Loading...
Larger font
Smaller font
Copy
Print
Contents
 • Results
 • Related
 • Featured
No results found for: "".
 • Weighted Relevancy
 • Content Sequence
 • Relevancy
 • Earliest First
 • Latest First

  അദ്ധ്യായം 2—പാപിക്കു യേശുവിനെകൊണ്ടുള്ള ആവശ്യം

  മനുഷ്യരെ ദൈവം സൃഷ്ടിച്ചപ്പോള്‍ അവനു മഹത്തായ ഗുണശക്തികളും സമചിന്തയും നല്കിയിരുന്നു. അവന്‍ പൂര്‍ണ്ണനും ദൈവത്തോടു യോജ്യതയുള്ളവനും ആയിരുന്നു. അവന്‍റെ ആലോചനകള്‍ പരിശുദ്ധവും ലക്ഷ്യങ്ങള്‍ പരിപാവനവുമായിരുന്നു. എന്നാല്‍ അനുസരണക്കേടുമൂലം അവന്‍റെ ശക്തികള്‍ വഴിപിഴച്ചുപോകയും സ്വാര്‍ത്ഥത, സ്നേഹത്തിന്‍റെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സ്വന്ത ശക്തിയാല്‍ ദോഷത്തെതടുപ്പാന്‍ കഴിയാതവണ്ണം അവന്‍റെ സ്വഭാവപ്രകൃ തി ലംഘനം നിമിത്തം ബലഹീനമായിപ്പോയി. അവന്‍ പിശാചിന്നു അടിമയായിപ്പോയി എന്നുമാത്രല്ല ദൈവം ഇതില്‍ ഇടപ്പെട്ടിരുന്നില്ലെങ്കില്‍ അവന്‍ എന്നേക്കും ആ ദാസ്യത്തില്‍ത്തന്നെ ഇരിക്കുമായിരുന്നു.KP 14.1

  മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവത്തിനുള്ള ഉദ്ദേശത്തിനു ഒരു പ്രതിബന്ധംവരുത്തി ലോകത്തെ മുഴുവനും നാശവും അരിഷ്ടതയും കൊണ്ടു നിറക്കേണമെന്നായിരുന്നു പരീക്ഷകന്‍റെ നോട്ടം. ഈ ലോകത്തിലുള്ള സര്‍വ്വദോഷവും മനുഷ്യനെ സൃഷ്ടിച്ചതില്‍നിന്നുളവായതാണെന്ന് അവന്‍ പ്രസ്താവിക്കയും ചെയ്യുന്നു. ആദിമനിഷ്ക്കളങ്കവസ്ഥയില്‍ മനുഷ്യന്നു ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങള്‍ അടങ്ങിയിരിക്കുന്ന” അവനോടു (കൊലൊ. 2:3) ആനന്ദപൂര്‍ണ്ണമായ കൂട്ടായ്മ ഉണ്ടായിരുന്നു. എന്നാല്‍ പാപം ചെയ്തശേഷം വിശുദ്ധസംസര്‍ഗ്ഗത്തില്‍ അനിഷ്ടംതോന്നുകയും തന്നിമിത്തം ദൈവസന്നിധിവിട്ടുമറഞ്ഞുകളവാന്‍ വഴിനോക്കുകയും ചെയ്തു. മാനസാന്തരപ്പെടാത്ത മനുഷ്യന്‍റെ സ്ഥിതി ഇന്നും അപ്രകാരംതന്നേ. അവന്നു ദൈവത്തോട് നിരപ്പില്ല. അവനോടുള്ള കൂട്ടായ്മയില്‍ അവന്നു സംപ്രീതിയില്ല. പാപിക്കു ദൈവസന്നിധാനത്തില്‍ സന്തോഷമായിരിക്കാന്‍ കഴികയില്ല. വിശുദ്ധജീവിതമുള്ള കൂട്ടായ്മയില്‍നിന്ന് അവന്‍ പിന്മാറിക്കളയും. സ്വര്‍ഗ്ഗത്തില്‍ അവനൊരു പ്രവേശനം ലഭിച്ചാല്‍തന്നെയും ആ സ്ഥലം അവന്നു ആനന്ദപ്രദമായിരിക്കുകയില്ല. അവിടെ വ്യാപരിക്കുന്ന സ്വാര്‍ത്ഥരഹിതമായ സ്നേഹത്തിന്‍റെ ആത്മാവ് അവന്‍റെ ഹൃദയത്തിനു ചേരുകയില്ല. അവിടെ എല്ലാഹൃദയങ്ങളും ഒരുപോലെ ആ അളവറ്റസ്നേഹ ഹൃദയത്തിനു അനുയോജ്യമായിരിക്കും. അവന്‍റെ വിചാരങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അവിടെവസിക്കുന്ന പാപരഹിതരായവര്‍ക്കുള്ളവയില്‍നിന്നു അന്യപ്പെട്ടിരിക്കും. അവന്‍റെ സ്വരം സ്വര്‍ഗ്ഗത്തിലെ ഇമ്പസ്വരത്തോടു യോജിച്ചതായിരിക്കുകയില്ല. സ്വര്‍ഗ്ഗം അവന്നു ഒരു ദണ്ഡനസ്ഥലം പോലെയിരിക്കുകയും അതിന്‍റെ പ്രകാശവും അവിടെയുള്ള സന്തോഷത്തിന്‍റെ ഉറവിടവും ആയിരിക്കുന്നവനില്‍ നിന്ന് മറഞ്ഞിരിപ്പാന്‍ അവന്‍ വാഞ്ചിക്കുകയും ചെയ്യും. ദൈവം സ്വേച്ഛാനുസാരമായോരു വിധിയാല്‍ ദുഷ്ടന്മാരെ സ്വര്‍ഗ്ഗത്തില്‍നിന്നു ബഹിഷ്കരിച്ചു കളയുന്നു എന്നല്ല പ്രത്യുത അവിടത്തെ കൂട്ടായ്മ അനുഭവിപ്പാന്‍ തങ്ങളുടെ സ്വന്തം അയോഗ്യതനിമിത്തം അര്‍ഹതയില്ലാത്തതുകൊണ്ട് അവര്‍ തന്നെ അവരെ പുറത്താക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്‍റെതേജസ്സ് ദഹിപ്പിക്കുന്ന അഗ്നിയായി അവര്‍ക്കു തോന്നും. അതുകൊണ്ട് തങ്ങളെ രക്ഷിക്കേണ്ടതിന്നു തന്നെത്താന്‍ മരണത്തിന്നു ഏല്പിച്ചുകൊടുത്ത ആ രക്ഷിതാവില്‍നിന്നു മറെക്കപ്പെടുവാനായി അവര്‍ നാശത്തെ ക്ഷണിച്ചുവരുത്തും.KP 15.1

  നാം വീണുകിടക്കുന്ന പാപക്കുഴിയില്‍ നിന്ന് നമ്മെ കരേറ്റുവാന്‍ നമ്മുക്കുതന്നെ സാധിക്കുകയില്ല. നമ്മുടെ ഹൃദയം ദോഷമുള്ളതാകുന്നു; അതുമാറ്റുവാന്‍ നമ്മാല്‍ അസാദ്ധ്യം. “അശുദ്ധനില്‍ നിന്ന് ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.” (ഇയ്യോബ് 14:4) “ജഡത്തിന്‍റെ ചിന്ത ദൈവത്തോട് ശത്രുത്വമാകുന്നു; അത് ദൈവത്തിന്‍റെ ന്യാപ്രമാണത്തിനു കീഴ്പ്പെടുന്നില്ല; കീഴ്പ്പെടുവാന്‍ കഴിയുന്നതുമല്ല.(റോമ. 8:7) വിദ്യാഭ്യാസം, സംസ്കാരം ചിന്ത, പരിശീലനം, മാനുഷീകയത്നങ്ങള്‍ ഇവയെല്ലാം അതാതിന്‍റെ സ്ഥാനത്ത് നല്ലതുതന്നെ. എങ്കിലും ഈ വിഷയത്തില്‍ അവ എല്ലാം അശക്തങ്ങളാകുന്നു. അവയെക്കൊണ്ടു നമ്മുടെ സ്വഭാവപ്രകൃതിക്ക് ഒരു ബാഹ്യമായമാറ്റം വരുത്താമെങ്കിലും ഹൃദയത്തെ മാറ്റുവാന്‍ സാധിക്കയില്ല. ‘ജീവന്‍റെ ഉറവകളെ’ ശുദ്ധീകരിപ്പാനും അവര്‍ക്ക് കഴികയില്ല. പാപത്താല്‍ അശുദ്ധരായിരിക്കുന്ന മനുഷ്യന്‍ ശുദ്ധനായിത്തീരേണ്ടതിനു മേലില്‍നിന്നുള്ള ആ പുതുജീവന്‍റെ ശക്തി അവന്‍റെ ഉള്ളില്‍ പ്രവര്‍ത്തിച്ചേ മതിയാവൂ. ആ ശക്തിയോ ക്രിസ്തുവത്രെ. അവന്‍റെ കരുണയ്ക്ക് മാത്രമേ മനുഷ്യാത്മാവില്‍ അന്തര്‍ലീനമായിരിക്കുന്ന നിര്‍ജ്ജീവശക്തികളെ സജീവമാക്കി വിശുദ്ധിക്കായി ദൈവത്തിങ്കലേക്ക് ആകര്‍ഷിപ്പാനുള്ള ശക്തിയുള്ളു. നമ്മുടെ കര്‍ത്താവ് പറയുന്നതാവിത് : “പുതുതായി ജനിച്ചില്ലായെങ്കില്‍ (അതായത് പുതു ജീവനിലേക്കുവഴിനടത്തുന്ന പുതിയോരുഹൃദയവും, പുതു ആഗ്രഹങ്ങളും, പുതു ലക്ഷ്യങ്ങളും പ്രാപിച്ചില്ലായെങ്കില്‍) ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴികയില്ല.” (യോഹന്നാന്‍ 3:3) മനുഷ്യനില്‍ ജാത്യാലുള്ള സല്‍ഗുണങ്ങളെ വികസിപ്പിച്ചാല്‍ മതിയാകുമെന്ന അഭിപ്രായം മരണഹേതുകമായ ഒരു വഞ്ചനയത്രെ. “പ്രാകൃതമനുഷ്യന്‍ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല. അത് അവന്നു ഭോഷത്വം ആകുന്നു; ആത്മീകമായി വിവേചിക്കേണ്ടതാകയാല്‍ അത് അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല”. (1 കൊരി 2:14) നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന് ഞാന്‍ നിന്നോട് പറകയാല്‍ ആശ്ചര്യപ്പെടരുത്.” (യോഹ. 3:7) “അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു” (യോഹ. 1:4) എന്നും നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെയിടയില്‍ നല്‍കപ്പെട്ട വേറൊരു നാമവുമില്ല” (അ.പ്ര. 4:12) എന്നും യേശുകര്‍ത്താവിനെക്കുറിച്ച് എഴുതിയിരിക്കുന്നുവല്ലോ.KP 16.1

  ദൈവത്തിന്‍റെ സ്വഭാവത്തിലടങ്ങിയിരിക്കുന്ന അവന്‍റെ പരോപകാരതല്പരതയും പിതൃവാത്സല്യവും മനസ്സിലാക്കുന്നതിന് അവന്‍റെ ആര്‍ദ്രസ്നേഹത്തെമാത്രം കുറികൊണ്ടാല്‍പോരാ. ന്യായപ്രമാണം സ്നേഹത്തിന്‍റെ ശാശ്വത തത്വത്തില്‍ അധിഷ്ഠിതമാണെന്ന് ഗ്രഹിക്കേണ്ടതിനു അതില്‍ വിളങ്ങുന്ന ജ്ഞാനത്തേയും നീതിയേയും വിവേചിച്ചറിഞ്ഞാലും പോരാ, അപ്പോസ്തലനായ പൌലോസ് “ന്യായപ്രമാണം നല്ലത് എന്ന് ഞാന്‍ സമ്മതിക്കുന്നു.” ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ.” (റോമ. 7:12,16) എന്ന് പ്രസ്താവിച്ചത് അതെല്ലാം മനസ്സിലാക്കിക്കൊണ്ടായിരുന്നു. തന്നിമിത്തമാണ് തന്‍റെ പ്രാകൃതനിലയുടെ അരിഷ്ടതയും കൈപ്പും അവനു ബോദ്ധ്യമാകുകയും തല്‍ഫലമായി അവന്‍ തന്നെ തിരിച്ചു “ഞാനോ ജഡമയന്‍; പാപത്തിന്നു ദാസനായി വില്ക്കപ്പെട്ടവന്‍തന്നെ”( റോമ. 7:14) എന്ന് മുറവിളികൂട്ടുകയും ചെയ്തത്. എന്നാല്‍ നീതിയും വിശുദ്ധിയും പ്രാപിക്കേണ്ടതിന് അവന്‍ വാഞ്ചിച്ചെങ്കിലും അത് സ്വയയത്നങ്ങളാല്‍ സംപ്രാപ്യമല്ലായെന്നും അതിന്നു താന്‍ അശക്തനെന്നും കാണുകയാല്‍, “അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നും എന്നെ ആര്‍ വിടുവിക്കും?” (റോമ. 7:24) എന്ന് പ്രലപിക്കുന്നു. ഇപ്രകാരമുള്ള നിലവിളി ഏതുകാലത്തും ഏതുസ്ഥലത്തു നിന്നും ഞെരുക്കവും ഭാരവും അനുഭവിക്കുന്ന ഹൃദയങ്ങളില്‍നിന്ന് പുറപ്പെടാവുന്നതാക്കുന്നു; “ഇതാ ലോകത്തിന്‍റെ ഭാരം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹ. 1:29) എന്ന ഏകസമാധാനമേ ഇതിനുള്ളൂ.KP 17.1

  പാപഭാരത്തില്‍നിന്ന് വിടുതല്‍ പ്രാപിപ്പാന്‍ ആഗ്രഹിക്കുന്ന ആത്മാക്കള്‍ക്ക് ഈ സത്യം തെളിയിച്ചുകൊടുപ്പാനും അതിനെ സ്പഷ്ടമായി ഗ്രഹിപ്പിപ്പാനുമായി തിരുവെഴുത്തുകളില്‍ അനേക ദൃഷ്ടാ ന്തങ്ങളും, സാദൃശ്യങ്ങളും ഉപയോഗിച്ചിരിക്കുന്നു. ഏശാവിനെ ചതിച്ചതില്‍ പിന്നെ തന്‍റെ പിതൃഭവനം വിട്ടു ഓടിപ്പോകുമ്പോള്‍ യാക്കോബിനു അവന്‍റെ പാപഭാരം അനുഭവ ബോദ്ധ്യമായി. ഏകാകിയും പുറംതള്ളപ്പെട്ടവനും ജീവന്‍റെ എല്ലാ സന്തോഷകാര്യങ്ങളില്‍ നിന്ന് അന്യപ്പെട്ടവനുമായി അവന്‍ യാത്രചെയ്കയാല്‍ അവന്‍റെ പാപം അവനെ ദൈവത്തില്‍ നിന്നും അകറ്റിക്കളഞ്ഞു എന്നും സ്വര്‍ഗ്ഗം അവനെ കൈവിട്ടു കളഞ്ഞു എന്നുമുള്ള ചിന്തയും വിഷാദവും മാത്രമെ അവന്‍റെ ഹൃദയത്തില്‍ ഉണ്ടായിരിന്നുള്ളു. ഈ ചിന്താഭാരവും യാത്രാക്ലേശവും നിമിത്തം ഒരിടത്ത് വെറും തറയില്‍ കിടന്നുറങ്ങി. ചുറ്റും മനുഷ്യവാസമില്ലാത്ത കുന്നുകളും മീതെ നക്ഷത്രജാലങ്ങളാല്‍ പ്രശോഭിതമായ ആകാശവുമുണ്ടായിരുന്നു. അവന്‍ അവിടെ കിടന്നുറങ്ങുമ്പോള്‍ ദര്‍ശനത്തില്‍ ഒരു വന്‍ പ്രകാശം കണ്ടു. ഈ പ്രകാശത്തില്‍ അവന്‍ കിടന്നിരുന്ന സ്ഥലംതൊട്ടു സ്വര്‍ഗ്ഗത്തിന്‍റെവാതിലോളം ചെന്നെത്തുന്ന കോണിപ്പടികളും അവയില്‍കൂടി ദൈവദൂതന്മാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നതും അവന്‍ ദര്‍ശിച്ചു. അതിന്‍റെ മീതെയുള്ള ആ തേജസ്സില്‍നിന്നു ആശ്വാസദായകവും പ്രത്യാശാജനകവുമായ ദൂത് നല്‍കുന്ന ഒരു ദിവ്യശബ്ദവും അവന്‍ കേട്ടു. ഇപ്രകാരം അവന്‍റെ ആത്മസമാധാനത്തിനു അത്യന്താപേക്ഷിതമായിരുന്ന ഒരു രക്ഷിതാവിനെപ്പറ്റിയുള്ള അറിവ് യാക്കോബിന്നു നല്‍കപ്പെട്ടു. ഒരു പാപിക്കു നഷ്ടപെട്ടുപോയ ദിവ്യസംസര്‍ഗ്ഗം വീണ്ടും പ്രാപിപ്പാനുള്ള മാര്‍ഗ്ഗം തനിക്കു വെളിപ്പെട്ടതുകൊണ്ട് അവന്‍ സന്തോഷിക്കുകയും കൃതജ്ഞതയുള്ളവനായിത്തീരുകയും ചെയ്തു. തന്‍റെ സ്വപ്നത്തില്‍കണ്ട ഈ മറുപ്പൊരുളായ കോവണി ദൈവത്തിനും മനുഷ്യനും മദ്ധ്യെയുള്ള ഏകമദ്ധ്യസ്ഥനാകുന്ന യേശു കര്‍ത്താവിനെയാണ് സൂചിപ്പിച്ചത്. അതെ സാദൃശ്യം തന്നെയാണ് “സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും” എന്ന് നഥനയേലിനോടുപറകയില്‍ യേശു ഉപയോഗിച്ചത്. വിശ്വാസത്യാഗവും, അനുസരണക്കേടും നിമിത്തം മനുഷ്യന്‍ ദൈവത്തില്‍നിന്നു വേര്‍പ്പെടുകയും അങ്ങനെ സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും തമ്മിലുള്ള ബന്ധം അറ്റുപോകുകയും ചെയ്തു. ഇവകള്‍ക്ക് മദ്ധ്യെയുള്ള വന്‍പിളര്‍പ്പിനെ തരണം ചെയ്‌വാന്‍ മറ്റുയാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്തുമുഖാന്തിരം ഈ ലോകം സ്വര്‍ഗ്ഗത്തോടു വീണ്ടും ഘടിപ്പിക്കപ്പെട്ടു. തന്‍റെ സ്വന്ത പുണ്യത്താല്‍ ക്രിസ്തു ആ പിളര്‍പ്പ് നികത്തി. സേവകാത്മാക്കളായ ദൂതന്മാര്‍ക്ക് മനുഷ്യരോടുസമ്പര്‍ക്കം പുലര്‍ത്തുവാനുള്ള വഴി തുറന്നിരിക്കുന്നു. പാപംനിമിത്തമുണ്ടായ അധഃപതനം ഹേതുവാല്‍ ബലഹീനനും നിസ്സാഹായനുമായിത്തീര്‍ന്ന മനുഷ്യനെ ക്രിസ്തുവീണ്ടും അളവില്ലാത്ത ശക്തിയുടെ ഉറവയോടുബന്ധിച്ചു.KP 17.2

  പാപത്താല്‍ ആണ്ടുകിടക്കുന്ന മാനവകുലത്തിന്‍റെ പ്രത്യാശയുടെയും സഹയാത്തിന്‍റെയും ഏകഉറവിടത്തെ അവഗണിച്ചിട്ടു സ്വന്തശ്രമത്താല്‍ പുരോഗതിയും ഉല്‍ക്കര്‍ഷവും പ്രാപിക്കാമെന്നു സ്വപ്നംകാണുന്നത് വ്യര്‍ത്ഥമത്രെ. “എല്ലാ നല്ലദാനവും തികഞ്ഞവരമൊക്കേയും.... പിതാവിങ്കല്‍ നിന്ന് ഇറങ്ങിവരുന്നു.” (യാക്കോ. 1:17) അവനെകൂടാതെ നമ്മുക്ക് അത്യുത്തമമായ ഒരു സ്വഭാവനില ഒരുകാലത്തും സംപ്രാപ്യമല്ല. ദൈവത്തിങ്കലേക്കുള്ള ഏകവഴി ക്രിസ്തുവത്രെ. “ഞാന്‍ തന്നെ വഴിയും, സത്യവും, ജീവനുമാകുന്നു. ഞാന്‍ മുഖാന്തിരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹ. 14:6) എന്ന് അവന്‍ പ്രസ്താവിച്ചിരിക്കുന്നു.KP 19.1

  ദൈവത്തിന്‍റെ ഹൃദയം മനുഷ്യമക്കളോടുള്ള അളവില്ലാത്ത സ്നേഹവും ആകാംക്ഷയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. സ്വപുത്രനെ നമ്മുക്കുവേണ്ടി ഏല്പിച്ചുകൊടുക്കയില്‍ ദൈവം സ്വര്‍ഗ്ഗം മുഴുവനേയും നമ്മുക്ക് ഏക ദാനമായി ഒഴുക്കിത്തന്നിരിക്കുന്നു. നമ്മുടെ ഉദ്ധാരണാര്‍ത്ഥം ദൈവം നിര്‍ണ്ണയിച്ച പരിപാടിയില്‍ ക്രിസ്തുവിന്‍റെ ജീവന്‍, മരണം, മദ്ധ്യസ്ഥത എന്നിവയും ദൂതന്മാരുടെ ശുശ്രൂഷയും ആത്മാവിന്‍റെ പ്രതിവാദവും എല്ലാറ്റിനും മേലായും എല്ലാറ്റിനും കൂടിയുള്ള പിതാവിന്‍റെ പ്രവൃത്തിയും മറ്റെല്ലാസ്വര്‍ഗ്ഗീയ ജീവികളുടെ നിരന്തരമായ സഹകരണവും അടങ്ങിയിരിക്കുന്നു.KP 19.2

  നമ്മുക്കുവേണ്ടി കഴിച്ചിരിക്കുന്ന അതിശയമാര്‍ന്ന ബലിയെക്കുറിച്ചു നാം നന്നായി ചിന്തിക്കുക! നഷ്ടമായിപ്പോയവരെ രക്ഷിപ്പാനും അവരെ പിതാവിന്‍റെ ഭവനത്തിലേക്ക് മടക്കിവരുത്തുവാനും സ്വര്‍ഗ്ഗം കഴിക്കുന്ന അദ്ധ്വാനത്തേയും വ്യയം ചെയ്യുന്ന ശക്തിയേയും നാം വേണ്ടുംപോലെ വിലമതിക്കണം. ഇതിലും കവിയുന്നൊരു ഹേതുകമോ, ശക്തിയേറിയ ഉപകരണങ്ങളോ മറ്റൊരുകാര്യത്തിനും പ്രായോഗികമാക്കിയിട്ടില്ല. സല്‍പ്രവൃത്തികള്‍ക്കുള്ള ഉത്തമ പ്രതിഫലം സ്വര്‍ഗ്ഗീയവാസം, ദൈവദൂതന്മാരുമായുള്ള സഹവാസം ദൈ വത്തോടും അവന്‍റെ പുത്രനോടും ഉള്ള നിരന്തര സംസര്‍ഗ്ഗം നമ്മുടെ എല്ലാഗുണ ശക്തികളുടെയും ശ്വാശത വികസനവും ഉല്‍കര്‍ഷവും ഇവ ഒട്ടൊഴിയാതെ നമ്മുടെ കര്‍ത്താവും വീണ്ടെടുപ്പുകാരനുമായവനെ നാം ഹൃദയപൂര്‍വ്വം സ്നേഹിച്ചാരാധിപ്പാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മഹല്‍ കാര്യങ്ങളല്ലയോ?KP 19.3

  നേരെമറിച്ചു പാപത്തിനെതിരായി ദൈവം പ്രഖ്യാപിച്ചിട്ടുള്ള ന്യായവിധി അനിര്‍വാര്യമായ പ്രതിക്രിയ, നമ്മുടെ സ്വഭാവത്തിന്‍റെ അധഃപതനം; അന്ത്യനാശം, ഇവയെല്ലാം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നാം സാത്താനെ സേവിക്കാതിരിപ്പാനാകുന്നു.KP 20.1

  ദൈവത്തിന്‍റെ കരുണയെ നാം വിലമതിക്കാതിരിക്കുകയോ? ഇതില്‍പരമായി അവന്‍ എന്താണുചെയ്യേണ്ടത്? അതിശയമാര്‍ന്ന സ്നേഹത്താല്‍ നമ്മെ സ്നേഹിച്ച ദൈവത്തോട് നമ്മുക്ക് ശരിയായി ചേര്‍ന്നിരിക്കാം. അവന്‍റെ സാദൃശ്യത്തോട് അനുരൂപപ്പെടുവാനായി നമ്മുക്ക് പ്രദാനംചെയ്തിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നാം തക്കത്തില്‍ ഉപയോഗിക്കുകയും തദ്വാരാ സേവാകാത്മാക്കളായ ദൂതന്മാരുടെ സഹവാസവും പിതാവിനോടും പുത്രനോടുമുള്ള പൂര്‍ണ്ണഐക്യതയും കൂട്ടായ്മയും തിരികെ പ്രാപിക്കുകയും ചെയ്യാം.KP 20.2

  * * * * *