Go to full page →

രണ്ടാമത്തെ വിസ്താരം വീച 286

പടനായകൻ ചേവകരുമായി ചെന്ന്, ജനം കല്ലെറിയുമെന്ന് ഭയപ്പെടുകയാൽ ബലാല്ക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്ന് ന്യായാധിപസംഘത്തിനു മുമ്പിൽ നിർത്തി. മഹാപുരോഹിതൻ അവരോട് ഈ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടും അമർച്ചയായി കല്പിച്ചുവല്ലോ. നിങ്ങളോ യെരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ മനുഷ്യന്‍റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നുപറഞ്ഞു. യേശുവിനെ കൊലചെയ്തതിന്‍റെ അപരാധം സമ്മതിക്കുവാൻ അവർക്കു മനസ്സില്ലായിരുന്നു. അപ്പോൾ ജനം ആർത്തു വിളിച്ചു: “അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ.” വീച 286.2

പത്രൊസ് മറ്റപ്പൊസ്തലന്മാരോടുകൂടെ മുമ്പുനടത്തിയ വിസ്താരത്തിലെ പ്രതിരോധംതന്നെ സ്വീകരിച്ചു. അതിനു പത്രൊസും മറ്റപ്പൊസ്തലന്മാരും “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പറഞ്ഞു. ദൈവം അയച്ച ദൂതനാണ് അവരെ ജയിലിൽ നിന്നു വിടുവിച്ചത്. അവൻ പറഞ്ഞതനുസരിച്ചാണ് ദൈവാലയത്തിൽ ഉപദേശിച്ചത്. അവന്‍റെ നിർദ്ദേശം അനുസരിച്ച് ദൈവത്തിന്‍റെ കല്പന നടപ്പാക്കി; തങ്ങൾക്കെന്തു സംഭവിച്ചാലും അത് അവർ നിറവേറ്റണം. പത്രൊസ് തുടർന്നു: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. യിസ്രായേലിനു മാനസാന്തരവും പാപമോചനവും നല്കാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലങ്കയ്യാൽ ഉയിർത്തിയിരിക്കുന്നു. ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നൽകിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നുത്തരം പറഞ്ഞു.” വീച 287.1

അപ്പൊസ്തലന്മാരുടെ മേൽ പരിശുദ്ധാത്മപ്രചോദനം ഉണ്ടായപ്പോൾ തങ്ങളെ കുറ്റംവിധിച്ചവർ യേശുവിനെ കൊലചെയ്തതിനു കുറ്റക്കാരായി. കൗൺസിലിലുണ്ടായിരുന്ന പുരോഹിതന്മാരും ഭരണാധികാരികളും അക്കൂട്ടത്തിലുണ്ടായിരുന്നു. യെഹൂദന്മാർ ഇതു കേട്ടപ്പോൾ കോപപരവശരായി അവർ ഇനി വിസ്താരമൊന്നും കൂടാതെ, റോമാധികൃതരുടെ അധികാരം ഒന്നും തേടാതെ, നിയമം തങ്ങളുടെ കയ്യിലെടുത്തു ജയിൽപുള്ളികളെ കൊല്ലുവാൻ തീരുമാനിച്ചു. യേശുവിന്‍റെ രക്തത്തിൽ അവർ കുറ്റക്കാരായിരിക്കുമ്പോൾ അപ്പൊസ്തലന്മാരുടെ രക്തത്തിലും അവരുടെ കരങ്ങൾ മുക്കുവാൻ അവർ തീരുമാനിച്ചു. എന്നാൽ ഈ ക്രൂരനടപടിയിൽ ഭയങ്കര പരിണിതഫലം ഉണ്ടാകുമെന്ന് അവരിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി ഗ്രഹിച്ചു. പുരോഹിതന്മാരുടെയും ഭരണാധികാരികളുടെയും ഈ അവിവേകത്തിനു വിരാമമിടാൻ കൗൺസിലിൽ നിന്നും ഒരാളെ എഴുന്നേല്പിച്ചു. വീച 287.2

ഗമാലിയേൽ ഉന്നത വിദ്യാഭ്യാസമുള്ളവനും നല്ല ജനസമ്മതി നേടിയവനും വളരെ സൂക്ഷ്മതയുള്ളവനും ആയിരുന്നു. അവൻ ജയിൽപുള്ളികൾക്കുവേണ്ടി സംസാരിക്കുന്നതിനുമുമ്പേ അവരെ അവിടെ നിന്നും പുറത്താക്കുവാൻ ആവശ്യപ്പെട്ടു. അനന്തരം അവൻ വളരെ ശാന്തനായി ആലോചനാപൂർവ്വം സംസാരിച്ചു. “യീസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തുചെയ്യുവാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ, ഈ നാളുകൾക്കു മുമ്പു തന്നെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു തുറന്നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു കൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. അവന്‍റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്‍റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്‍റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു. അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ടൊഴിഞ്ഞു കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എങ്കിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കതു നശിപ്പിക്കുവാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നുവരരുതല്ലോ എന്നുപറഞ്ഞു” വീച 288.1

അദ്ദേഹത്തിന്‍റെ വീക്ഷണത്തിന്‍റെ ന്യായം പുരോഹിതന്മാർക്കു കാണ്മാന്‍ കഴിയാതിരുന്നില്ല, അദ്ദേഹത്തോടു യോജിക്കുവാൻ അവർ കടപ്പെട്ടവരായിരുന്നു. വളരെ വൈമനസ്യത്തോടെ ജയിൽപുള്ളികളെ കോൽകൊണ്ടടിപ്പിച്ചിട്ട് യേശുവിന്‍റെ നാമത്തിൽ ഇനി പ്രസംഗിക്കരുതെന്ന് വീണ്ടും കർശന നിർദ്ദേശം നല്കി വിട്ടയച്ചു. അല്ലെങ്കിൽ അവരുടെ ധൈര്യത്തിന് അവരുടെ ജീവൻതന്നെ നല്കേണ്ടിവരും, “തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ട് ന്യായധിപ സംഘത്തിന്‍റെ മുമ്പിൽനിന്നും പുറപ്പെട്ടു പോയി. വീച 288.2

അപ്പൊസ്തലന്മാരെ പീഡിപ്പിച്ചവർ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചവരെ കീഴ്പെടുത്തുവാൻ കഴിയാഞ്ഞതിൽ വളരെ കുപിതരായി. അവരുടെ വിശ്വാസവും ധൈര്യവും അപമാനത്തെ മഹത്വമാക്കുകയും ഗുരുവിനുവേണ്ടിയുള്ള വേദന സന്തോഷമാക്കുകയും ചെയ്തു. അവരുടെ മുമ്പിൽ ഗുരു താഴ്മയും വ്യഥയും സഹിച്ചു. അങ്ങനെ ശിഷ്യന്മാർ ധൈര്യത്തോടെ പരസ്യമായ പഠിപ്പിക്കൽ തുടർന്നു. യെഹൂദന്മാരെ ഭയന്ന് പരസ്യമായി തങ്ങളുടെ വിശ്വാസം ഏറ്റുപറയാൻ മടിയുള്ളവരെ ഭവനത്തിൽവച്ചു രഹസ്യമായും പഠിപ്പിച്ചു. വീച 289.1