Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 12—സംശയനിവാരണം

    മിക്ക ആളുകളുടെയും വിശേഷാല്‍ ക്രിസ്തീയ ജീവിതത്തില്‍ അധികം അനുഭവം സിദ്ധിച്ചിട്ടില്ലാത്തവരുടെ ഹൃദയം അവിശ്വാസികളുടെ അഭിപ്രായം നിമിത്തം പലപ്പോഴും കലങ്ങിപ്പോകുന്നു. അവര്‍ക്ക് തെളിയിപ്പാനൊ ഗ്രഹിപ്പാനോ കഴിയാത്ത അനേകം കാര്യങ്ങള്‍ വേദപുസ്തകത്തിലുണ്ട്. സാത്താന്‍ അവയെ പെറുക്കി എടുത്ത് അവയെക്കൊണ്ടു തിരുവെഴുത്തുകള്‍ ദൈവത്തില്‍ നിന്നുള്ള വെളിപ്പാടാകുന്നു എന്ന അവരുടെ വിശ്വാസത്തെ ഇളക്കി മറിച്ചു കളവാന്‍ ശ്രമിക്കുന്നു. “ശരിയായ മാര്‍ഗ്ഗം ഞാന്‍ എങ്ങനെ അറിയും?” വേദപുസ്തകം യഥാര്‍ത്ഥമായും ദൈവത്തിന്‍റെ വചനമാണെങ്കില്‍ എന്‍റെ ഈ സംശയങ്ങളും വിഷമങ്ങളും എങ്ങനെ പരിഹരിക്കാം? എന്നൊക്കെയാണ് സാത്താന്‍ അവിശ്വാസികളെക്കൊണ്ട് ചോദിപ്പിക്കുന്നത്.KP 111.1

    നമ്മുടെ വിശ്വാസത്തിന് ആധാരമായി തക്കതെളിവുകാണാതെ എന്തെങ്കിലും കണ്ണുമടച്ചു വിശ്വസിക്കണം എന്ന് ദൈവം നമ്മോടു ഒരിക്കലും ആവശ്യപ്പെടുന്നില്ല. അവന്‍റെ ആസ്തിക്യം, സ്വഭാവം തിരുവചനത്തിന്‍റെ സത്യത ഇവയെല്ലാം നമ്മുടെ ബുദ്ധിക്ക് ചേരുന്ന സാക്ഷ്യങ്ങളിന്മേല്‍ അധിഷ്ഠിതമായിരിക്കുന്നു. ഇപ്രകാരമുള്ള തെളിവുകള്‍ ധാരാളമുണ്ട്. എങ്കിലും സംശയത്തിനുള്ള സാദ്ധ്യത ദൈവം പൂര്‍ണ്ണമായി നീക്കിക്കളഞ്ഞിട്ടില്ല. നമ്മുടെ വിശ്വാസം പ്രകടനങ്ങളിലല്ല പിന്നെയോ ഉറപ്പായ സാക്ഷ്യങ്ങളില്‍ തന്നെ അധിഷ്ഠിതമായിരിക്കണം. സംശയിപ്പാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനു അവസരം ഉണ്ടായിരിക്കും; എന്നാല്‍ സത്യം അറിവാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊ തങ്ങളുടെ വിശ്വാസത്തിന്നു ആധാരമായി ധാരാളം തെളിവുകള്‍ കണ്ടെത്തുവാന്‍ കഴിയും.KP 111.2

    പരിമിതമായ മാനുഷ ബുദ്ധിക്ക് അപ്രമേയനായ ദൈവത്തിന്‍റെ ഗുണലക്ഷണങ്ങളേയോ പ്രവൃത്തികളേയോ പൂര്‍ണ്ണമായി ഗ്രഹിപ്പാന്‍ കഴിയുന്നതല്ല. ലോകത്തിലെ അതിശ്രേഷ്ഠ ബുദ്ധിമാന്മാര്‍ക്കും, എന്ന് വേണ്ട അത്യുല്‍കൃഷ്ട വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ക്ക് തന്നേയും ആ പരിപാവന ജീവിയുടെ നില ഒരു മര്‍മ്മമായി അവശേഷിച്ചിരിക്കയാണ് ചെയ്യുന്നത്. “സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്ക് മനസ്സിലാകുമോ? അത് ആകാശത്തോളം ഉയരമുള്ളതു; നീ എന്ത് ചെയ്യും? അത് പാതാളത്തെക്കാള്‍ അഗാധമായത്; നിനക്കെന്തറിയാം?” (ഇയ്യോബ് 11:7,8)KP 112.1

    “ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്‍റെ വഴികള്‍ എത്ര അഗോചരവും ആകുന്നു” എന്ന് അപ്പോസ്തലനായ പൌലോസ് സാക്ഷിച്ചിരിക്കുന്നു. (റോമ. 11:33) “മേഘവും അന്ധകാരവും അവന്‍റെ ചുറ്റും ഇരിക്കുന്നു.” എങ്കിലും “നീതിയും ന്യായവും അവന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു” (സങ്കീ. 97:2) എന്ന് സങ്കീര്‍ത്തനക്കാരനും എഴുതിയിരിക്കുന്നു. സീമയില്ലാത്ത സ്നേഹവും കരുണയും അതിരറ്റ ശക്തിയോടുചേര്‍ന്ന് വ്യാപരിക്കുന്നു എന്ന് നാം വിവേചിച്ചറിയത്തക്കവണ്ണം അവന്‍റെ പെരുമാറ്റവും അതിനു പ്രേരകമായിരിക്കുന്നു. അവന്‍റെ ഉദ്ദേശവും നമ്മുക്ക് ഗ്രഹിപ്പാന്‍ സാധിക്കും. നമ്മുക്ക് ഉപകാരപ്രദമായ അളവില്‍ മാത്രമേ ദൈവം തന്‍റെ ഉദ്ദേശം എന്തെന്ന് നമ്മുക്ക് വെളിപ്പെടുത്തിത്തരികയുള്ളു. അതിന്നപ്പുറമുള്ളവയെ സംബന്ധിച്ചു സര്‍വ്വശക്തിയുള്ള കരങ്ങളേയും സ്നേഹസമ്പൂര്‍ണ്ണമായ ഹൃദയത്തേയും തന്നെ ആശ്രയിക്കണം.KP 112.2

    ദൈവവചനത്തിലും അതിന്‍റെ ഉടമസ്ഥ സ്വഭാവത്തിലെന്നപോലെ മാനുഷബുദ്ധിക്കു ഒരിക്കലും പരിപൂര്‍ണ്ണമായി ഗ്രഹിപ്പാന്‍ ക ഴിയാത്ത മര്‍മ്മങ്ങള്‍ ഉണ്ട്. ലോകത്തിലെ പാപ പ്രവേശനം, ക്രിസ്തുവിന്‍റെ ജഡാവതാരം, പുനരുത്ഥാനം ആദിയായി വേദപുസ്തകത്തില്‍ പറയപ്പെട്ടിരിക്കുന്ന അനേകം കാര്യങ്ങള്‍ മാനുഷബുദ്ധിക്ക് പൂര്‍ണ്ണമായി വിവരിപ്പാനോ ഗ്രഹിപ്പാനോ കഴിയാത്ത അഗാധമര്‍മ്മങ്ങളാകുന്നു. ഇങ്ങനെ അവന്‍റെ ദിവ്യവിചാരണയുടെ രഹസ്യങ്ങള്‍ നമ്മുക്ക് പൂര്‍ണ്ണമായി ഗ്രഹിപ്പാന്‍ പാടില്ലാതിരിക്കുന്നത് കൊണ്ട് നാം അവന്‍റെ വചനത്തെ സംശയിച്ചുകൂടാ. പ്രാകൃതലോകത്തിലും നമ്മുക്ക് അളന്നറിവാന്‍ കഴിയാത്ത അനേകം അഗാധമര്‍മ്മങ്ങള്‍ ഉണ്ട്. ഏറ്റവും ചെറിയ ജീവികളില്‍പോലും അടങ്ങിയിരിക്കുന്ന ജീവന്‍ എന്താകുന്നു എന്നും അത് എങ്ങനെ ഉണ്ടായി എന്നും വിവരിപ്പാന്‍ ലോകത്തിലെ അതിശ്രേഷ്ഠ തത്വജ്ഞാനിക്ക് പോലും കഴികയില്ല. എല്ലായിടത്തും നമ്മുടെ ബുദ്ധിക്കതീതമായ അത്ഭുതങ്ങള്‍ ഉണ്ട്. ആ സ്ഥിതിക്ക് ആത്മീക ലോകത്തില്‍ കാണപ്പെടുന്ന രഹസ്യങ്ങളെപ്പറ്റി നാം ആശ്ചര്യപ്പെട്ടിട്ടെന്താണാവശ്യം. മാനുഷബുദ്ധിയുടെ ദുര്‍ബലതയും വിശാലതക്കുറവുമാണ് തല്‍സംബന്ധമായ വിഷമത ഉളവാക്കുന്നത്. തന്‍റെ തിരുവെഴുത്തുകളുടെ ദിവ്യസ്വഭാവത്തെക്കുറിച്ചു ദൈവംമതിയായ സാക്ഷ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ അവന്‍റെ ദിവ്യവിചാരണയുടെ രഹസ്യം മുഴുവനും നമ്മുക്ക് സുഗ്രാഹ്യമല്ലാത്തതുകൊണ്ട് നാം അവന്‍റെ വചനത്തെ സംശയിച്ചുകൂടാ.KP 112.3

    വേദപുസ്തകത്തില്‍ “ഗ്രഹിപ്പാന്‍ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരരുമായവര്‍..........തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു” എന്ന് അപ്പോസ്തലനായ പത്രോസ് പറയുന്നു. (2 പത്രോ. 3:16) വേദപുസ്തകത്തിലെ ഏതാദൃശ ഭാഗങ്ങളെ അവിശ്വാസികള്‍ ആ പുസ്തകത്തെ ദുര്‍ബലമാക്കുവാനുള്ള ആയുധങ്ങളായി ഉപയോഗിച്ചുവരുന്നു. എന്നാല്‍ അവരുടെ ന്യായവാദങ്ങളും അതിന്‍റെ ദൈവശ്വാസീയതയെ സുദൃഢമാക്കുന്നതേയുള്ളു. വേദപുസ്തകത്തില്‍ ദൈവത്തിന്‍റെ മഹത്വത്തേയും ശക്തിയേയും ഗുണലക്ഷണങ്ങളേയും സംബന്ധിച്ചു മനുഷ്യരുടെ സങ്കുചിതബുദ്ധിക്ക് ഗ്രാഹ്യമായ നിലയില്‍ എല്ലാം രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കില്‍ അത് ദൈവാത്മനിയോഗത്താല്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥമാണെന്ന് തെളിയിപ്പാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. കാരണം അത് മനുഷ്യനെ ദൈവത്തെക്കാള്‍ വലിയവനാക്കുന്നതാണ്. അതിനാല്‍ വേദപുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളുടെ വൈശിഷ്ട്യവും മര്‍മ്മവും കൊണ്ടുതന്നെ അത് ദൈവവചനമാണെന്നുള്ള ദൃഢമായ വിശ്വാസം നമ്മുക്കുണ്ടാകണം.KP 113.1

    വേദപുസ്തകം എത്രയോ ലളിതമായ രീതിയിലും മാനുഷഹൃദയത്തിന്‍റെ ആവശ്യങ്ങള്‍ക്കും വാഞ്ചിതങ്ങള്‍ക്കും അനുയോജ്യമായ വിധത്തിലും സത്യം വെളിപ്പെടുത്തുന്നുണ്ട്. തന്നിമിത്തം അത് പണ്ഡിതന്മാരും സംസ്കാരസമ്പന്നന്മാരുമായ ആളുകള്‍ക്കു എത്രയും എത്രയും ആകര്‍ഷണീയവും ആശ്ചര്യജനകവും സാധുക്കളും നിരക്ഷരകുക്ഷികളുമായവര്‍ക്ക് രക്ഷയ്ക്കുള്ള വഴികാട്ടിയുമായിരിക്കുന്നു. ഇത്ര ലളിതമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങള്‍ അത്യുല്‍കൃഷ്ടവും അതിദൂരവ്യാപകവും മാനുഷബുദ്ധിക്ക് തീരെ അതീതവുമായ വിഷയങ്ങളെ പുരസ്കരിച്ചുള്ളവയാകുന്നു. ദൈവം തന്നെ അരുളിച്ചെയ്തതുകൊണ്ട് നമ്മുക്ക് അവയെ വിശ്വസിക്കാം. ഇപ്രകാരം ദൈവനിര്‍ദ്ദിഷ്ടമായ മാര്‍ഗ്ഗത്തില്‍ കൂടി നാം രക്ഷിക്കപ്പെടുവാനും അനുതാപത്താല്‍ ദൈവത്തിങ്കലേക്കും വിശ്വാസത്താല്‍ ക്രിസ്തുവിങ്കലേക്കും ചെല്ലത്തക്കവണ്ണം രക്ഷാമാര്‍ഗ്ഗം പ്രസ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും അത്ര തെളിവായ സത്യങ്ങളുടെ അടിയില്‍ മഹത്വത്തെ മറയ്ക്കുന്ന മര്‍മ്മങ്ങള്‍ അതേ അതിന്‍ പര്യേഷണയില്‍ മനസ്സിനെ കവിയുന്നതും പരമാര്‍ത്ഥിയായ സത്യന്വേഷകന്‍റെ ഹൃത്തടത്തില്‍ ഭയഭക്തിയും വിശ്വാസവും സംജാതമാക്കുവാന്‍ പര്യാപ്തവുമായ അസംഖ്യം മര്‍മ്മങ്ങള്‍ മറഞ്ഞുകിടപ്പുണ്ട്. വേദപുസ്തകത്തെ എത്ര അധികമായി ശോധന ചെയ്യുന്നുവോ അത്ര അധികം അത് ജീവനുള്ള ദൈവത്തിന്‍റെ വചനമാണെന്നു ബോദ്ധ്യമാകയും തല്‍ഫലമായി മാനുഷീക ബുദ്ധി ദൈവീക വെളിപ്പാടിന്‍റെ മുമ്പില്‍ തല കുനിക്കയും ചെയ്യുന്നതാണ്.KP 114.1

    വേദപുസ്തകത്തിലുള്ള വന്‍ സത്യങ്ങളെ മുഴുവനായി ഗ്രഹിപ്പാന്‍ കഴിയുന്നതല്ലാ എന്ന പരമാര്‍ത്ഥം അംഗീകരിക്കുന്നതിന്‍റെ താല്പര്യം നമ്മുടെ പരിമിത ബുദ്ധികൊണ്ട് ദൈവത്തിന്‍റെ അപരിമിത ജ്ഞാനവും സര്‍വ്വശക്തന്‍റെ ഉദ്ദേശങ്ങളും ഗ്രഹിച്ചറിയുവാന്‍ സാദ്ധ്യമല്ല എന്നാണ്.KP 114.2

    ദൈവവചനത്തിന്‍റെ അഗാധത്വം അളന്നറിയുവാന്‍ കഴിയാത്തതുകൊണ്ട് സന്ദേഹിയും അവിശ്വാസിയും അതിനെ നിരാകരിച്ചു കളയുന്നു. വേദപുസ്തകത്തെ വിശ്വസിക്കുന്നു എന്ന് അഭിമാനിക്കുന്നവരിലും ചിലര്‍ ഈ ആപത്തില്‍ കുടുങ്ങിയിരിക്കുന്നുണ്ട്. അപ്പോസ്തലന്‍ ഇങ്ങനെ ഉല്‍ബോധിപ്പിക്കുന്നു:- “സഹോദരന്മാരെ, ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയാതിരിക്കേണ്ടതിനു അവിശ്വാസമുള്ള ദുഷ്ട ഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവില്ന്‍.” (എബ്രാ. 3:12) വേദപുസ്തകോപദേശങ്ങളെ കൃത്യമായി പഠിക്കുകയും തിരുവെഴുത്തുകളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നേടത്തോളം “ദൈവത്തിന്‍റെ ആഴങ്ങളെ” ആരാഞ്ഞു നോക്കുകയും ചെയ്യേണ്ടതും ആവശ്യമാണ്. (1 കൊരി. 2:10) “മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതത്രേ. വെളിപ്പെട്ടിരിക്കുന്നവയോ.............എന്നേക്കും നമ്മുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു.” (ആവ. 29:29) എന്നാല്‍ പിശാചിന്‍റെ വേല മനസ്സിന്‍റെ അന്വേഷണ ശക്തിയെ തകരാറാക്കുക എന്നുള്ളതാണ്. വേദസത്യങ്ങളെക്കുറിച്ചുള്ള പരിചിന്തനത്തില്‍ അസ്സാരം ഉന്നതഭാവം കൂടെ കലരുന്നത് കൊണ്ട് തങ്ങളുടെ തൃപ്തിക്കൊത്തവണ്ണം വിവരിപ്പാന്‍ കഴിയാതാകുമ്പോള്‍ മനുഷ്യര്‍ അക്ഷമരും പരാജിതരും ആയി കാണപ്പെടുന്നു. ദൈവശ്വാസീയമായ വചനങ്ങള്‍ തങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നു പരസ്യമായി സമ്മതിക്കുന്നത് അവര്‍ക്ക് വലിയ മാനക്കേടാണെന്നു തോന്നിപോകുന്നു ആ സത്യങ്ങളെ ദൈവം അവര്‍ക്ക് വെളിപ്പെടുത്തുന്നത് വരെ ക്ഷമയോടിരിപ്പാന്‍ അവര്‍ക്ക് മനസ്സില്ല. തിരുവെഴുത്ത് ഗ്രഹിപ്പാന്‍ തങ്ങള്‍ക്കുള്ള സ്വന്ത ബുദ്ധി ധാരാളം മതിയാകുമെന്ന് അവര്‍ക്ക് തോന്നുകയും അത് സാദ്ധ്യമല്ലെന്നു കാണുമ്പോള്‍ അവര്‍ അതിന്‍റെ അധികാരം നിഷേധിക്കയും ചെയ്യുന്നു. വേദപുസ്തകത്തില്‍ അധിഷ്ഠിതങ്ങളാണെന്നു പൊതുവേ ധരിച്ചിരിക്കുന്ന മിക്ക തത്വങ്ങള്‍ക്കും ഉപദേശത്തിന്നും വേദപുസ്തകത്തില്‍ യാതൊരു അടിസ്ഥാനവുമില്ല എന്ന് മാത്രമല്ല അവ ആ മഹല്‍ ഗ്രന്ഥത്തിന്‍റെ പൂര്‍ണ്ണമായ ദൈവശ്വാസീയമായ നിലയ്ക്ക് കടകവിരുദ്ധവുമാകുന്നു. ഈ കാരണത്താല്‍ അവ മിക്ക ആളുകളുടെ ഹൃദയത്തിലും സംശയവും പരിഭ്രാന്തിയും ഉളവാക്കീട്ടുണ്ട്. ആ കുറ്റം തിരുവെഴുത്തുകളുടെ മേല്‍ ആരോപിക്കാവുന്നതല്ല. ദൈവത്തെയും അവന്‍റെ ക്രിയകളെയും പൂര്‍ണ്ണമായി ജീവിതത്തില്‍ ആരാഞ്ഞറിവാന്‍ സാധിച്ചിരുന്നെങ്കില്‍ അതിന്‍റെശേഷം അതിലുപരിയായ സത്യം കണ്ടുപിടിക്കലോ ജ്ഞാനവര്‍ദ്ധവോടു മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും വികാസമോ ഉണ്ടാകുവാന്‍ തരമില്ല. അതില്‍ പിന്നെ ദൈവം അവരെക്കാള്‍ ഉന്നതനും ആയിരിക്കയില്ല. മാത്രമല്ല മനുഷ്യന്‍ ജ്ഞാനത്തിന്‍റെയും കാര്യസിദ്ധിയുടെയും പരമകാഷ്ഠപ്രാപിച്ചിരിക്കുന്നത് കൊണ്ട് അവന്‍റെ പുരോഗതി നിലച്ചു പോകയും ചെയ്യും. എന്നാല്‍ കാര്യം അങ്ങനെയല്ലാത്തതുകൊണ്ട് നമ്മുക്ക് ദൈവത്തെ സ്തുതിക്കാം. ദൈവം അപ്രമേയനായിരിക്കുന്നു; അവനില്‍ ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങള്‍ ഒക്കെയും ഗുപ്തമായിരിക്കുന്നു.” (കൊലോ. 2:3) മനുഷ്യര്‍ സദാ കാലത്തേക്കും ആരാഞ്ഞും പഠിച്ചും കൊണ്ടേ ഇരിക്കും; എങ്കിലും അവന്‍റെ ജ്ഞാനം, നന്മ, ശക്തി എന്നിവയുടെ ആഴം കണ്ടെത്തുവാന്‍ ഒരിക്കലും കഴികയില്ല.KP 115.1

    ഈ ജീവിതത്തില്‍ തന്നെയും തന്‍റെ മക്കള്‍ക്കു തന്‍റെ വചനത്തിലെ സത്യങ്ങള്‍ സദാ വെളിവായികൊണ്ടിരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ അറിവു സമ്പാദിപ്പാന്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളു. അതായത് ദൈവത്തിന്‍റെ വചനത്തെ ഏതു ആത്മാവിനാല്‍ നല്കപ്പെട്ടുവോ അതെ പരിശുദ്ധാത്മാവിന്‍റെ പ്രകാശനം മുഖാന്തരമേ അത് പ്രാപിപ്പാന്‍ കഴികയുള്ളു. “ആത്മാവ് സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു.” (1 കൊരി. 2:10) അത് കൂടാതെ തന്‍റെ അനുഗാമികള്‍ക്ക് യേശു കര്‍ത്താവ് കൊടുത്ത വാഗ്ദത്തം “സത്യത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും........ അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്തു നിങ്ങള്‍ക്ക് അറിയിച്ചു തരും” (യോഹ. 16:13, 14) എന്നാണല്ലോ.KP 117.1

    നാം നമ്മുക്കുള്ള ആലോചനാശക്തിയെ ഉപയോഗിക്കണം എന്നാണു ദൈവേഷ്ടം; എന്നാല്‍ നമ്മുടെ മനസ്സിന്നു ദൃഢതയും വികാസവും പ്രാപിക്കേണ്ടതിന്നു വേദാദ്ധ്യയനത്തേക്കാള്‍ ഉപയുക്തമായി മറ്റൊന്നുമില്ല. പക്ഷെ മാനുഷീക ബലഹീനതക്കും അസ്ഥിരതക്കും അധീനമായിരിക്കുന്ന നമ്മുടെ ബുദ്ധിശക്തിയെ ദൈവമാക്കരുത് എന്നേയുള്ളു. എത്രയും സ്പഷ്ടമായിരിക്കുന്ന സത്യങ്ങള്‍ കൂടെ ഗ്രഹിക്കാതാകത്തക്കവണ്ണം തിരുവെഴുത്തുകള്‍ നമ്മുടെ ബുദ്ധിക്ക് മറവായിരിക്കുന്നത് നമ്മുക്ക് ശിശുവിന്നൊത്ത പരമാര്‍ത്ഥതയും ആശ്രയശീലവും ഉണ്ടായിരുന്നിട്ട് എന്നും പഠിപ്പാന്‍ തയ്യാറായിരിക്കയും പരിശുദ്ധാത്മാവിന്‍റെ സഹായത്തിന്നായി അപേക്ഷിക്കയും ചെയ്യേണ്ടതിന്നു തന്നെ. ദൈവത്തിന്‍റെ ശക്തിയും ജ്ഞാനവും സംബന്ധിച്ചും അവന്‍റെ മേന്മ തിരിച്ചറിവാന്‍ നമ്മുക്കുള്ള കഴിവില്ലായ്മയെ സംബന്ധിച്ചുള്ള ബോധം നിമിത്തം നാം താഴ്മയുള്ളവരായിരിക്കയും അവന്‍റെ തിരുസന്നിധിയില്‍ അടുത്തു ചെല്ലുമ്പോഴെന്നപോലെ ഭയഭക്തി പുരസ്സരം ഓരോ ദിവസവും നാം അവന്‍റെ വചനം പാരായണം ചെയ്കയും വേണം. വേദപുസ്തകം തുറന്നുവായിപ്പാന്‍ ആരംഭിക്കുമ്പോള്‍ നമ്മുടെ പ്രാകൃത ഭാവത്തെ കവിയുന്ന ഒരു അധികാരത്തിന്‍ മുമ്പിലാണ് നാം ഇരിക്കുന്നതെന്നു കരുതുകയും “ഞാന്‍ ആകുന്നു” എന്ന ആ സത്യ ദൈവസന്നിധിയില്‍ നമ്മുടെ ഹൃദയവും ബുദ്ധിയും വണക്കുകയും ചെയ്യേണ്ടതാകുന്നു.KP 117.2

    പ്രഥമദൃഷ്ടിയില്‍ പ്രയാസമെന്നൊ തെളിവില്ലാത്തതെന്നൊ അനേകം സംഗതികള്‍ ഉണ്ട്. മേല്‍പ്രസ്താവിച്ചപ്രകാരം അര്‍ത്ഥം ഗ്രഹിപ്പാന്‍ ശ്രമിക്കുന്നവര്‍ക്ക് ദൈവം തന്നെ അത് പ്രസ്പഷ്ടമാക്കിക്കൊടുക്കും. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ സഹായവും നടത്തിപ്പും നമ്മുക്കില്ലാതിരുന്നാല്‍ നാം തിരുവെഴുത്തുകളെ കോട്ടിക്കളകയോ തെറ്റായി വ്യാഖ്യാനിക്കയോ ചെയ്യാനിടവരും. ചിലര്‍ ധാരാളം വായിക്കുന്നുണ്ടു. എന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. അതിനുപകരം പലപ്പോഴും വലിയ ആപത്താണുണ്ടാകുന്നത്. യാതൊരു ഭയഭക്തിയും പ്രാര്‍ത്ഥനയും കൂടാതെ വേദവായന തുടങ്ങുകയും നമ്മുടെ വിചാരങ്ങളും ആഗ്രഹവും ദൈവേഷ്ടത്തിനു സമര്‍പ്പിക്കാതിരിക്കയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സില്‍ അനേകം സംഗതികള്‍ ഉദിച്ചുവരും. ആ നിലയില്‍ നാം വേദപാരായണം ചെയ്യുന്നതു കൊണ്ടാണ് അവിശ്വാസം ബലപ്പെടുന്നത്. കാരണം അങ്ങിനെ ചെയ്യുമ്പോള്‍ ശത്രുവായവന്‍ നമ്മുടെ വിചാരങ്ങളെ തനിക്കധീനമാക്കുകയും തദ്വാര തെറ്റായ അര്‍ത്ഥം നമ്മെ ഗ്രഹിപ്പിക്കുകയും ചെയ്യും. വാക്കിലും ക്രിയയിലും ദൈവത്തോട് ഇണങ്ങിയിരിപ്പാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ അവര്‍ എത്രതന്നെ പഠിപ്പുള്ളവരായിരുന്നാലും തിരുവെഴുത്തുകളുടെ അര്‍ത്ഥം മനസ്സിലാക്കുന്നതില്‍ അവര്‍ തെറ്റിപ്പോകാനിടയുണ്ട്. എന്ന് മാത്രമല്ല അപ്രകാരമുള്ളവരുടെ വ്യാഖ്യാനങ്ങളില്‍ ആശ്രയിക്കുന്നത് ആപല്ക്കരമാകുന്നു. വേദപുസ്തകത്തിലെ ന്യൂനതകള്‍ കണ്ടുപിടിപ്പാനായി തിരുവെഴുത്തുകള്‍ പാരായണം ചെയ്യുന്നവര്‍ക്ക് ഒരു ആത്മീയമായ ബോധം ഉണ്ടായിരിക്കുന്നതല്ല. എത്രയും പ്രസ്പഷ്ടവും സുലളിതവുമായിരിക്കുന്ന സംഗതികളില്‍ അവര്‍ വിക്രത ഭവിച്ച ദൃഷ്ടിയാല്‍ സംശയവും അവിശ്വാസവും ജനിപ്പിക്കത്തക്ക കാരണങ്ങള്‍ കണ്ടെത്തിയെന്നും വരാം.KP 118.1

    അവര്‍ ഏതെല്ലാം രൂപത്തില്‍ അതിനെ വിവരിച്ചാലും ഈദൃശ സംശയത്തിന്നും അവിശ്വാസത്തിനുമുള്ള ഏകകാരണം പാപത്തോടുള്ള സ്നേഹമത്രെ. ദൈവവചനത്തിലെ ഉപദേശങ്ങളും നിബന്ധനകളും പാപത്തെ സ്നേഹിക്കുന്ന നിഗളഹൃദയത്തിന്നു സ്വീകാര്യമല്ല. അങ്ങിനെ അത് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അനുസരിപ്പാന്‍ ഇഷ്ടപ്പെടാത്തവര്‍ അതിന്‍റെ അധികാരത്തെ സംശയിക്കുന്നു. സത്യത്തില്‍ എത്തിച്ചേരണമെങ്കില്‍ സത്യം അറിവാനുള്ള ആത്മാര്‍ത്ഥമായ അഭി വാഞ്ചയും അത് അനുസരിപ്പാനുള്ള സന്മനസ്സും ഉണ്ടായിരിക്കണം. ഈ മനോഭാവത്തോടുകൂടി ദൈവവചനം പഠിക്കുന്നവര്‍ക്ക് അത് ദൈവത്തിന്‍റെ വചനം തന്നെ എന്ന് പ്രസ്പഷ്ടമായി തെളിയിക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ കണ്ടുപിടിപ്പാന്‍ സാധിക്കും. മാത്രമല്ല ഏതാദൃശ വേദപഠനം മുഖേന തങ്ങളെ രക്ഷയ്ക്കു ജ്ഞാനികളാക്കുന്ന വേദസത്യങ്ങള്‍ ഗ്രഹിപ്പാനും ഇടവരും.KP 118.2

    “അവന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം.......അറിയും” എന്ന് യേശു കര്‍ത്താവ് പറഞ്ഞിരിക്കുന്നു.(യോഹ. 7:17) നിനക്ക് മനസ്സിലാകാത്ത സംഗതിയെക്കുറിച്ചു സംശയിക്കുകയും ദുസ്തര്‍ക്കം ചെയ്യുകയും ചെയ്യുന്നതിനുപകരം നിനക്ക് ലഭിച്ചിരിക്കുന്ന വെളിച്ച (അറിവിന്‍) പ്രകാരം ജീവിക്കുക. എന്നാല്‍ അതിനുപരിയായ വെളിച്ചം (അറിവു) നിനക്ക് ലഭിക്കും. ക്രിസ്തുവിന്‍റെ കരുണയാല്‍ നിനക്ക് തെളിഞ്ഞുകിട്ടിയിരിക്കുന്ന എല്ലാകൃത്യങ്ങളും നീ അനുഷ്ഠിക്കുക. അപ്പോള്‍ നിനക്ക് സംശയാസ്പദമായിരിക്കുന്ന സംഗതികള്‍ അവന്‍ നിന്നെ ഗ്രഹിപ്പിക്കുകയും അവയെ അനുഷ്ഠിപ്പാന്‍ നിന്നെ സഹായിക്കുകയും ചെയ്യും.KP 119.1

    ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ക്കും നിരക്ഷരകുക്ഷികള്‍ക്കും ഒന്നുപോലെ പ്രസ്പഷ്ടമായിരിക്കുന്ന ഒരു തെളിവുണ്ട്. അത് അവരവരുടെ അനുഭവം തന്നെ. തന്‍റെ വചനത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ, അതെ അവന്‍റെ വാഗ്ദത്തത്തിന്‍റെ സത്യതയെ തന്നെ പരിശോധിച്ചു നോക്കുവാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. “യഹോവ നല്ലവന്‍ എന്ന് രുചിച്ചറിവിന്‍” എന്നാണ് അവന്‍ കല്പിക്കുന്നത്. (സങ്കീ. 34:8) മറ്റൊരുവന്‍റെ വാക്കില്‍ ആശ്രയിക്കുന്നതിനുപകരം നാം തന്നെ രുചിച്ചറിയേണ്ടതാകുന്നു. “അപേക്ഷിപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കും” (യോഹ. 16:24) എന്നവന്‍ പറയുന്നു. അവന്‍റെ വാഗ്ദത്തങ്ങളെ അവന്‍ നിവര്‍ത്തിക്കും. അവ ഒരു കാലത്തും വ്യര്‍ത്ഥമായിട്ടില്ല. ഒരിക്കലും വ്യര്‍ത്ഥമാകയുമില്ല. നാം യേശുവിന്‍റെ അടുക്കല്‍ചെന്ന് അവന്‍റെ സ്നേഹത്തിന്‍റെ നിറവില്‍ സന്തോഷിക്കുമ്പോള്‍ അവന്‍റെ സാന്നിധ്യത്തിന്‍റെ പ്രകാശത്തില്‍ നമ്മുടെ സന്ദേഹവും അന്ധകാരവും ഓടിമറഞ്ഞുപോകും.KP 119.2

    “നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്ന് വിടുവിച്ചു തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കിവെച്ചിരിക്കുന്നു” (കൊലൊ. 1:13) എന്ന് അപ്പോസ്തലനായ പൌലോസ് പറയുന്നു. മരണത്തില്‍നിന്നു ജീവനില്‍ കടന്നിരിക്കുന്ന ഏവനും “ദൈവം സത്യവാന്‍ എന്നുള്ളതിനു മുദ്രയിടുവാന്‍” (യോഹ. 3:33) കഴിവുള്ളവനാകുന്നു. “എനിക്ക് സഹായം ആവശ്യമായിരുന്നു; യേശുകര്‍ത്താവില്‍ ഞാന്‍ അതുകണ്ടെത്തി. അവന്‍ എന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തന്നു. എന്‍റെ ദേഹിയുടെ വിശപ്പും അവന്‍ ശമിപ്പിച്ചു. ഇപ്പോള്‍ വേദപുസ്തകം എനിക്ക് യേശുക്രിസ്തുവിന്‍റെ വെളിപ്പാടായിരിക്കുന്നു. ഞാന്‍ എന്തിന്നു യേശുവില്‍ വിശ്വസിക്കുന്നു? എന്ന് നീ ചോദിക്കുന്നുവോ? അവന്‍ എന്‍റെ ദിവ്യരക്ഷിതാവായിരിക്കുന്നത് കൊണ്ടുതന്നെ. ഞാന്‍ എന്തിന്നു വേദപുസ്തകം വിശ്വസിക്കുന്നു എന്നൊ? അത് എന്‍റെ ദേഹിയോടുള്ള ദൈവശബ്ദമാണെന്നു എനിക്ക് അനുഭവ ബോധ്യമായിരിക്കുന്നത് കൊണ്ടാകുന്നു” എന്നിങ്ങനെ അവന്നു സാക്ഷീകരിപ്പാന്‍ സാധിക്കും. വേദപുസ്തകം സത്യമെന്നും ക്രിസ്തു ദൈവത്തിന്‍റെ പുത്രനാകുന്നുവെന്നും ഉള്ളസാക്ഷ്യം നമ്മില്‍തന്നെ ഉണ്ടായ്‌വരും. നാം നിര്‍മ്മിതകഥകളെ പ്രമാണിക്കുന്നില്ല എന്ന് നാം അറിയുന്നു.KP 119.3

    “കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലും വളരുവിന്‍” (2 പത്രോ. 3:18) എന്ന് പത്രോസ് അപ്പോസ്തലന്‍ ഉല്‍ബോധിപ്പിക്കുന്നു. ദൈവത്തിന്‍റെ ജനം കൃപയില്‍ വളരുംതോറും അവന്‍റെ വചനം അവര്‍ക്ക് അധികമധികം സ്പഷ്ടമായി തെളിഞ്ഞുകിട്ടും. അതിന്‍റെ പരിപാവാന സത്യങ്ങളില്‍ അവര്‍ പുതിയ പ്രകാശവും ഭംഗിയും കണ്ടറിയും. സഭാ ചരിത്രത്തിന്‍റെ എല്ലാ യുഗങ്ങളിലും അത് വാസ്തവമായിരുന്നു. അവസാനം വരെ അങ്ങനെ തന്നെ ആയിരിക്കയും ചെയ്യും. “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.” (സദൃ.വാ. 4:18)KP 120.1

    വിശ്വാസത്താല്‍ നാം ഭാവിയിങ്കലേക്ക് നോക്കി, മാനുഷപ്രേരണകള്‍ ദൈവീകമായതിനോടു സംയോജിച്ചും ദേഹിയുടെ സര്‍വ്വശക്തികളും വെളിച്ചത്തിന്‍റെ ഉറവിടത്തെ അഭിമുഖീകരിച്ചും കൊണ്ടുള്ള നിലയില്‍ നമ്മുടെ ബുദ്ധിക്കുണ്ടാകുന്ന വികാസം സംബന്ധിച്ചു ദൈവം കൊടുത്തിരിക്കുന്ന വാഗ്ദത്തം മുറുകെ പിടിച്ചുകൊള്ളുക. ഇന്ന് ദൈവത്തിന്‍റെ ദിവ്യവിചാരണയില്‍ നമ്മുക്ക് വിഷമമായിരുന്നതെല്ലാം അന്നു തെളിവായിത്തീരുമെന്നും ഇന്ന് ഗ്രഹിപ്പാന്‍ പ്രയാസമായിരുന്നവയെ അന്നു നമ്മുക്ക് സ്പഷ്ടമാക്കിതരുമെന്നും, നമ്മുടെ ഹ്രസ്വബുദ്ധിക്ക് കലക്കമായും ഉദ്ദേശങ്ങള്‍ക്കു തമ്മില്‍ സംബന്ധമില്ലാത്തതായും കണ്ടിരുന്ന എല്ലാ കാര്യങ്ങളിലും നാം അന്നു നല്ല പൂര്‍ണ്ണതയും വിശേഷിച്ച ഐക്യതയും കാണുമെന്നും വിശ്വസിച്ചു നാം സന്തോഷിക്കുക. ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ നാം അംശമായറിയുന്നു; അപ്പോഴൊ ഞാന്‍ അറിയപ്പെട്ടതു പോലെ തന്നേ അറിയും.” (1 കൊരി. 13:12)KP 120.2

    * * * * *