട്ടെന്നു ഉത്തരം കിട്ടിയില്ലെങ്കിലും അവനില്‍ ശങ്കകൂടാതെ ആശ്രയിച്ചുറച്ചിരിക്കുക. “യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്ക് കിട്ടും” എന്ന ഉറപ്പായ വാഗ്ദത്തം മുറുകെപിടിച്ചുകൊള്‍ക.KP 101.1

    വിശ്വസിക്കുന്നതിനു മുമ്പുനാം നമ്മുടെ ഭയസന്ദേഹങ്ങള്‍ വച്ചുകൊണ്ട് തല്‍കാലം നമ്മുക്ക് സ്പഷ്ടമായി കാണ്മാന്‍ കഴിയാത്ത കാര്യങ്ങളെ സ്വയമായി പരിഹരിപ്പാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ വിഷമതകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല. എന്നാല്‍ നാം സാക്ഷാല്‍ ആയിരിക്കുന്ന പ്രകാരം നിസ്സഹായരും ആശ്രയമറ്റവരുമാണെന്നുള്ള ബോധത്തോടെ അതിരറ്റജ്ഞാനിയും സൃഷ്ടിയില്‍ കാണുന്നവനും തന്‍റെ തിരുഹിതവും വചനവുംകൊണ്ട് സകലത്തേയും ഭരിക്കുന്നവനുമായ ദൈവത്തെ സമീപിച്ചു താഴ്മയും ആശ്രയമുള്ളവരായി അവനോടു നമ്മുടെ ആവശ്യങ്ങളെ അറിയിച്ചാല്‍ അവന്‍ നമ്മുടെ നിലവിളികേട്ടു നമ്മുടെ ഹൃദയത്തിനു ആവശ്യമായിരിക്കുന്ന വെളിച്ചം നല്കി ആശ്വസിപ്പിക്കും. നിഷ്കളങ്ക പ്രാര്‍ത്ഥനയാണ്‌ നമ്മെ ദൈവത്തോട് യോജിപ്പിക്കുന്നതു. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ നമ്മുടെ വീണ്ടെടുപ്പുകാരന്‍ തന്‍റെ മുഖം നമ്മിലേക്ക്‌ ചായിച്ചു നമ്മോടു ദയയും സ്നേഹവുമുള്ളവനായിരിക്കുന്നു എന്നുള്ളതിന്നു തക്കതായ തെളിവൊന്നും കിട്ടിയില്ലെന്നുവരാം; എങ്കിലും തീര്‍ച്ചയായും അവന്‍ നമ്മേ സ്നേഹത്തോടും ദയയോടും തലോടിക്കൊണ്ടിരിക്കുന്നുണ്ട്.KP 102.1

    നാം കരുണയും അനുഗ്രഹവും പ്രാപിപ്പാന്‍ ദൈവത്തിന്‍റെ അടുക്കലേക്കു ചെല്ലുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്‍റേയും ക്ഷമയുടെയും ആത്മാവുണ്ടായിരിക്കണം. മറ്റുള്ളവര്‍ക്ക് ക്ഷമിച്ചുകൊ ടുക്കാത്ത ഒരു സ്വഭാവം നമ്മില്‍വച്ചു കൊണ്ട് “ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നത് പോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമെ” എന്ന് പ്രാര്‍ത്ഥിപ്പാന്‍ നമ്മുക്ക് എങ്ങനെ സാധിക്കും? നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ നമ്മുക്കു എത്രമാത്രം ക്ഷമിച്ചുതരണമെന്നും നാം ആഗ്രഹിക്കുന്നുവോ അത്രമാത്രം നാം മറ്റുള്ളവര്‍ക്കും ക്ഷമിച്ചുകൊടുക്കേണ്ടതാകുന്നു.KP 102.2

    പ്രാര്‍ത്ഥനയില്‍ സ്ഥിരോത്സാഹം പ്രദര്‍ശിപ്പിക്കുക എന്നത് പ്രാര്‍ത്ഥന കേള്‍ക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഒന്നാകുന്നു. വിശ്വാസത്തിലും അനുഭവത്തിലും വളര്‍ന്നുവരണമെങ്കില്‍ നാം എപ്പോഴും പ്രാര്‍ത്ഥിക്കുന്നവരായിരിക്കണം. നാം പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുന്നവരും “സ്തോത്രത്തോടെ അതില്‍ ജാഗരിക്കുന്നവരും” (റോമ. 12:12; കൊലൊ. 4:2) ആയിരിക്കണം. “പ്രാര്‍ത്ഥനയ്ക്കു സുബോധമുള്ളവരും; നിര്‍മ്മദരും ആയിരിപ്പിന്‍” (1 പത്രോ. 4:7) എന്ന് പത്രോസ് അപ്പോസ്തലനും “എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ അറിയിക്കയത്രെ വേണ്ടത്. (ഫിലി. 4:6) എന്ന് പൌലോസും “നിങ്ങളോ പ്രിയമുള്ളവരെ,........ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചും......... കൊണ്ടു ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍” (യൂദാ. 20:21) എന്ന് യൂദാവും ഗുണദോഷിച്ചിരിക്കുന്നു. ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നത് ദൈവത്തില്‍നിന്നുള്ള ജീവന്‍ നമ്മിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കത്തക്കവണ്ണം നമ്മുടെ ദേഹികളെ അഭേദ്യമാംവിധം ദൈവത്തോട് സംയോജിപ്പിക്കുന്ന ഒരു പ്രവൃത്തിയാകുന്നു; അതിനു പകരം നമ്മില്‍നിന്ന് നിര്‍മ്മലതയും വിശുദ്ധിയും ദൈവത്തിങ്കലേക്കു മടങ്ങിച്ചെല്ലും.KP 103.1

    പ്രാര്‍ത്ഥനയില്‍ ജാഗരിക്കേണ്ട ആവശ്യമുണ്ട്; ഒരു കാരണവശാലും അതിനു മുടക്കം വരുത്തരുത്. യേശു കര്‍ത്താവിന്നും നിന്‍റെ ദേഹിക്കും തമ്മിലുള്ള കൂട്ടായ്മ തടസ്സപ്പെട്ടു പോകാതിരിപ്പാന്‍ വേണ്ട കരുതലുകള്‍ ചെയ്തുകൊള്ളണം. പ്രാര്‍ത്ഥനയോഗങ്ങളില്‍ സംബന്ധിപ്പാന്‍ കിട്ടുന്ന അവസരങ്ങളെ നഷ്ടപ്പെടുത്തരുത്. ദൈവത്തോട് ഉണ്മയായ സമ്പര്‍ക്കം പുലര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാര്‍ത്ഥനയോഗങ്ങളില്‍ ഹാജരാകുകയും തങ്ങളുടെ കൃത്യങ്ങളെ വിശ്വസ്തതയോടെ അനുഷ്ഠിക്കയും തങ്ങള്‍ക്ക് സംപ്രാപ്യമായ എല്ലാ നന്മകളും കരസ്ഥമാക്കുവാന്‍ കഴിയുന്നിടത്തോളം ശ്രമിക്കയും ചെയ്യും. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള പ്രകാരശ്മികള്‍ ലഭിക്കത്തക്ക പരിതസ്ഥിതിയില്‍ കണ്ടുപിടിച്ചു തങ്ങളെ അവയ്ക്കകത്താക്കി കൊള്ളുവാന്‍ അവര്‍ സദാ ജാഗരൂകരായിരിക്കും.KP 103.2

    കുടുംബപ്രാര്‍ത്ഥന നടത്തണം. സര്‍വ്വോപരി നാം നമ്മുടെ രഹസ്യപ്രാര്‍ത്ഥന ഉപേക്ഷിക്കയുമരുത്. കാരണം അതിലാണ് നമ്മുടെ ആത്മീയ ജീവന്‍ സ്ഥിതിചെയ്യുന്നത്. നമ്മുടെ ക്ഷീണിച്ച ആത്മാവ് അഭിവൃദ്ധിപ്പെടും എന്ന് ഒരിക്കലും വിചാരിക്കരുത്. കുടുംബപ്രാര്‍ത്ഥനയും പരസ്യപ്രാര്‍ത്ഥനയും മാത്രം മതിയാകില്ല. നാം ഏകാഗ്രതയില്‍ നിന്‍റെ ആത്മാവിനെ ദൈവമുമ്പാകെ പരിശോധനാര്‍ത്ഥം തുറന്നുവയ്ക്കുക. രഹസ്യമായ പ്രാര്‍ത്ഥന, പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം മാത്രം കേട്ടാല്‍ അങ്ങനെയുള്ള പ്രാര്‍ത്ഥനയുടെ സാരം പരകാര്യാന്വേഷകര്‍ ഗ്രഹിക്കേണ്ട ആവശ്യം ഇല്ല. രഹസ്യ പ്രാര്‍ത്ഥനയില്‍ പരിതസ്ഥിതികളുടെ സ്വാധീനശക്തിയോ പരിഭ്രമമോ ആത്മാവിനെ ബാധിക്കയില്ല. നിശ്ശബ്ധമായതെങ്കിലും എരിവുള്ളതായിരുന്നാല്‍ ആ പ്രാര്‍ത്ഥന തീര്‍ച്ചയായും ദൈവസന്നിധിയില്‍ എത്തിച്ചേരും. രഹസ്യത്തില്‍ കാണുന്നവനും ഹൃദയത്തില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കുന്നവനുമായവങ്കല്‍ നിന്ന് അങ്ങനെയുള്ള പ്രാര്‍ത്ഥനയ്ക്കു ഇമ്പകരവും നിലനില്‍ക്കുന്നതുമായ മറുപടിയും ലഭിക്കും. ഏതാദൃശപ്രാര്‍ത്ഥനയില്‍ ആര്‍ഭാടരഹിതവും സുലളിതവുമായ വിശ്വാസത്താല്‍ നമ്മുടെ ആത്മാവ് ദൈവത്തോട് സംസര്‍ഗ്ഗം ചെയ്കയും പിശാചിനോടുള്ള പോരാട്ടത്തില്‍ ജയം പ്രാപിപ്പാന്‍ നമ്മെ സഹായിക്കയും ശക്തീകരിക്കയും ചെയ്യുന്ന ദിവ്യവെളിച്ചത്തിന്‍റെ കാരണങ്ങള്‍ നാം ഉള്‍കൊള്ളുകയും ചെയ്യുന്നു.KP 104.1

    നിന്‍റെ അറയില്‍ കടന്നു പ്രാര്‍ത്ഥിക്കുക. ദിനകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും കൂടെക്കൂടെ നിന്‍റെ ഹൃദയം ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക. ഇപ്രകാരമാണ് ഹനോക്ക് ദൈവത്തോടുകൂടെ നടന്നത്. രഹസ്യപ്രാര്‍ത്ഥന വിലയേറിയ ധൂപംപോലെ കൃപാസനത്തിങ്കലേക്ക് കരേറുന്നു. ഇപ്രകാരം തന്‍റെ ഹൃദയം ദൈവത്തില്‍ ഉറപ്പിച്ചിരിക്കുന്ന മനുഷ്യനെ ജയിച്ചടക്കുവാന്‍ പിശാചിനെ ഒരു വിധത്തിലും കഴികയില്ല.KP 104.2

    ദൈവത്തോടു പ്രാര്‍ത്ഥിപ്പാന്‍ ഉപയുക്തമല്ലാത്ത സ്ഥലമോ കാലമോ ഇല്ല. നമ്മുടെ ഹൃദയത്തെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനമൂലം ദൈവത്തിങ്കലേക്കു ഉയര്‍ത്തുന്ന കാര്യത്തില്‍ നമ്മെ തടസ്സപ്പെടുത്തുവാന്‍ യാതൊന്നിനും കഴികയില്ല. നെഹെമ്യാവ് അര്‍ത്ഥഹശഷ്ടാരാജാവിന്‍റെ മുമ്പില്‍ എന്നപോലെ നമ്മുടെ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും ജനനനിബിഡമായ തെരുവീഥിയില്‍ വച്ചും നമ്മുക്ക് നമ്മുടെ അപേക്ഷകളെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും അവന്‍റെ സഹായത്തിന്നും ദിവ്യനടത്തിപ്പിന്നുമായി അവനോടു കെഞ്ചുകയും ചെയ്യാമല്ലൊ. നാം എവിടെ ആയിരുന്നാലും രഹസ്യപ്രാര്‍ത്ഥനയ്ക്കു വേണ്ട സൌകര്യം കിട്ടാതിരിക്കയില്ല. നമ്മുടെ ഹൃദയ വാതില്‍ തുറന്നു വെച്ചുകൊണ്ട് യേശുകര്‍ത്താവ് നമ്മുടെ ഉള്ളില്‍ വന്നു കുടിപാര്‍പ്പാന്‍ നാം അവനെ ദിനംപ്രതി ക്ഷണിക്കണം.KP 104.3

    നമ്മുടെ ചുറ്റും സദാ ദുഷിച്ച കാറ്റ് വ്യാപിച്ചിരിക്കുന്നതുകൊണ്ട് നാം സര്‍വ്വദാ ആ ദുര്‍വ്വായു തന്നെ ശ്വസിക്കാതെ നിര്‍മ്മലമായ സ്വര്‍ഗ്ഗീയവായു ശ്വസിപ്പാന്‍ സൌകര്യമുണ്ട്. ഹൃദയപൂര്‍വ്വകമായ പ്രാര്‍ത്ഥനമൂലം നമ്മുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുന്നതിനാല്‍ അശുദ്ധവും നീചവുമായ ആലോചനകളും ചിന്തകളും നമ്മുടെ തലയില്‍ കടക്കാതവണ്ണം മനസ്സിന്‍റെ വാതിലുകള്‍ അടച്ചു പൂട്ടിയിരിപ്പാന്‍ നമ്മുക്ക് കഴിയും. ദൈവത്തിന്‍റെ സഹയായവും അനുഗ്രഹവും പ്രാപിക്കുന്നവര്‍ ഇഹത്തിലെ വായുവിനെക്കാളും പരിശുദ്ധാത്മവായു ശ്വസിക്കുന്നവരും സ്വര്‍ഗ്ഗത്തോട് ഇടമുറിയാത്ത സംസര്‍ഗ്ഗത്തിലിരിക്കുന്നവരും ആകുന്നു.KP 105.1

    നമ്മുക്ക് യേശുകര്‍ത്താവിനെപ്പറ്റി അധികം സ്പഷ്ടമായ ധാരണകളും നിത്യതയെ സംബന്ധിച്ച കാര്യങ്ങളെകുറിച്ചു കൃത്യമായ ബോധവും ഉണ്ടായിരിക്കേണ്ടതാണ്. വിശുദ്ധിയുടെ അലങ്കാരത്താല്‍ ദൈവമക്കളുടെ ഹൃദയം പൂര്‍ണ്ണമാകണം. ഇത് സാദ്ധ്യമാകേണ്ടതിനു നാം സര്‍ഗ്ഗീയ കാര്യങ്ങളെ സംബന്ധിച്ച ദിവ്യവെളിപ്പാടുകള്‍ പരിശോധിക്കണം.KP 105.2

    ആ സ്വര്‍ഗ്ഗീയ വായു ശ്വസിപ്പാനിട നല്കുമാറ് നമ്മുക്ക് നമ്മുടെ ദേഹികളെ ദൈവത്തിങ്കലേക്കുയര്‍ത്താം. പൂക്കള്‍ സൂര്യന്‍റെ നേരെ തിരിയുന്ന പ്രകാരം നമ്മുക്ക് അവിചാരിതമായി നേരിടുന്ന ഓരോ കഷ്ടങ്ങളിലും നമ്മുടെ നിരൂപണങ്ങളെ അവന്‍റെ നേരെ തിരിക്കത്തക്കവണ്ണം നാം ദൈവത്തോട് അത്ര അടുത്തു ജീവിക്കണം.KP 105.3

    നമ്മുടെ ആവശ്യങ്ങള്‍, സന്തോഷം, ദുഃഖം, നമ്മുടെ ചിന്താഭാരങ്ങള്‍, ഭയം ഇവ എല്ലാം ദൈവം സദാ അറിഞ്ഞിരിക്കട്ടെ. അത് അവന്നു ഒരിക്കലും ഭാരമായിരിക്കയില്ല; അത് നിമിത്തം അവന്‍ ക്ഷീണിച്ചു പോകയും ഇല്ല. നമ്മുടെ തലയിലെ രോമങ്ങള്‍ കൂടെ എണ്ണി കണക്കുവെക്കുന്നവന്‍ തന്‍റെ മക്കളുടെ ആവശ്യതകളെക്കുറിച്ചു ചിന്തയില്ലാത്തവനായിരിക്കുമോ? “കര്‍ത്താവ് മഹാകരുണയും മനസ്സലിവുമുള്ളവനല്ലൊ.” (യാക്കോ. 5:11) അവന്‍റെ സ്നേഹം നിറഞ്ഞ ഹൃദയം നമ്മുടെ സങ്കടങ്ങള്‍ നിമിത്തം അനുതപിക്കയും വിശേഷാല്‍ നാം അവയെ അവനോടു പറയുമ്പോള്‍ ഉരുകിപ്പോകയും ചെയ്യുന്നു. നമ്മുടെ മനസ്സിനെ ഭ്രമിപ്പിക്കുന്ന എല്ലാ കാര്യങ്ങളും അവന്‍റെ മുമ്പില്‍ സമര്‍പ്പിക്കാം. അവന്നു വഹിപ്പാന്‍ പ്രയാസമായിട്ടുള്ളതു ഒന്നുമില്ല; അവന്‍ ലോകങ്ങളെ വഹിക്കുന്നവനും അഖിലാണ്ഡം മുഴുവനും ഭരിക്കുന്നവനുമല്ലൊ. നമ്മുടെ സമാധാനത്തിനുള്ള യാതൊന്നും അവന്‍ നിസ്സാരമായി കരുതുകയില്ല. നമ്മുടെ ജീവചരിത്രത്തില്‍ അവന്നു വായിപ്പാന്‍ കഴിയാത്ത യാതൊരു ഇരുണ്ട അദ്ധ്യായവുമില്ല; ജീവിതത്തിലെ എല്ലാ വിഷമ പ്രശ്നങ്ങളും നിഷ്പ്രയാസം പരിഹരിപ്പാന്‍ അവന്നു കഴിയും. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ അറിവില്‍ പെടാത്ത അഥവാ അവന്‍ ഇടപെടാത്ത യാതൊരു വിപത്തോ മനോവ്യഥയോ സന്തോഷമോ നമ്മുക്ക് നേരിടുകയില്ല. പ്രത്യേകിച്ചു അവന്‍റെ അറിവു കൂടാതെ നമ്മുക്ക് ഒന്ന് പ്രാര്‍ത്ഥിപ്പാന്‍പോലും കഴിയുന്നതല്ല. “മനം തകര്‍ന്നവരെ അവന്‍ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.” (സങ്കീ. 147:3) ലോകത്തില്‍ ഒരേ ഒരു പാപിമാത്രം ഉണ്ടായിരുന്നെങ്കിലും അവന്‍റെ ഉദ്ധാരണാര്‍ത്ഥം ദൈവം തന്‍റെ പ്രിയ പുത്രനെ ഏല്പിച്ചുകൊടുക്കുമായിരുന്നു. കാരണം അവന്നു ഓരോ ആത്മാവിനോടുമുള്ള സംബന്ധവും ചേര്‍ച്ചയും അത്ര അടുത്തതും തികഞ്ഞതുമാകുന്നു “അന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കും. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പിതാവിനോട് അപേക്ഷിക്കും എന്ന് പറയുന്നില്ല..... പിതാവ് താനും നിങ്ങളെ സ്നേഹിക്കുന്നു; “ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തതു നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കുന്നത് ഒക്കെയും അവന്‍ നിങ്ങള്‍ക്ക് തരുവാനായിട്ട്‌ തന്നെ” (യോഹ. 16:26,27; 15:16) എന്ന് യേശുകര്‍ത്താവും പറയുന്നു. എന്നാല്‍ യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതിന്‍റെ അര്‍ത്ഥം പ്രാര്‍ത്ഥനയുടെ ആരംഭത്തിലും അന്ത്യത്തിലും അവന്‍റെ പേര്‍ ചൊല്ലുന്നതുമല്ല. പിന്നെയോ അവന്‍റെ വാഗ്ദത്തങ്ങളെ വിശ്വസിച്ചും അവന്‍റെ കൃപയില്‍ ആശ്രയിച്ചും അവന്‍റെ പ്രവൃത്തികളെ ചെയ്തുംകൊണ്ടും അവന്‍റെ ഭാവവും ആത്മാവും ഉള്ളവരായി പ്രാര്‍ത്ഥിക്കുക എന്നാകുന്നു.KP 106.1

    ദൈവാരാധന മുതലായ ഭക്തി കര്‍മ്മങ്ങളില്‍ ഉറ്റിരിക്കേണ്ടതിന്നു നാം ലോകത്തില്‍ നിന്ന് വിരമിച്ചിട്ടു താപസന്മാരോ സന്യാസികളോ ആയിതീരണം എന്ന് നമ്മോടു ദൈവം ആവശ്യപ്പെടുന്നില്ല. നമ്മുടെ ജീവിതം ക്രിസ്തുവിന്‍റെ ജീവിതംപോലെ പര്‍വ്വതത്തിന്നും പുരുഷാരത്തിന്നും ഇടയ്ക്കുള്ളതു ആയിരിക്കണം. പ്രാര്‍ത്ഥിക്ക മാത്രം ചെയ്തുകൊണ്ട് മറ്റൊന്നും ചെയ്യാത്തവന്‍റെ പ്രാര്‍ത്ഥന വേഗം അവസാനിക്കയൊ അല്ലെങ്കില്‍ അത് വെറും ഒരു കര്‍മ്മാചാരമായി അധഃപതിച്ചു പോകയോ ചെയ്യും. മനുഷ്യര്‍ സാമൂഹ്യജീവിതം ഉപേക്ഷിച്ചു ഏകാകികളായിതീരുമ്പോള്‍ അവര്‍ ക്രിസ്തീയ ശുശ്രൂഷകളാലും ക്രൂശ് വഹിക്കുന്നതിലും നിന്ന് അന്യപ്പെട്ടുപോകുന്നു. തങ്ങള്‍ക്കായി അത്യന്തം വൈരാഗ്യത്തോടെ പ്രയത്നിച്ച കര്‍ത്താവിന്നായി അവര്‍ പ്രവൃത്തിക്കാതിരിക്കുമ്പോള്‍ അവര്‍ക്ക് പ്രാര്‍ത്ഥനയിലുള്ള താല്പര്യം നഷ്ടപ്പെട്ടും ഭക്തി കര്‍മ്മങ്ങള്‍ക്കുള്ള ഉത്സാഹം കുറഞ്ഞും പോകുന്നതാണ്. അവരുടെ പ്രാര്‍ത്ഥന തങ്ങള്‍ക്ക് വേണ്ടിമാത്രമുള്ളതും സ്വാര്‍ത്ഥപരവും ആയിതീരുന്നു. പൊതുവെ നരകുലത്തിന്‍റെ പൊതു നന്മക്കോ ദൈവരാജ്യത്തിന്‍റെ കെട്ടു പണിക്കോ അതിനു വേണ്ടി പ്രവര്‍ത്തിപ്പാനുള്ള ശക്തിക്കും വേണ്ടിയോ പ്രാര്‍ത്ഥിപ്പാന്‍ അവര്‍ക്ക് കഴിയുന്നില്ല. നാം ഒന്നിച്ചുകൂടി ദൈവവേലയ്ക്കായി അന്യോന്യം ശക്തീകരിക്കയും ധൈര്യപ്പെടുത്തുകയും ചെയ്യേണ്ടതിന്നു നമ്മുക്ക് ലഭ്യമാകുന്ന അവസരങ്ങളെ നാം അഗണ്യമായി തള്ളിക്കളയുമെങ്കില്‍ അത് നമ്മുക്ക് ഒരു വലിയ നഷ്ടമായിരിക്കും. അതിനാല്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞിരുന്ന അവന്‍റെ വചനത്തിലെ സത്യങ്ങളുടെ വീര്യവും പ്രാധാന്യതയും കുറഞ്ഞുപോകും. അവയുടെ വിശുദ്ധീകരിക്കുന്ന ശക്തി നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കയൊ ഉയര്‍ത്തുകയൊ ചെയ്യാതിരിക്കും. അപ്രകാരം നമ്മുടെ ആത്മീക നില അധഃപതിച്ചുപോകും. ക്രിസ്ത്യാനികള്‍ അന്യോന്യം എന്ന നിലയിലുള്ള നമ്മുടെ സഹവാസത്തില്‍ നമ്മുക്ക് പരസ്പരാനുഭാവം ഇല്ലാത്തതുകൊണ്ട് നമ്മുക്ക് വളരെ നഷ്ടമുണ്ട്. തനിക്കായിത്തന്നെ ജീവിക്കു ന്നവന്‍ അവനു ദൈവം നിര്‍ദ്ദേശിച്ചിട്ടുള്ള ചുമതല നിറവേറ്റുന്നില്ല. നമ്മുടെ പ്രകൃതിയിലുള്ള സാമൂഹ്യഘടകങ്ങളെ നാം യഥാവിധി ഉപയോഗപ്പെടുത്തുമ്പോള്‍ അത് നമ്മില്‍ അന്യരോടുള്ള അനുഭാവം ഉളവാക്കുകയും ദൈവസേവയില്‍ നമ്മുടെ വളര്‍ച്ചയ്ക്കും ശക്തീകരണത്തിനും പര്യാപ്തമായിത്തീരുകയും ചെയ്യും.KP 107.1

    ക്രിസ്ത്യാനികള്‍ ഒത്തൊരുമിച്ചു ദൈവസ്നേഹത്തെയും വീണ്ടെടുപ്പു സംബന്ധിച്ച വിലയേറിയ സത്യങ്ങളെയും കുറിച്ചു അന്യോന്യം സംസാരിച്ചാല്‍ അത് തങ്ങളുടെ സ്വന്ത ഹൃദയങ്ങള്‍ക്ക് ആശ്വാസകരമായിരിക്കുമെന്ന് മാത്രമല്ല അവര്‍ക്ക് അന്യോന്യം ആശ്വസിപ്പാനും കഴിവുണ്ടാകും. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനെ സംബന്ധിച്ചു നാള്‍ക്കുനാള്‍ നാം അധികമധികം കാര്യങ്ങള്‍ ഗ്രഹിക്കയും അവന്‍റെ കരുണയുടെ പുതിയ അനുഭവങ്ങള്‍ പ്രാപിക്കയും ചെയ്യും; അപ്പോള്‍ നാം അവന്‍റെ സ്നേഹത്തെക്കുറിച്ചു സംസാരിപ്പാന്‍ ഇഷ്ടപ്പെടും. ഇത് ചെയ്കയില്‍ നമ്മുടെ സ്വന്ത ഹൃദയത്തെ അത് സുശ്ശക്തമാക്കുകയും ചെയ്യുന്നതാണ്. നമ്മെക്കുറിച്ചു നാം അല്പമായും യേശുകര്‍ത്താവിനെക്കുറിച്ചു അധികമായും ചിന്തിക്കയും സംസാരിക്കയും ചെയ്‌താല്‍ നമ്മുടെയിടയില്‍ അവന്‍റെ സാന്നിദ്ധ്യം എല്ലായ്പോഴും ഉണ്ടായിരിക്കും.KP 108.1

    നമ്മുക്കുവേണ്ടിയുള്ള അവന്‍റെ കരുതലിനെ വെളിവാക്കുന്ന സാക്ഷ്യങ്ങള്‍ ലഭിക്കുമ്പോഴൊക്കെ നാം ദൈവത്തെക്കുറിച്ചു ചിന്തിക്കുന്നതായാല്‍ അവന്‍ എല്ലായ്പോഴും നമ്മുടെ സ്മൃതിപഥത്തില്‍ ഇരിക്കയും അവനെക്കുറിച്ചു സംസാരിപ്പാനും അവനെ സ്തുതിപ്പാനും നാം സദാ ഇഷ്ടപ്പെടുകയും ചെയ്യുന്നതാണ്. ഭൗമീക കാര്യാദികളില്‍ നമ്മുക്ക് താല്പര്യം ഉള്ളതുകൊണ്ടാണ് നാം അവയെക്കുറിച്ചു സംസാരിക്കുന്നത്. നമ്മുടെ സന്തോഷസന്താപങ്ങള്‍ക്ക് നമ്മുടെ മിത്രങ്ങള്‍ കാരണ ഭൂതരായിരിക്കുന്നത് കൊണ്ട് നാം അവരെ സ്നേഹിക്കുകയും അവരെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു. ആ സ്ഥിതിക്കു നാം നമ്മുടെ ദൈവത്തെ എത്ര അധികം സ്നേഹിക്കയും അവനെക്കുറിച്ചു സംസാരിക്കുകയും അവന്‍റെ നന്മപ്രവൃത്തികളേയും ശക്തിയേയും പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്ന് ചിന്തിക്കുക. അവന്‍ നമ്മുടെ മേല്‍ വര്‍ഷിച്ചിരിക്കുന്ന വന്‍ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ട് നാം ദൈവത്തിന്നു ഒന്നും കൊടുക്കാതിരി ക്കണമെന്നു അവന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രത്യുത അവ എപ്പോഴും നമ്മുടെ സ്വര്‍ഗ്ഗീയ ദാതാവിനെ അനുസ്മരിപ്പിക്കുകയും സ്നേഹത്തിന്‍റെയും കൃതജ്ഞതയുടെയും പാശങ്ങളാല്‍ നമ്മെ അവനോടു ബന്ധിക്കയും ചെയ്യേണ്ടതിന്നു തന്നെ. നാം ഭൂമിയുടെ താഴ്വരകളോട് ക്രമത്തിലധികം അടുത്തു ജീവിക്കുന്നു. അതുകൊണ്ടു നാം താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ പ്രാപ്തനായ (എബ്രാ. 7:25) ക്രിസ്തുവിന്‍റെ മുഖത്തു കളിയാടുന്ന ദൈവമഹത്വത്തിന്‍റെ വെളിച്ചത്തിന്‍റെ ഉറവിടമായ ഉയരത്തിലെ വിശുദ്ധമന്ദിരത്തിന്‍റെ തുറന്നിരിക്കുന്ന വാതിലിലേക്ക് നമ്മുടെ കണ്ണുയര്‍ത്താം.KP 108.2

    നാം “യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും” അത്യന്തമായി സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു. (സങ്കീ. 107:8) നമ്മുടെ ഭക്തിപരമായ കര്‍മ്മങ്ങള്‍ ചോദിക്കുകയും വാങ്ങുകയും ചെയ്യുന്നതില്‍ മാത്രം അധിഷ്ഠിതമായിരിക്കരുത്; നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു എപ്പോഴും ചിന്തിക്കയും ലഭിച്ച നന്മകളെ ഓര്‍ക്കാതിരിക്കയും ചെയ്യരുത്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ യാചനകള്‍ക്ക് യാതൊരു കുറവുമില്ല. എന്നാല്‍ നന്മകള്‍ക്കായുള്ള സ്തോത്രം വളരെ കുറവാണ്. നാള്‍തോറും നാം ദൈവത്തിന്‍റെ കൃപകളെ പ്രാപിച്ചുകൊണ്ടിരിക്കുന്നു എങ്കിലും അവയ്ക്കായി നാം അവന്നു നന്ദി പറകയോ അവന്‍ ചെയ്തുതരുന്ന നന്മകള്‍ നിമിത്തം അവനെ വേണ്ടുംപോലെ സ്തുതിക്കയോ ചെയ്യുന്നില്ല.KP 109.1

    പണ്ടു ദൈവം യിസ്രായേല്‍ ജനത്തോട് അവര്‍ ദൈവാരാധനയ്ക്കായി കൂടി വന്നപ്പോള്‍:- “അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ വെച്ചു നിങ്ങള്‍ ഭക്ഷിക്കയും നിങ്ങളുടെ സകല പ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും സന്തോഷിക്കയും വേണം (ആവ. 12:7) എന്ന് കല്പിച്ചിരുന്നു. ദൈവമഹത്വത്തിനായി ചെയ്യുന്നത് ദുഃഖത്തോടും കുണ്ഠിതഭാവത്തോടും കൂടെയല്ല പിന്നെയോ സന്തോഷത്തോടും സ്തോത്രവും സ്തുതിയും നിറഞ്ഞ പാട്ടുകളോടും കൂടെത്തന്നെ ചെയ്യണം.KP 109.2

    നമ്മുടെ ദൈവം മഹാദയയും കരുണയുമുള്ള ഒരു പിതാവാകുന്നു. അവനെ ആരാധിക്കുന്നത് വളരെ പ്രയാസവും ഞെരുക്കവുമുള്ള ഒരു വേലയായി എണ്ണരുത്. ദൈവത്തെ ആരാധിക്കുന്നതും അവന്‍റെ വേലയില്‍ പങ്കുകൊള്ളുന്നതും നമ്മുക്ക് ഒരു സന്തോഷമായിരിക്കണം. തന്‍റെ മക്കള്‍ക്കു ഇത്ര വലിയ രക്ഷ ഒരുക്കിയിരിക്കുന്ന ദൈവത്തെ അവര്‍ കഠിന ഹൃദയനും നിഷ്ഠൂരനുമായ ഒരു ഊഴിയവിചാരകനായി കരുതി പ്രവൃത്തിക്കണം എന്ന് അവന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ അവരുടെ ഉത്തമ സഖിയാകുന്നു, അവര്‍ അവനെ ആരാധിക്കുമ്പോള്‍ അവരുടെ ഹൃദയങ്ങളെ സന്തോഷവും സ്നേഹവുംകൊണ്ട് നിറച്ചിട്ടു അവരെ അനുഗ്രഹിപ്പാനും ആശ്വസിപ്പിപ്പാനുമായി അവരുടെ മദ്ധ്യേ സന്നിഹിതനാകുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. തന്നെ ഭജിക്കുന്നതില്‍ തന്‍റെ മക്കള്‍ ആശ്വാസം പ്രാപിക്കണമെന്നും തന്‍റെ ശുശ്രൂഷയില്‍ അവര്‍ കഷ്ടത്തെക്കാള്‍ സന്തോഷം കണ്ടെത്തണമെന്നും കര്‍ത്താവ് ഇച്ഛിക്കുന്നു തന്നെ ആരാധിപ്പാന്‍ വരുന്നവര്‍ തങ്ങളുടെ എല്ലാ ദിനകൃത്യങ്ങളിലും സന്തോഷവും സകല സംഗതികളിലും വിശ്വസ്തതയും ഹൃദയപരമാര്‍ത്ഥതയും പാലിക്കത്തക്ക കൃപയും പ്രാപിക്കുമാറ് അവന്‍റെ കരുതലും സ്നേഹവും സംബന്ധിച്ചുള്ള ശരിയായ മനോബോധത്തോടുകൂടി മടങ്ങിപ്പോകണമെന്നാണ് അവന്‍റെ ആശ.KP 110.1

    നാം ക്രൂശിനു ചുറ്റും കൂടി വരണം. ക്രൂശിക്കപ്പെട്ട ക്രിസ്തു നമ്മുടെ ആലോചനയുടെയും സംഭാഷണങ്ങളുടെയും നമ്മുടെ അതിസന്തോഷ പൂര്‍വ്വകമായ മനോവികാരങ്ങളുടെയും വിഷയമായിരിക്കട്ടെ. ദൈവത്തില്‍ നിന്ന് നാം പ്രാപിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും നാം സദാ സ്മരിക്കുകയും അവന്‍റെ വന്‍സ്നേഹം നമ്മുക്ക് ബോധ്യമാകുമ്പോള്‍ നമ്മുക്ക് വേണ്ടി ക്രൂശില്‍ തറക്കപ്പെട്ട ആ തൃക്കരങ്ങളില്‍ നമ്മുടെ സര്‍വ്വവും ഭരമേല്പിപ്പാന്‍ നാം മനസ്സൊരുക്കമുള്ളവരായിരിക്കുകയും വേണം.KP 110.2

    സ്തുതി എന്ന ചിറകുകളാല്‍ നമ്മുടെ ദേഹികള്‍ക്കു സ്വര്‍ഗ്ഗത്തോട് അധികം അടുത്തുചെല്ലാം. മീതെ (സ്വര്‍ഗ്ഗത്തില്‍) ഉള്ള ആലയത്തില്‍ സംഗീതങ്ങളും പാട്ടുകളും കൊണ്ടാണ് ദൈവത്തെ ആരാധിക്കുന്നത്. അത്പോലെ നാമും നമ്മുടെ സ്തുതിസ്തോത്രങ്ങളെ അര്‍പ്പിക്കുമ്പോള്‍ നമ്മുടെ ആരാധന സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റേതിനോടു തുലോം തുല്യ മായി പരിഗണിക്കപ്പെടാനിടയുണ്ട്. “സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്വപ്പെടുത്തുന്നു.” (സങ്കീ. 50:23) “സ്തോത്രത്തോടും സംഗീതഘോഷത്തോടും” കൂടെ നമ്മുക്ക് നമ്മുടെ സ്രഷ്ടാവിന്‍റെ സന്നിധിയില്‍ സസന്തോഷം അടുത്തു ചെല്ലാം. (യെശ. 51:3)KP 110.3

    * * * * *