Loading...
Larger font
Smaller font
Copy
Print
Contents
 • Results
 • Related
 • Featured
No results found for: "".
 • Weighted Relevancy
 • Content Sequence
 • Relevancy
 • Earliest First
 • Latest First

  അദ്ധ്യായം 5—പ്രതിഷ്ഠ

  “നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും” എന്നാകുന്നു ദൈവത്തിന്‍റെ വാഗ്ദത്തം. (യിരെ. 29:13)KP 43.1

  നാം അവന്‍റെ സാദൃശ്യത്തോട് അനുരൂപരായിത്തീരുന്ന ആ രൂപാന്തരം പ്രാപിക്കേണമെങ്കില്‍ നാം നമ്മുടെ മുഴു ഹൃദയവും ദൈവത്തിനു സമര്‍പ്പിക്കേണ്ടതാകുന്നു. ജാത്യാല്‍ നാം ദൈവത്തില്‍ നിന്ന് അന്യപ്പെട്ടവരാണ്. ആ നിലയിലുള്ള നമ്മുടെ സ്ഥിതിയെ പ്പറ്റി തിരുവെഴുത്തുകള്‍:- “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവര്‍” (എഫെ. 2:1) എന്നും “തലമുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.....ഒരു സുഖവും ഇല്ല” (യെശ. 1:5,6) എന്നും വിവരിച്ചിരിക്കുന്നു. നാം പിശാചിന്‍റെ കണിയില്‍ ബലമായി കുടുങ്ങിയിരിക്കുന്നു; “പിശാചിനാല്‍ പിടിപ്പെട്ടു കുടുങ്ങിയവര്‍.” (2 തിമോ 2:26) ദൈവം നമ്മെ സൌഖ്യപ്പെടുത്തുവാന്‍ അതെ നമ്മെ സ്വതന്ത്രരാക്കുവാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഈ കാര്യം സാദ്ധ്യമാകുന്നതിനു നാം പൂര്‍ണ്ണമായൊരു രൂപാന്തരം അഥവാ നമ്മുടെ സ്വഭാവപ്രകൃതി മുഴുവന്‍ പുതുക്കം പ്രാപിക്കേണ്ടതാകയാല്‍ നാം നമ്മെ തന്നെ ദൈവത്തിന്നു പരിപ്പൂര്‍ണ്ണമായി പ്രതിഷ്ഠിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.KP 43.2

  ലോകത്തിലെ ഏറ്റവും വലിയ പോരാട്ടം ഓരോ വ്യക്തിക്കും സ്വയത്തോടുള്ള പോരാട്ടം ആകുന്നു. സ്വയത്വത്തെ ജയിച്ചടക്കി അതിനെ ദൈവേഷ്ടത്തിന്നു വിധേയമാക്കുന്നതിനുള്ള യത്നം ഒരു വലിയ പോരാട്ടം തന്നെയാണ്. എന്നാല്‍ അത് വിശുദ്ധിയില്‍ പുതുക്കപ്പെടുന്നതിന്നു മുമ്പ് നാം നമ്മെത്തന്നെ ദൈവത്തിന്നു കീഴ്‌പ്പെടുത്തിക്കൊടുക്കണം.KP 44.1

  പിശാചു നമ്മെ വിശ്വസിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നപ്രകാരം ദൈവത്തിന്‍റെ ആധിപത്യം നമ്മുടെ കണ്ണ് മടച്ചുകൊണ്ടുള്ള അനുസരണം ആവശ്യപ്പെടുന്നതോ യുക്തിവിരുദ്ധമായ നിയന്ത്രണം നമ്മുടെ മേല്‍ അടിച്ചേല്പിക്കുന്നതോ അല്ല. നമ്മുടെ ബുദ്ധിയോടും മനസ്സാക്ഷിയോടും “വരുവിന്‍, നമ്മുക്ക് തമ്മില്‍ വാദിക്കാം” (യെശ. 1:18) എന്ന് പറയുന്നു. ഇത് സൃഷ്ടികളോടുള്ള സ്രഷ്ടാവിന്‍റെ ആഹ്വാനമാകുന്നു. ദൈവം യാതൊരു സൃഷ്ടിയെയും നിര്‍ബന്ധിക്കുന്നില്ല. പൂര്‍ണ്ണമനസ്സോടും ബുദ്ധിപൂര്‍വ്വകമായും അര്‍പ്പിക്കാതിരിക്കുന്ന യാതൊരു ആരാധനയും അവന്നു സ്വീകാര്യമല്ല. നിര്‍ബന്ധിച്ചു വരുത്തുന്ന അനുസരണം മനസ്സിന്‍റേയും സ്വഭാവത്തിന്‍റേയും എല്ലാ യഥാര്‍ത്ഥ വളര്‍ച്ചയ്ക്കും ഒരു വിലങ്ങു തടിയായിരിക്കും. അത് കേവലം യന്ത്രതുല്യനാക്കും സ്രഷ്ടാവിന്‍റെ ഉദ്ദേശം അതല്ല. പ്രത്യുതാ തന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ മകുടോദാഹരണമായ മനുഷ്യന്‍ വികസിച്ചു അവന്നു സംപ്രാപ്യമായ അത്യുച്ഛനില പ്രാപിക്കേണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്. തന്‍റെ കൃപയാല്‍ ന മ്മെ എത്തിച്ചേര്‍ക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്ന അനുഗ്രഹ പൂര്‍ണ്ണമായ ഉന്നത നില അവന്‍ നമ്മുടെ മുമ്പില്‍ വെച്ചിരിക്കുന്നു. തന്‍റെ ഇഷ്ടം അവന്‍ നമ്മില്‍ നിവര്‍ത്തിക്കേണ്ടതിന്നും നാം നമ്മെത്തന്നെ അവന്നു പൂര്‍ണ്ണമായി ഏല്പിച്ചുകൊടുപ്പാന്‍ അവന്‍ നമ്മെ ക്ഷണിക്കുന്നു. നാം പാപത്തിന്‍റെ അടിമത്വത്തില്‍നിന്ന് വിടുവിക്കപ്പെട്ടു ദൈവമക്കളുടെ മഹത്വമേറിയ സ്വാതന്ത്ര്യം പ്രാപിപ്പാന്‍ ആ ക്ഷണം സ്വീകരിക്കണം. അതിലുപരിയായി നാം മറ്റൊന്നും ചെയ്യേണ്ട ആവശ്യമില്ല.KP 44.2

  നമ്മെത്തന്നെ നാം ദൈവത്തിന്നു ഏല്പിച്ചുകൊടുക്കയില്‍, അവനെ നമ്മില്‍നിന്ന് അന്യപ്പെടുത്തുന്ന എല്ലാ സംഗതികളും പാടെ പരിത്യജിക്കണം. അത്കൊണ്ടാണ് യേശുകര്‍ത്താവ് :- “നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ലായെങ്കില്‍ അവന്നു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല” (ലൂക്കൊ. 14:33) എന്ന് പറഞ്ഞിരിക്കുന്നത്. ഹൃദയത്തെ ദൈവത്തില്‍നിന്നു പിന്മാറ്റിക്കളയുന്ന സര്‍വ്വസ്വവും വിട്ടുപിരിയണം മാമോന്‍ പലരുടെയും വിഗ്രഹമാകുന്നു. ദ്രവ്യാഗ്രഹം അവരെ സാത്താനുമായി ഘടിപ്പിക്കുന്ന സ്വര്‍ണ്ണചങ്ങലയത്രെ. ലൌകീകമാനവും കീര്‍ത്തിയുമാണ് വേറൊരു വകുപ്പുകാരുടെ ആരാധ്യവസ്തു. മറ്റൊരുകൂട്ടര്‍ സ്വാര്‍ത്ഥപരമായ സുഖഭോഗങ്ങളും അതിരുകവിഞ്ഞ സ്വാതന്ത്ര്യവും കാംക്ഷിച്ചു അവയെ ആരാധിച്ചുവരുന്നു. എന്നാല്‍ നാം ഈ അടിമത്വഹേതുകമായ സകല പാശങ്ങളും പൊട്ടിച്ചുകളയണം. നാം പകുതി ദൈവത്തിന്നും പകുതി ലോകത്തിന്നുമുള്ളവരായിരുന്നുകൂടാ. നാം പരിപൂര്‍ണ്ണമായും ദൈവമക്കളായിരിക്കുന്നില്ലെങ്കില്‍ ദൈവത്തിന്‍റെ മക്കളേയല്ല.KP 45.1

  ചിലര്‍ ഞങ്ങള്‍ ദൈവത്തെ സേവിക്കുന്നു എന്ന് നടിക്കുന്നു. എങ്കിലും സ്വന്ത പരിശ്രമങ്ങളാല്‍ അവന്‍റെ ന്യായപ്രമാണം അനുഷ്ഠിപ്പാനും തങ്ങളുടെ ദുശ്ശീലങ്ങള്‍ വിട്ടുമാറി നവീകരിക്കപ്പെടുവാനും രക്ഷ അങ്ങനെ പ്രാപിപ്പാനും നോക്കുന്നു. തങ്ങളുടെ ഹൃദയത്തില്‍ ക്രിസ്തുവിന്‍ സ്നേഹത്തെക്കുറിച്ചുള്ള ആഴമായബോധം ഉണ്ടായിട്ടല്ല, അവര്‍ അങ്ങനെ ചെയ്യുന്നത്. പിന്നെയോ സ്വര്‍ഗ്ഗപ്രാപ്തിക്കു ഏതാദൃശകര്‍മ്മാനുഷ്ഠാനം അത്യന്താപേക്ഷിതമാണെന്നു ദൈവം കല്പിച്ചിട്ടുണ്ടെന്നുള്ള തെറ്റിദ്ധാരണനിമിത്തം മാത്രമാണ് അവര്‍ അങ്ങനെ ചെ യ്യുന്നത്. അങ്ങനെയുള്ള മതഭക്തികൊണ്ട് ഒരു പ്രയോജനവുമില്ല. ക്രിസ്തു ഒരുവന്‍റെ ഹൃദയത്തില്‍വാസം ചെയ്യുമ്പോള്‍ അവന്‍റെ ആത്മാവ് ക്രിസ്തുവിന്‍റെ സ്നേഹവും അവനോടുള്ള കൂട്ടായ്മയുടെ സന്തോഷവും കൊണ്ട് നിറയുകയും തന്മൂലം അവനോടു പറ്റിച്ചേരുകയും അവനെക്കുറിച്ചുള്ള ധ്യാന നിഷ്ഠയില്‍ സ്വയം മറന്നുപോകുകയും ചെയ്യുന്നതാണ്. ക്രിസ്തുവിനോടുള്ളസ്നേഹം അവരെ പ്രവര്‍ത്തനോത്സുകരാക്കും. ദൈവസ്നേഹത്താല്‍ നിര്‍ബന്ധിക്കപ്പെടുന്ന എല്ലാവരും അല്പംകൊണ്ടു ദൈവപ്രസാദം നേടുവാന്‍ തുനിയുകയോ ഏറ്റവും താണപടിയിലുള്ള ജീവിത മാനദണ്ഡത്തിന്നായി കാംക്ഷിക്കുകയോ ചെയ്യാതെ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍റെ തിരുഹിതം പരിപ്പൂര്‍ണ്ണമായി അനുഷ്ഠിപ്പാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കും. പൂര്‍ണ്ണമനസ്സോടെ അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം സമര്‍പ്പിക്കുകയും തങ്ങള്‍ അന്വേഷിക്കുന്ന വസ്തുവിന്‍റെ വിലക്കനുയോജ്യമായ ശുഷ്ക്കാന്തിയും താല്പര്യവും പ്രകടിപ്പിക്കുകയും ചെയ്യും. ഈ മാതിരി ആഴമായ സ്നേഹമില്ലാതെ പുറമോടിക്കായി മാത്രം ക്രിസ്തുവിനെ സ്വീകരിക്കുന്നതു വെറും കാപട്യവും, നിരര്‍ത്ഥകവും നിഷ്ഫലവുമത്രെ.KP 45.2

  നിനക്കുള്ളതെല്ലാം ക്രിസ്തുവിന്നു സമര്‍പ്പിക്കുന്നത് ഒരു വലിയ നഷ്ടമാണെന്ന് നീ കരുതുന്നുവോ? എങ്കില്‍ നീ, ക്രിസ്തു എനിക്കുവേണ്ടി എന്ത് നല്കിയിരിക്കുന്നു” എന്ന് നിന്നോട് തന്നെ ചോദിക്കുക. ദൈവത്തിന്‍റെ പുത്രന്‍ തന്‍റെ സര്‍വ്വസ്വവും അതായത് തന്‍റെ ജീവന്‍, സ്നേഹം കഷ്ടാനുഭവം ഇവയെല്ലാം നമ്മുടെ വീണ്ടെടുപ്പിന്നായി നല്കിയിരിക്കുന്നുവല്ലോ. അങ്ങിനെയായാല്‍ തന്‍റെ സ്നേഹത്തിന്നു പാത്രരായ നാം നമ്മുടെ ഹൃദയത്തെ അവന്നു നല്കാതിരിക്കാമോ? നമ്മുടെ നാളുകളുടെ ഓരോ നിമിഷത്തിലും നാം അവന്‍റെ കൃപയുടെ അനുഗ്രഹം അനുഭവിച്ചു പോരുന്നു. ആ കാരണം നിമിത്തം എത്ര അഗാധമായ അറിയായ്മയിലും അരിഷ്ടതയിലും നിന്നാണ് അവന്‍ നമ്മെ രക്ഷിക്കുന്നത് എന്ന് പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമ്മുക്ക് കഴിയുന്നില്ല. നമ്മുടെ പാപങ്ങള്‍ കുത്തിത്തുളെച്ചവനെ നോക്കിക്കൊണ്ട് അവന്‍റെ സ്നേഹത്തിന്നും അവന്‍ അര്‍പ്പിച്ചയാഗത്തിന്നും വിപരീതമായ പ്രവൃത്തിചെയ്‌വാന്‍ നമ്മുക്കെങ്ങനെ മനസ്സാകും? മഹത്വത്തിന്‍റെ കര്‍ത്താവായിരിക്കുന്നവന്‍ കൈവരിച്ച ഭയങ്കര താഴ്ചയെ ഓര്‍ക്കുമ്പോള്‍ നാം അനേക പോരാട്ടങ്ങളിലും അപമാനങ്ങളിലും കൂടി ജീവനില്‍ പ്രവേശിക്കേണ്ടിയിരിക്കുന്നതിനെക്കുറിച്ചു പിറുപിറുക്കുന്നത് ന്യായമാണോ?KP 46.1

  “ദൈവം എന്നെ അംഗീകരിച്ചിരിക്കുന്നു എന്നുള്ള നിശ്ചയം പ്രാപിക്കുന്നതിനുമുമ്പ് ഞാന്‍ ഇപ്രകാരം അനുതപിക്കയും എന്നെത്തന്നെയും വിനയപ്പെടുത്തുകയും ചെയ്യേണ്ട ആവശ്യമെന്തു?” എന്ന് നിഗള ഹൃദയമുള്ള പലരും ചോദിക്കാറുണ്ട്. അവര്‍ക്ക് ഞാന്‍ കര്‍ത്താവിനെ ചൂണ്ടിക്കാണിക്കുന്നു. അവനെ നോക്കുക്ക. അവന്‍ പാപരഹിതനായിരുന്നു; മാത്രമല്ല അവന്‍ സ്വര്‍ഗ്ഗീയ രാജകുമാരനും ആയിരുന്നു; എങ്കിലും മനുഷ്യന്‍റെപേര്‍ക്ക്- അതെ മാനവകുലത്തിനുവേണ്ടി- അനേകര്‍ക്കുവേണ്ടി അവന്‍ പാപമായിത്തീര്‍ന്നു- “അവന്‍ അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്കുവേണ്ടി ഇടനിന്നും കൊണ്ട് അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്തു.” (യെശ. 52:12)KP 47.1

  എന്നാല്‍ നമ്മുക്കുള്ളതെല്ലാം അവന്നു സമര്‍പ്പിക്കുമ്പോള്‍ നാം പരമാര്‍ത്ഥമായി നല്‍കുന്നത് എന്താണ്? പാപത്താല്‍ ആസകലം കറപുരണ്ടിരിക്കുന്ന നമ്മുടെ ഹൃദയമല്ലയോ? അതെ, തന്നെത്താന്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന്നും തന്‍റെ തിരുരക്തത്താല്‍ കഴുകിവെടിപ്പാക്കേണ്ടതിന്നും തന്‍റെ അപാരമായ സ്നേഹത്താല്‍ രക്ഷിക്കേണ്ടതിനുമായി ഒരു നീചഹൃദയമാണ് നാം യേശുകര്‍ത്താവിനു ഏല്പിച്ചു കൊടുക്കുന്നത്. എന്നിട്ടും പലമനുഷ്യരും അപ്രകാരം തങ്ങളുടെ സര്‍വ്വസ്വവും കൊടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമായി വിചാരിക്കുന്നു! അങ്ങനെ പറഞ്ഞു കേള്‍ക്കുന്നതും എഴുതുന്നതും എനിക്ക് ലജ്ജാകരമായിരിക്കുന്നു.KP 47.2

  നാം സൂഷിച്ചുവെച്ചാല്‍ നമ്മുക്ക് പ്രയോജനകരമായിത്തീരാവുന്ന യാതൊന്നും ഉപേക്ഷിച്ചുകളവാന്‍ ദൈവം ഒരുകാലത്തും നമ്മോടു ആവശ്യപ്പെടുകയില്ല. അവന്‍ ചെയ്യുന്നതെല്ലാം അവന്‍റെ മക്കളുടെ നന്മയെമാത്രം ലാക്കാക്കിക്കൊണ്ടെചെയ്കയുള്ളു. ക്രിസ്തുവിനെ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തവര്‍ സ്വയമായി അന്വേഷിച്ചു പ്രാപിപ്പാന്‍ ആഗ്രഹിക്കുന്നതിലും അത്യതംപരമായ നന്മ അവര്‍ക്ക് പ്രദാനം ചെയ്‌വാന്‍ ക്രിസ്തുവിന്‍റെ പക്കലുണ്ട് എന്ന് ഗ്രഹിച്ചെങ്കില്‍ എത്രനന്നായിരിക്കും? ദൈവേഷ്ടത്തിനു പ്രതികൂലമായി ചിന്തിക്കയും പ്രവൃത്തിക്കുകയും ചെയ്യുന്നതാണ് മനുഷ്യന്‍ തനിക്കുതന്നെ ചെയ്യുന്ന ദോഷങ്ങളിലും അന്യായങ്ങളിലുംവച്ചു ഏറ്റവും വലിയത്. തന്‍റെ സൃഷ്ടികള്‍ക്ക് ഉത്തമമായിരിക്കുന്നതെന്തന്നറിയുകയും അവരുടെ ഭാഗധേയത്തിനു വേണ്ടി വഴി ഒരുക്കുകയും ചെയ്യുന്ന ദൈവം വിലക്കിയിരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍കൂടി നടക്കുമ്പോള്‍ യഥാര്‍ത്ഥമായ യാതൊരുസന്തോഷവും ഉണ്ടാകയില്ല. ലംഘനത്തിന്‍റെ മാര്‍ഗ്ഗം അരിഷ്ടതയുടെയും നാശത്തിന്‍റെയും മാര്‍ഗ്ഗമത്രേ.KP 47.3

  തന്‍റെ മക്കള്‍ കഷ്ടമനുഭവിക്കുന്നത് കാണ്മാന്‍ ദൈവത്തിനു സന്തോഷമാണെന്നു വിചാരിക്കുന്നത് അബദ്ധമാണ്. മനുഷ്യന്‍റെ സന്തുഷ്ടിയില്‍ സ്വര്‍ഗ്ഗംമുഴുവനും താല്പര്യംവച്ചുമിരിക്കുന്നു. നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവ് തന്‍റെ സൃഷ്ടികളില്‍ ഒന്നിന്‍റേയും സന്തോഷം അടച്ചുകളയുന്നില്ല. നമ്മുക്ക് കഷ്ടപ്പാടും നിരാശയും വരുത്തുന്നതും സ്വര്‍ഗ്ഗീയഭാഗ്യത്തിന്‍റെ വാതില്‍ അടച്ചുകളയുന്നതുമായ എല്ലാ കാര്യാദികളും നാം പാടെ ഉപേക്ഷിക്കണമെന്നെ ദൈവം നമ്മോട് ആവശ്യപ്പെടുന്നുള്ളു. ലോകോദ്ധാരകനായ നമ്മുടെ കര്‍ത്താവ് മനുഷ്യരെ അവര്‍ ആയിരിക്കുന്ന നിലയില്‍തന്നെ, അതായതു ആവരുടെ ആവശ്യകതകള്‍, ന്യൂനതകള്‍, ബലഹീനതകള്‍ ആദിയായവയോടുകൂടിയാണ് തങ്കലേക്കു ചേര്‍ക്കുന്നത്; പിന്നെത്തേതില്‍ അവന്‍ അവരുടെ പാപങ്ങളില്‍നിന്ന് അവരെ വെടിപ്പാക്കുകയും തന്‍റെ രക്തംമൂലമുള്ള വീണ്ടെടുപ്പു നല്കുകയും ചെയ്യുന്നു എന്നുമാത്രമല്ല, തന്‍റെനുകം ഏറ്റുകൊണ്ടു തന്‍റെ ഭാരം ചുമപ്പാന്‍ ഇഷ്ടമുള്ളവര്‍ക്കൊക്കെയും അവരുടെ ഹൃദയത്തിന്‍റെ ആഗ്രഹങ്ങളെ സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. ജീവന്‍റെ അപ്പത്തിനായി തന്‍റെ അടുക്കല്‍ ചെല്ലുന്നവര്‍ക്കൊക്കെ സമാധാനവും സ്വസ്ഥതയും നല്കണമെന്നുള്ളതാണ് അവന്‍റെ ഉദ്ദേശം. അനുസരണംകെട്ടവര്‍ക്ക് ഒരു കാലത്തും സംപ്രാപ്യമല്ലാത്ത അനുഗ്രഹങ്ങളുടെ മഹോന്നതങ്ങളിലേക്ക് നമ്മെനടത്തുന്ന കൃത്യങ്ങള്‍മാത്രമെ അവന്‍ നമ്മോടു ചെയ്യുവാനായി ആവശ്യപ്പെടുന്നുള്ളു. മഹത്വത്തിന്‍റെ പ്രത്യാശയാകുന്ന ക്രിസ്തു നമ്മുടെ ഉള്ളില്‍ ഉരുവായ്തീരുമ്പോഴുണ്ടാകുന്നതാണ് സാക്ഷാല്‍ ആനന്ദകരമായ ജീവിതം.KP 48.1

  “ഞാന്‍ എങ്ങിനെയാണ് എന്നെത്തന്നെ ദൈവത്തിന്നു സമര്‍പ്പിക്കുക. എന്ന് അനേകര്‍ തങ്ങളോടുതന്നെ ചോദിക്കുന്നുണ്ട്. നിന്നെത്തന്നെ അവന്നു ഏല്പിച്ചുകൊടുപ്പാന്‍ നീ ഇഷ്ടപ്പെടുന്നു. എന്നാല്‍ സാന്മാര്‍ഗ്ഗികമായി നീ ബലഹീനനും സന്ദേഹത്തിനു ദാസനും പലവിധ ദുശ്ശീലങ്ങള്‍ക്കും നീ അധീനനുമായിരിക്കുന്നുവല്ലോ. നിന്‍റെ വാഗ്ദത്തങ്ങളും തീരുമാനങ്ങളും ഒക്കെ മണലുകൊണ്ട് പിരിച്ച കയറു പോലെയാകുന്നു. നിനക്ക് നിന്‍റെ വിചാരങ്ങളേയും പ്രേരണകളേയും അഭിലാഷണങ്ങളേയും നിയന്ത്രണാധീനമാക്കി വെപ്പാന്‍ കഴിയുന്നില്ല. കഴിഞ്ഞിട്ടില്ലാത്ത നിന്‍റെ വാഗ്ദത്തങ്ങളേയും നിറവേറ്റുവാന്‍ കഴിയാതിരുന്ന നിന്‍റെ പ്രതിജ്ഞകളേയും നീ ഓര്‍ക്കുംതോറും നിന്‍റെ പരമാര്‍ത്ഥതയെക്കുറിച്ചു നിനക്ക് തന്നെ സംശയം ജനിക്കുകയും ദൈവം നിന്നെ കൈക്കൊള്‍കയില്ലെന്നുള്ളൊരു ആശങ്ക നിന്നില്‍ ഉളവാകുകയും ചെയ്യുന്നു. എങ്കിലും നിരാശപ്പെടരുത്. മനസ്സിന്‍റെ യഥാര്‍ത്ഥ ശക്തി എന്താണെന്നു നീ ഗ്രഹിച്ചാല്‍ മതി. ഇതാണ് ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു ഒരു തീരുമാനമോ തിരഞ്ഞെടുപ്പോ കൈക്കൊള്ളുവാന്‍ മനുഷ്യശക്തി പ്രകൃതിയില്‍ തന്നെ നിക്ഷിപ്തമായിരിക്കുന്ന നിയന്ത്രണശക്തി. മനസ്സിന്‍റെ ശരിയായ പ്രവര്‍ത്തനത്തെയാണ് സര്‍വ്വകാര്യവും ആശ്രയിച്ചിരിക്കുന്നത്.KP 48.2

  തിരഞ്ഞെടുപ്പിന്‍ ശക്തി ദൈവം മനുഷ്യര്‍ക്ക്‌ പ്രദാനം ചെയ്തിട്ടുണ്ട്. അതിനെ യഥാവിധി പ്രയോഗിക്കേണ്ടത് മനുഷ്യന്‍റെ ചുമതലയത്രേ. നിന്‍റെ ഹൃദയത്തെ മാറ്റുവാനോ അതിലെ വാഞ്ചകളെ ദൈവത്തിന്നു ഏല്പിച്ചു കൊടുപ്പാനോ നിനക്ക് തന്നെത്താന്‍ കഴിയുന്നതല്ല. എന്നാല്‍ അവനെ സേവിക്കുന്നത് തിരഞ്ഞെടുപ്പാന്‍ നിനക്ക് കഴിയും. നിന്‍റെ ചിത്തം അവനെ എല്പിക്കാം. അപ്പോള്‍ അവന്‍ തിരുവുള്ളമുണ്ടായിട്ടു ഇച്ഛിക്കയെന്നതും പ്രവൃത്തിക്കയെന്നതും നിന്നില്‍ പ്രവൃത്തിക്കും. ഇപ്രകാരം നിന്‍റെ പ്രവൃത്തി മുഴുവന്‍ ക്രിസ്തുവിന്‍ ആത്മാവിന്‍റെ അധീനത്തില്‍ ആയിത്തീരും. നിന്‍റെ ആഗ്രഹങ്ങള്‍ അവനില്‍ കേന്ദ്രീകരിക്കപ്പെടുകയും നിന്‍റെ ആലോചനകള്‍ അവന്‍റെ തിരുഹിതത്തിനു യോജ്യമായിത്തീരുകയും ചെയ്യും.KP 49.1

  നന്മയ്ക്കും വിശുദ്ധിക്കുമായുള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കുന്നത് നല്ലത് തന്നെ; എന്നാല്‍ ആഗ്രഹിച്ചാല്‍ പോരാ, അവ നിറവേറിക്കിട്ടുവാന്‍ വേണ്ടത് പ്രവൃത്തിക്കുകയും വേണം. ഇല്ലെങ്കില്‍ ആഗ്രഹംകൊണ്ട് യാതൊരു പ്രയോജനവുമില്ല. പലരും സത്യക്രിസ്ത്യാനികളായിത്തീരുവാന്‍ ആശിച്ചും ആഗ്രഹിച്ചും കൊണ്ടിരിക്കെ നശിച്ചു പോകും. അവര്‍ തങ്ങളുടെ ഇഷ്ടം ദൈവത്തിനു സമര്‍പ്പിക്കാത്തതാണ് അതിനുള്ള കാരണം. അവര്‍ പരസ്യമായ ക്രിസ്തീയ ജീവിതം തിരഞ്ഞെടുക്കുന്നില്ല.KP 49.2

  മനശ്ശക്തിയുടെ ശരിയായപ്രയോഗത്തില്‍ നിന്‍റെ ജീവിതത്തില്‍ ഒരു പരിപ്പൂര്‍ണ്ണമാറ്റം വരുത്താം. നിന്‍റെ ഇഷ്ടത്തെ ക്രിസ്തുവിന്നു സമര്‍പ്പിക്കമൂലം എല്ലാവാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ഉപരിയായ ഒരു ശക്തിയോടാണല്ലോ നീ നിന്നെത്തന്നെ ബന്ധിക്കുന്നത്? അത് ഹേതുവാല്‍ നിന്നെ സ്ഥിരതയോടെ നിര്‍ത്തുവാനുള്ള ഒരു ശക്തി നീ മേലില്‍ നിന്ന് പ്രാപിക്കുകയും ഇങ്ങനെ നിത്യം നിന്നെത്തന്നെ ദൈവത്തിന്നു പ്രതിഷ്ഠിക്കുന്നതിനാല്‍ വിശ്വാസത്താലുള്ള ജീവന്‍റെ പുതുക്കത്തില്‍ നടക്കാന്‍ നിനക്ക് സാധിക്കുകയും ചെയ്യും.KP 50.1

  * * * * *