Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 13—കര്‍ത്താവിലുള്ള സന്തോഷം

    ദൈവമക്കള്‍ കര്‍ത്താവിന്‍റെ നന്മയും കരുണയും വെളിവാക്കുന്ന അവന്‍റെ സ്ഥാനാപതികളായിരിപ്പാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. യേശു കര്‍ത്താവ് തന്‍റെ പിതാവിന്‍റെ സ്വഭാവം നമ്മുക്ക് വെളിപ്പെടുത്തിത്തന്നതുപോലെ നാമും അവന്‍റെ ദയ, കരുണ, സ്നേഹം എന്നിവയെ അറിയാത്ത ലോകത്തിന്നു വെളിപ്പെടുത്തിക്കാണിക്കേണ്ടതാകുന്നു. “നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരേയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു.” “നീ എന്നെ അയച്ചിരിക്കുന്നു എന്ന്.......................... ലോകം അറിവാന്‍........................... ഞാന്‍ അവരിലും നീ എന്നിലും.....................ആയിരിക്കേണ്ടതിന്നു തന്നെ” (യോഹ. 17:18-23) എന്ന് യേശു കര്‍ത്താവ് പറഞ്ഞിരിക്കുന്നുവല്ലൊ. “സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ............................ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലൊ” എന്ന് പൌലോസ് അപ്പോസ്തലനും പറയുന്നു. (2 കൊരി 3:2,3) ഓരോ ദൈവപൈതലും ഈ ലോകത്തിലേക്കുള്ള ഓരോ പത്രം (കത്ത്) ആകുന്നു. നീ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥനുഗാമിയാണെങ്കില്‍ നീ നിന്‍റെ കുടുംബത്തിന്നും നീ വസിക്കുന്ന ഗ്രാമത്തിന്നും തെരുവിന്നും വേണ്ടിയുള്ള അവന്‍റെ പത്രം തന്നെ. യേശു നിന്നില്‍ വസിച്ചുകൊണ്ട് അവനെ അറിയാത്ത ഹൃദയങ്ങളോടു സംസാരിപ്പാന്‍ ഇച്ഛിക്കുന്നു. പക്ഷെ അവര്‍ വേദപുസ്തകം വായിക്കുന്നില്ലായിരിക്കാം. അഥവാ ആ പുസ്തകത്തിലെ ഏടുകള്‍മൂലം അവരോടു സംസാരിക്കുന്ന ശബ്ദം അവര്‍ കേള്‍ക്കുന്നില്ലായിരിക്കാം. അവന്‍റെ പ്രവൃത്തികള്‍ മൂലം ദൈവത്തിന്‍റെ സ്നേഹത്തെ അവര്‍ കാണുന്നില്ലായിരിക്കാം. എന്നാല്‍ നീ യേശുകര്‍ത്താവിന്‍റെ ഒരു യഥാര്‍ത്ഥ പ്രതിനിധിയാണെങ്കില്‍ ഒരു കാലത്ത് നീ മുഖാന്തരം അവര്‍ അവന്‍റെ നന്മയെ കണ്ടെത്തുവാനും അവന്‍റെ സ്നേഹത്തിലേക്കും സേവയിലേക്കും ആകര്‍ഷിക്കപ്പെടുവാനും ഇടയായേക്കാം.KP 121.1

    ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്ന വെളിച്ച വാഹകരാകുന്നു. അവര്‍ യേശുവില്‍ നിന്ന് തങ്ങളുടെ മേല്‍ പതിക്കുന്ന വെളിച്ചത്തെ ലോകത്തിന്നു പ്രതിബിംബിച്ചു കാണിക്കണം. ക്രിസ്തുവിനെയും അവന്‍റെ സേവയേയും കുറിച്ചു മറ്റുള്ളവര്‍ക്ക് ശരിയായ ഒരു ധാരണ ഉണ്ടാകത്തക്കവണ്ണമായിരിക്കണം അവരുടെ ജീവിതവും സ്വഭാവവും.KP 122.1

    നാം ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നെങ്കില്‍ അവന്‍റെ സേവ നമ്മുക്ക് ആയിരിക്കുന്നത് പോലെ മറ്റുള്ളവര്‍ക്കും കാമ്യമാക്കി തീര്‍ക്കും. എപ്പോഴും ഉറങ്ങിയും വിഷാദിച്ചും കൊണ്ടിരിക്കയും പിറുപിറുക്കുകയും ആവലാതി പറകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍ ദൈവത്തെയും ക്രിസ്തീയ ജീവിതത്തെയും കുറിച്ചു മറ്റുള്ളവര്‍ക്ക് എത്രയും തെറ്റായ ധാരണയാണ് പ്രദാനം ചെയ്യുന്നത്. ദൈവത്തിന്നു തന്‍റെ മക്കള്‍ സന്തോഷമായിരിക്കുന്നത് ഇഷ്ടമല്ലെന്നുള്ള ധാരണയാണ് അവര്‍ ഇതിനാല്‍ നല്കുന്നത്. എന്ന് തന്നെയല്ല; ഇതിങ്കല്‍ അവര്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്നു വിരോധമായി കള്ളസാക്ഷ്യം പറകയും ചെയ്യുന്നു.KP 122.2

    ദൈവമക്കളെ അവിശ്വാസത്തിലും നിരാശയിലും ആഴ്ത്തിക്കളവാന്‍ സാധിക്കുന്നതു പിശാചിനു വലിയ സന്തോഷഹേതുകമാണ്. നാം ദൈവത്തെ അവിശ്വസിക്കയും നമ്മെ രക്ഷിപ്പാനുള്ള അവന്‍റെ ഇഷ്ടത്തെയും ശക്തിയെയും കുറിച്ചു സംശയിക്കയും ചെയ്യുമ്പോള്‍ അവന്‍ ആനന്ദിക്കുന്നു. ദൈവം തന്‍റെ ദിവ്യവിചാരണയാല്‍ നമ്മുക്ക് ദോഷം ചെയ്യും എന്ന് നാം വിചാരിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. കര്‍ത്താവ്‌ മനസ്സലിവും ദയയും ഇല്ലാത്തവനാണെന്നു തെളിയിപ്പാനാണ് സാത്താന്‍ പരിശ്രമിക്കുന്നത്. കര്‍ത്താവിനെകുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളെ അവന്‍ തെറ്റിധരിപ്പിക്കുന്നു. അവന്‍ നമ്മുടെ മനസ്സിനെ ദൈവത്തെ സംബന്ധിച്ചുള്ള തെറ്റായ നിരൂപണങ്ങള്‍ കൊണ്ടുനിറയ്ക്കുന്നു. അങ്ങനെ നാം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനെ സംബന്ധിച്ച സത്യത്തെകുറിച്ചു ധ്യാനിക്കുന്നതിന്നു പകരം പലപ്പോഴും സാത്താന്‍ നല്‍കുന്ന തെറ്റുകളില്‍ മനസ്സ് പതിച്ചിട്ട്‌ നാം അവനെ സംശയിക്കയും അവന്നു വിരോധമായി പിറുപിറുക്കയും ചെയ്യുന്നതിനാല്‍ ദൈവത്തെ അപമാനിക്കുന്നു. നമ്മുടെ മതപരമായ ജീവിതത്തെ സന്തോഷ രഹിതമാക്കിത്തീര്‍പ്പാന്‍ പിശാചു സദാ പരിശ്രമിക്കുന്നു. അത് വളരെ കഷ്ടവും പ്രയാസവുമുള്ള ഒരു ജീവിതമാണെന്ന് കാണപ്പെടുമാറാക്കുന്നു. ഒരു ക്രിസ്ത്യാനി തന്‍റെ മതപരമായ ജീവിതത്തില്‍ ഈ അഭിപ്രായം പ്രകടമാക്കുമ്പോള്‍ അവന്‍ തന്‍റെ അവിശ്വാസം മൂലം സാത്താന്‍റെ വ്യാജത്തെ പിന്‍താങ്ങുകയത്രെ ചെയ്യുന്നത്.KP 122.3

    പലരും തങ്ങളുടെ ഈ ജീവിതയാത്രയില്‍ തങ്ങളുടെ തെറ്റുകളെയും പരാജയങ്ങളെയും ഇച്ഛാഭംഗങ്ങളെയും കുറിച്ചു സദാ ചിന്തിച്ചു ഭാരപ്പെട്ടിട്ടു തങ്ങളുടെ ഹൃദയങ്ങളെ ദുഃഖവും അധൈര്യവും കൊണ്ടു നിറയ്ക്കുന്നു. ഞാന്‍ യൂറോപ്പില്‍ ആയിരുന്നപ്പോള്‍ ഇപ്രകാരം പ്രവര്‍ത്തിക്ക നിമിത്തം വലുതായ സങ്കട വന്‍ കടലില്‍ ആണ്ടിരുന്ന ഒരു സഹോദരി ഏതെങ്കിലും ആശ്വാസ വാക്കുകള്‍ നല്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടു എനിക്കൊരു കത്തയച്ചിരുന്നു. ഞാന്‍ അവളുടെ കത്തുവായിച്ചു പിറ്റേന്ന് രാത്രി ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തില്‍ ഞാന്‍ ഒരു തോട്ടത്തിലായിരുന്നതായും ആ തോട്ടത്തിന്‍റെ യജമാനനെപ്പോലെയിരിക്കുന്ന ഒരാള്‍ എന്നെ അതിന്‍റെ ഊട് വഴികളില്‍ കൂടി നടപ്പിച്ചുകൊണ്ടു പോകുന്നതായും കണ്ടു. ഞാന്‍ അങ്ങനെ നടന്നുകൊണ്ടിരിക്കവെ തന്നെ, ഇരുവശത്തും ഉണ്ടായിരുന്ന പൂക്കള്‍ പറിച്ചു അവയുടെ സൌരഭ്യം ഏല്ക്കുകയായിരുന്നു. അപ്പോള്‍ എന്‍റെ അരികില്‍ നടന്നുകൊണ്ടിരുന്ന ആ സഹോദരി തന്‍റെ മാര്‍ഗ്ഗം തടഞ്ഞിരിക്കുന്ന ചില മുള്‍ച്ചെടികളെ എന്നെ വിളിച്ചു കാണിച്ചു. അവള്‍ കരഞ്ഞും വിലപിച്ചും കൊണ്ട് നില്ക്കയായിരുന്നു. അവള്‍ വഴികാട്ടി പോയ വഴിയില്‍കൂടി അയാളെ അനുഗമിക്കാതെ മുള്ളുകളുടെയും പാറകളുടെയും പറക്കാരകളുടെയും ഇടയില്‍ കൂടിയായിരുന്നു അവള്‍ നടന്നത്. “അയ്യൊ! ഈ വിശേഷമായ തോട്ടത്തില്‍ ഇപ്രകാരം മുള്ളും പറക്കാരയും ഉള്ളത് മഹാസങ്കടമല്ലയൊ! എന്ന് അവള്‍ വിലപിച്ചു. അപ്പോള്‍ ആ വഴികാട്ടി മുള്ളുകളെ വിട്ടൊഴിയുക; അവ നന്നെ മുറിവേല്പിക്കേയുള്ളു. അതിന്നു പകരം റോസാപൂക്കളും താമരയും ചെങ്ങനീര്‍ പൂവും ശേഖരിച്ചുകൊള്‍ക” എന്ന് ഉത്തരം പറഞ്ഞു.KP 123.1

    നിന്‍റെ ജീവിതാനുഭവങ്ങളിലും ചില സന്തോഷാവസരങ്ങള്‍ ഉണ്ടായിരുന്നില്ലയൊ? ദൈവാത്മാവിന്‍റെ പ്രവര്‍ത്തനഫലമായി നിന്‍റെ ഹൃദയവും ആനന്ദംകൊണ്ട് തുള്ളിയിരുന്ന വിലയേറിയ കാലങ്ങള്‍ നിനക്കും ഉണ്ടായിരുന്നില്ലയൊ? നിന്‍റെ ജീവിതാദ്ധ്യായങ്ങള്‍ ഓരോന്നായി നീ തിരിച്ചു നോക്കുമ്പോള്‍ അതില്‍ ചില സന്തോഷകരമായ പുറങ്ങള്‍ നീ കാണുന്നില്ലയൊ? സുഗന്ധവാസനയുള്ള പൂക്കള്‍പോലെ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ നിന്‍റെ ജീവിത മാര്‍ഗ്ഗത്തിന്‍റെ എല്ലാ ഭാഗത്തും ദൃശ്യമാകുന്നില്ലയൊ? അവയുടെ ഭംഗിക്കും മാധുര്യത്തിന്നും നിന്‍റെ ഹൃദയത്തെ സന്തോഷം കൊണ്ട് നിറപ്പാന്‍ നീ ഇടനല്‍കുകയില്ലയോ?KP 124.1

    മുള്ളുകളും പറക്കാരയും നിന്നെ മുറിപ്പെടുത്തുകയും വേദനപ്പെടുത്തുകയും മാത്രമേ ചെയ്കയുള്ളു; ഇവയെ മാത്രം നീ ശേഖരിക്കയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കയും ചെയ്യുന്നുവെങ്കില്‍ നീ ദൈവത്തിന്‍റെ നന്മയെ അലക്ഷ്യമാക്കുക മാത്രമല്ല നിന്‍റെ ചുറ്റും ഉള്ളവര്‍ ജീവന്‍റെ വഴികളില്‍ നടക്കുന്നതിനെ തടുക്കുകയും കൂടി ചെയ്യുന്നുവല്ലൊ.KP 124.2

    കഴിഞ്ഞുപോയ ജീവകാലത്തിലെ അപരാധങ്ങളും ആശാ ഭംഗങ്ങളുമാകുന്ന ദുഃഖകരമായ അനുഭവങ്ങളെ വീണ്ടും ഓര്‍ക്കുകയും നാം അധൈര്യത്തില്‍ ആണ്ടുപോവോളം അവയെപ്പറ്റി സംസാരിക്കുകയും വിലപിക്കുകയും ചെയ്യുന്നത് അത്ര ബുദ്ധിപൂര്‍വ്വകമായ കാര്യമല്ല. അധൈര്യപ്പെട്ടിരിക്കുന്ന ഒരു ദേഹി അതിനുള്ളില്‍ ദിവ്യപ്രകാശരശ്മിക്ക്‌ കടന്നുചെല്ലുവാന്‍ അശേഷം സൌകര്യമില്ലാത്ത വി ധത്തില്‍ അന്ധകാരപൂരിതമായിരിക്കുക മാത്രമല്ല മറ്റുള്ളവരുടെ വഴിയെ ഇരുട്ടാക്കുക കൂടി ചെയ്യുന്നുണ്ട്.KP 124.3

    ദൈവം നമ്മുക്ക് നല്കിയിരിക്കുന്ന ശോഭയുള്ള ചിത്രങ്ങള്‍(സന്തോഷാനുഭവങ്ങള്‍)ക്കായി നാം അവനെ സ്തുതിക്കണം. അവന്‍റെ സ്നേഹത്തിന്‍ അനുഗ്രഹിക്കപ്പെട്ട ഉറപ്പുകളെല്ലാം നാം സദാ ഓര്‍ത്തുകൊള്ളണം. ദൈവത്തിന്‍റെ പുത്രന്‍ തന്‍റെ പിതാവിന്‍റെ മഹിമാസനം വിട്ടു സാത്താന്‍റെ അധീനതയില്‍ നിന്ന് മനുഷ്യനെ രക്ഷിക്കേണ്ടതിന്നു തന്‍റെ ദൈവത്വത്തിന്നു മീതെ മാനുഷീകത്വം ധരിക്കുന്നതും, നമ്മുക്ക് വേണ്ടി അവന്‍ ജയം പ്രാപിച്ചു സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നതും, ദൈവം തന്‍റെ മഹത്വം വെളിപ്പെടുത്തുന്ന സ്ഥാനം മാനുഷദൃഷ്ടിക്കു ഗോചരമാക്കുന്നതും പാപത്താല്‍ മനുഷ്യന്‍ അകപ്പെട്ട നാശകരമായ കുഴിയില്‍ നിന്ന് അവനെ വീണ്ടെടുത്ത് വീണ്ടും അപ്രമേയനായ ദൈവത്തോടുള്ള കൂട്ടായ്മയില്‍ യഥാസ്ഥാനപ്പെടുത്തുന്നതും, നമ്മുടെ വീണ്ടെടുപ്പുകാരനിലുള്ള വിശ്വാസം മൂലം ദിവ്യശോധനയില്‍ തെളിഞ്ഞു വന്നിട്ട് ക്രിസ്തുവിന്‍റെ നീതിവസ്ത്രം അവനെ (മനുഷ്യനെ) ധരിപ്പിച്ചു അവന്‍റെ സിംഹാസനത്തില്‍ ഇരുത്തുന്നതും ആയ ഈ ചിത്രങ്ങളെ നാം നിത്യം ഓര്‍ത്തു ധ്യാനിച്ചു കൊള്ളണമെന്നു ദൈവം ആഗ്രഹിക്കുന്നു.KP 125.1

    ദൈവത്തിന്‍റെ സ്നേഹത്തെ സംശയിക്കയും അവന്‍റെ വാഗ്ദത്തങ്ങളെ വിശ്വസിക്കാതിരിക്കയും ചെയ്യുമ്പോള്‍ നാം അവനെ അപമാനിക്കയും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കയും അത്രേ ചെയ്യുന്നത്. ഒരു അമ്മ തന്‍റെ മക്കളുടെ സുഖത്തിന്നും ഭാഗ്യത്തിന്നും വേണ്ടി തന്‍റെ ജീവകാലം മുഴുവന്‍ പ്രയത്നിച്ചശേഷം അവര്‍ നിത്യവും അവളെക്കുറിച്ചു: തങ്ങളുടെ സുഖത്തിന്നുവേണ്ടി അവള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് ആവലാതി പറയുന്നുവെങ്കില്‍ ആ അമ്മയ്ക്ക്എന്ത് തോന്നും? അവളുടെ സ്നേഹത്തെ അവര്‍ സംശയിക്കുന്നു എന്നിരിക്കട്ടെ; അത് അവളുടെ ഹൃദയത്തെ തകര്‍ത്ത് കളകയില്ലയൊ? മക്കള്‍ ഇപ്രകാരം തങ്ങളോടു പെരുമാറിയാല്‍ ഏതെങ്കിലും മാതാവോ പിതാവോ അത് സഹിക്കുമോ? അപ്രകാരമായാല്‍, നമ്മുക്ക് ജീവനുണ്ടാകേണ്ടതിന്നു തന്‍റെ ഏകജാതനായ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം നമ്മെ സ്നേഹിച്ച നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവിന്‍റെ സ്നേഹത്തെ നാം സംശയിച്ചാല്‍ അവന്‍ അത് എങ്ങനെ സഹിക്കും? “സ്വന്ത പുത്രനെ ആദരിക്കാതെ നമ്മുക്ക് എല്ലാവര്‍ക്കും വേണ്ടി ഏല്പിച്ചു ത ന്നവന്‍, അവനോടുകൂടെ സകലവും നമ്മുക്ക് നല്കാതിരിക്കുമോ?” എന്ന് അപ്പോസ്തലന്‍ ചോദിക്കുന്നു. (റോമ. 8:32) എന്നിട്ടും എത്ര ആളുകള്‍ പക്ഷെ വാക്കുകളാലല്ലെങ്കിലും തങ്ങളുടെ ക്രിയകളാല്‍- “ഇത് ദൈവം എനിക്ക് വേണ്ടിയല്ല ചെയ്തത്; അവന്‍ എന്നെ അല്ല മറ്റുള്ളവരെയാണ് സ്നേഹിക്കുന്നത്” എന്ന് പറയുന്നു!KP 125.2

    ഇതെല്ലാം നിന്‍റെ സ്വന്ത ദേഹിയെ അപകടത്തിലാക്കുന്ന കാര്യങ്ങള്‍ ആകുന്നു; എന്തുകൊണ്ടെന്നാല്‍ നീ ഉച്ചരിക്കുന്ന ഓരോ സംശയ വാക്കുകളാലും നീ പിശാചിന്‍റെ പരീക്ഷയെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ നിന്നിലുള്ള സംശയ മനസ്സിനെ നീ ബലപ്പെടുത്തുകയും നിന്‍റെ അരികെ നിന്ന് നിന്നെ ശുശ്രൂഷിക്കുന്ന ദൂതന്മാരെ നീ ദുഃഖിപ്പിക്കയും ചെയ്യുന്നു. പിശാചു നിന്നെ പരീക്ഷിക്കുമ്പോള്‍ സംശയത്തിന്‍റെയോ അന്ധതയുടെയോ ഒരു വാക്കുപോലും ശബ്ദിച്ചു പോകരുത്. അവന്‍റെ മന്ത്രണങ്ങള്‍ക്ക് നീ മനം ചായിക്കുന്നുവെങ്കില്‍ അവന്‍ അത് മുഴുവനും സംശയജനകവും മത്സരം ഉളവാക്കുന്നതുമായ ചിന്തകള്‍കൊണ്ടു നിറയ്ക്കും. നിന്‍റെ സന്ദേഹങ്ങളെ നീ പുറത്തു പറയുമ്പോള്‍ ആ സംശയങ്ങള്‍ ഓരോന്നും നിന്‍റെ മനസ്സില്‍ തന്നെ ആഴത്തില്‍ പതിഞ്ഞുപോകുന്നു എന്ന് മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തില്‍ അത് മുളെച്ചു വളര്‍ന്നു ഫലം കായ്ക്കുന്ന ഒരു വിത്തായിരിക്കുകയും ചെയ്യും. നിന്‍റെ വാക്കുകള്‍ ഉളവാക്കുന്ന ഏതാദൃശ ഫലങ്ങളെ നശിപ്പിപ്പാന്‍ ഒരിക്കലും സാധിക്കുന്നതല്ല. പരീക്ഷാകാലങ്ങളില്‍ നിന്നും സാത്താന്‍റെ കെണിയില്‍ നിന്നും തെറ്റി ഒഴിവാന്‍ പക്ഷേ നിനക്ക് സാധിക്കുമായിരിക്കാം. എങ്കിലും നീ ഉച്ചരിച്ച സംശയ വാക്കുകള്‍ നിമിത്തം അതിന്‍റെ സ്വാധീന ശക്തിക്കധീനമായിപ്പോയ മറ്റുള്ളവര്‍ക്ക് ആ അവിശ്വാസത്തില്‍ നിന്ന് തെറ്റി ഒഴിവാന്‍ സാധിക്കുന്നതല്ല എന്ന് വന്നേക്കും. അത്കൊണ്ടു ആത്മീക ജീവശക്തിയും വര്‍ദ്ധനയും വരുത്തുന്ന വാക്കുകള്‍ മാത്രമെ നാം ഉച്ചരിക്കാവൂ എന്നത് എത്രയും പ്രാമുഖ്യമായ ഒരു കാര്യമാകുന്നു.KP 126.1

    നിങ്ങളുടെ സ്വര്‍ഗ്ഗീയ യജമാനനെക്കുറിച്ചു എപ്രകാരമുള്ള സാക്ഷ്യമാകുന്നു നിങ്ങള്‍ ലോകത്തിന്നു കൊടുക്കുന്നത് എന്ന് കേള്‍പ്പാന്‍ ദൈവദൂതന്മാര്‍ സദാ ജാഗരൂകരായിരിക്കുന്നു. നിങ്ങളുടെ സംഭാഷണം നിങ്ങള്‍ക്ക് വേണ്ടി പിതാവിനോട് പക്ഷപാതം ചെയ്യുവാന്‍ സദാ ജീവിച്ചിരിക്കുന്നവനെ സംബന്ധിച്ചായിരിക്കട്ടെ. നിങ്ങളുടെ ചങ്ങാതിമാരെ നിങ്ങള്‍ അഭിവാദ്യം ചെയ്യുമ്പോള്‍ ദൈവസ്തുതി നിങ്ങളുടെ നാവിന്മേലും ഹൃദയത്തിലും ഉണ്ടായിരിക്കട്ടെ. ഇത് ചെയ്യുന്നതിനാല്‍ നിന്‍റെ ചങ്ങാതിയുടെ വിചാരങ്ങള്‍ യേശു കര്‍ത്താവിങ്കലേക്കു ആകര്‍ഷിക്കപ്പെടും.KP 127.1

    കഷ്ടസങ്കടങ്ങള്‍ ഏവര്‍ക്കും ഉള്ളതാകുന്നു; സഹിച്ചു കൂടാത്ത ദുഃഖവും തടുപ്പാന്‍ പ്രയാസമായ പരീക്ഷകളും ഏവരുടെയും ഓഹരിയത്രെ. നിന്‍റെ കഷ്ടസങ്കടങ്ങളെക്കുറിച്ചു നിന്‍റെ കൂട്ടുകാരനോട് പറയുന്നതിനു പകരം നിന്‍റെ എല്ലാ സങ്കടങ്ങളെയും പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്കു കൊണ്ടു ചെല്ലുക. സംശയം ജനിപ്പിക്കുന്നതോ അധൈര്യം ഉളവാക്കുന്നതോ ആയ ഒരു വാക്കുപോലും നീ ഉച്ചരിക്കയില്ല എന്നത് നിന്‍റെ ഒരു പ്രമാണമായിരിക്കട്ടെ; ആശാജനകവും വിശുദ്ധ സന്തോഷവഹവുമായിരിക്കുന്ന വാക്കുകള്‍ നീ ഉച്ചരിക്കുന്നതിനാല്‍ മറ്റുള്ളവരുടെ ജീവിതത്തെ ധാരാളമായി പ്രാശോഭിതമാക്കി തീര്‍പ്പാനും അവരുടെ പരിശ്രമങ്ങളില്‍ അവരെ പ്രോത്സാഹിപ്പിപ്പാനും നിനക്ക് സാധിക്കും.KP 127.2

    ധൈര്യശാലികളായ അനേകം പേര്‍ അനേക വിധമായ പരീക്ഷകളാല്‍ ബാധിക്കപ്പെട്ടിട്ടു സ്വയത്തോടും ദോഷശക്തികളോടുമുള്ള പോരാട്ടത്തില്‍ ബോധക്ഷയരായി വീഴാറായിരിക്കുന്നു. അപ്രകാരമുള്ള ഒരുവനെ അവന്‍റെ ഭയങ്കര പോരാട്ടത്തില്‍ നീ അധൈര്യപ്പെടുത്തരുത്. ധൈര്യവും ആശയും നല്‍കുന്ന വാക്കുകളാല്‍ അവനെ സന്തോഷിപ്പിച്ചുകൊണ്ടു അവന്‍റെ പരിശ്രമങ്ങളില്‍ അവനെ പ്രോത്സാഹിപ്പിക്കുക. ഇപ്രകാരം ക്രിസ്തുവിന്‍റെ വെളിച്ചം നിന്നില്‍ നിന്ന് പ്രതിബിംബിച്ചു കാണും. “നമ്മില്‍ ആരും തനിക്കായി തന്നെ ജീവിക്കുന്നില്ല.” (റോമ. 14:17) നാം അറിയാതെ കണ്ടു തന്നെ നമ്മില്‍ നിന്ന് പുറപ്പെടുന്ന പ്രേരണാശക്തിയാല്‍ മറ്റുള്ളവര്‍ ഒന്നുകില്‍ ധൈര്യവും ശക്തിയും പ്രാപിക്കും അല്ലെങ്കില്‍ അവര്‍ അധൈര്യപ്പെട്ടു ക്രിസ്തുവിലും അവന്‍റെ സത്യത്തിലും നിന്നും അകന്നുപോകും.KP 128.1

    ക്രിസ്തുവിന്‍റെ ജീവിതത്തെയും അവന്‍റെ സ്വഭാവത്തെയുംപ്പറ്റി എത്രയോ തെറ്റഭിപ്രായം ഉള്ള അനേകം ആളുകള്‍ ഉണ്ട്. അവന്‍ ദയയും കരുണയും ഇല്ലാത്ത മൂര്‍ഖനും ക്രൂരനും സന്തോഷരഹിതനും ആയിരുന്നെന്ന് അവര്‍ വിചാരിക്കുന്നു. അതിനാല്‍ മിക്ക ആളുകളുടെയും മതപരമായ ജീവിതം മുഴുവനും ഈ ശോചനീയമായ അഭിപ്രായത്താല്‍ കറപ്പെട്ടിരിക്കുന്നു.KP 128.2

    യേശു പലപ്പോഴും കരഞ്ഞതായി പറയപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലെങ്കിലും ചിരിച്ചതായി നമ്മുക്ക് അറിവില്ല. സംശയമെന്യെ നമ്മുടെ രക്ഷിതാവ് വ്യസനപാത്രമായും ദുഃഖം ശീലിച്ചവനായും ഇരുന്നു; കാരണം അവന്‍ മനുഷ്യരുടെ സകല കഷ്ടതകള്‍ക്കും തന്‍റെ ഹൃദയം തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അവന്‍റെ ജീവിതം സ്വയത്യാഗപരവും വേദനയും ആകുലചിന്തയും കൊണ്ടു മങ്ങിയതും ആയിരുന്നെങ്കിലും അവന്‍റെ ആത്മാവ് അവയാല്‍ നുറുങ്ങിപ്പോയിരുന്നില്ല. അവന്‍റെ മുഖത്തു സങ്കടമോ പിറുപിറുപ്പോ പ്രകടമായിരുന്നില്ല; അതിനു പകരം എല്ലായ്പോഴും സമാധാന പൂര്‍ണ്ണമായ ശാന്തതയത്രേ കളിയാടിയിരുന്നത്. അവന്‍റെ ഹൃദയം ജീവന്‍റെ ഉറവിടമായിരുന്നു; അവന്‍ കടന്നു ചെന്നേടത്തൊക്കെയും സ്വൈരവും സമാധാനവും ഉല്ലാസവും ആനന്ദവും വരുത്തിക്കൊടുത്തു.KP 128.3

    നമ്മുടെ രക്ഷിതാവ് ഗാഢമായ ഗൌരവവും അതിയായ നിഷ്കര്‍ഷവും പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഒരിക്കലും കുണ്ഠിതമോ കര്‍ക്കശഭാവമോ കാണിച്ചിട്ടില്ല. അവന്‍റെ ജീവിതത്തെ അനുകരിക്കുന്നവരുടെ ജീവിതവും മഹത്തായ ഉദ്ദേശങ്ങളും താന്താങ്ങളുടെ ചുമതലകളെകുറിച്ചു ആഴമായ ബോധവുമുണ്ടായിരിക്കും. ലഘുബുദ്ധിയെ അവര്‍ കീഴമര്‍ത്തും. അയോഗ്യമായ സന്തോഷപ്രകടനമാകട്ടെ, അട്ടഹാസത്തോടുകൂടിയിരിക്കയാകട്ടെ അവലക്ഷണമായ പരിഹാസവാക്കാകട്ടെ അവരില്‍ കാണപ്പെടുകയില്ല; യേശു കര്‍ത്താവിന്‍റെ മാര്‍ഗ്ഗം നദിക്കുതുല്യമായ സമാധാനം നല്‍കും. അത് സന്തോഷ പ്രഭയെ അണച്ചു കളകയോ ഹൃദയോല്ലാസത്തെ വിഘ്നപ്പെടുത്തുകയോ പുഞ്ചിരിയുള്ള മുഖത്തെ പ്രകാശരഹിതമാക്കുകയോ ചെയ്കയില്ല. ക്രിസ്തു ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനത്രെ വന്നത്; അവന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ വാഴുമ്പോള്‍ നാം അവന്‍റെ മാതൃക അനുകരിക്കും.KP 129.1

    മറ്റുള്ളവര്‍ നമ്മോടു ചെയ്ത ദയാരഹിതവും അന്യായവും ആയ പ്രവൃത്തികള്‍ നാം നമ്മുടെ മനസ്സില്‍ സര്‍വ്വപ്രധാനമായി സംഗ്രഹിക്കുന്നു ആ പ്രവൃത്തികള്‍ നിമിത്തം നാം അവരോടു വൈരാഗ്യം പ്രകടിപ്പിക്കുന്നു എന്ന് വരികില്‍ ക്രിസ്തു നമ്മെ സ്നേഹിച്ചത് പോലെ നമ്മുക്ക് അവരെ സ്നേഹിപ്പാന്‍ കഴികയില്ല. എന്നാല്‍ ക്രിസ്തുവിനു നമ്മോടുള്ള അത്ഭുതകരമായ സ്നേഹത്തിലും ദയയിലും നാം ധ്യാന നിരതരായിരിക്കുമ്പോള്‍ അതെ ആത്മാവ് തന്നെ നമ്മില്‍ നിന്ന് മറ്റുള്ളവരിലേക്ക് പ്രവഹിക്കും. അതായത് ക്രിസ്തു നമ്മെ സ്നേഹിച്ചത് പോലെ നാം മറ്റുള്ളവരെ സ്നേഹിക്കും. മറ്റുള്ളവരില്‍ കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നാല്‍ തന്നെയും നാം അന്യോന്യം സ്നേഹിപ്പാനും മാനിപ്പാനും കടമ്പെട്ടിരിക്കുന്നു. താഴ്മയും സ്വത്യാഗവും ശീലിക്കണം അന്യരുടെ തെറ്റില്‍ സഹിഷ്ണത ഉള്ളവരും ആയിരിക്കണം. ഇത് നമ്മിലുള്ള ഇടുങ്ങിയ സ്വാര്‍ത്ഥതല്പരതയെ ഇല്ലായ്മ യാക്കുകയും നമ്മെ ഹൃദയ വിശാലതയും ഔദാര്യശീലവും ഉള്ളവരാക്കി തീര്‍ക്കുകയും ചെയ്യും. “യഹോവയില്‍ ആശ്രയിച്ചു നന്മ ചെയ്ക. ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. അവന്‍ നിന്നെ പോഷിപ്പിക്കും.” (സങ്കീ. 37:3) എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. “യഹോവയില്‍ ആശ്രയിക്ക.” ഓരോ ദിവസത്തിനും അതതിന്‍റെ ഭാരവും ആകുലചിന്തയും കുഴപ്പങ്ങളും ഉണ്ട്. നാം അന്യോന്യം കണ്ടുമുട്ടുമ്പോള്‍ എത്രവേഗം നമ്മുടെ പ്രയാസങ്ങളെയും കഷ്ടങ്ങളെയും കുറിച്ചു സംസാരിക്കുന്നു! ഈ സംഭാഷണത്തില്‍ നാം പറയുന്ന കഷ്ടങ്ങള്‍ അധികവും നാം വായ്പ വാങ്ങുന്നതാണ്. പല മാതിരി ഭയം നാം കൈവളര്‍ത്തുന്നു. അതിഭീമമായ ചിന്താഭാരം നാം പ്രകടമാക്കുന്നു. ഇവയൊക്കെയും കാണുന്ന ഒരുവന്‍, നമ്മുടെ അപേക്ഷകള്‍ കേള്‍പ്പാനും സകല കഷ്ടങ്ങളിലും ഏറ്റവും അടുത്ത തുണയായിരിപ്പാനും സദാ മനസ്സൊരുക്കവും ദയയുമുള്ള ഒരു രക്ഷിതാവ് നമ്മുക്കില്ലായെന്നു തോന്നിപ്പോകും.KP 129.2

    ചില മനുഷ്യര്‍ എപ്പോഴും ഭയത്തോടിരിക്കയും കഷ്ടതകളെ കടം വാങ്ങുകയും ചെയ്യുന്നു. അവരുടെ ചുറ്റും ദൈവത്തിന്‍റെ സ്നേഹലക്ഷ്യങ്ങള്‍ കാണപ്പെട്ടാലും ദിവസേന അവന്‍റെ കൃപാകടാക്ഷത്തില്‍ അനുഗ്രഹങ്ങള്‍ അവര്‍ പ്രാപിച്ചാലും അവര്‍ അതെല്ലാം വിസ്മരിച്ചു കളയുന്നു. തങ്ങള്‍ക്ക് വരാന്‍ പോകുന്നു എന്ന് അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്ന ഏതൊ സന്തോഷരഹിതമായ ഒരു കാര്യത്തെപ്പറ്റി അവര്‍ സദാ ദുഃഖിച്ചുകൊണ്ടിരിക്കുന്നു. തല്ക്കാലം അവര്‍ക്കുള്ള ഒരു പ്രയാസം- അത് പക്ഷെ ലഘുവായ ഒന്നായിരിക്കാം. തങ്ങളുടെ കൃതജ്ഞതയെ അര്‍ഹിക്കുന്ന പല നന്മകളെ അവര്‍ കാണാതിരിക്കത്തക്കവണ്ണം അവരുടെ കണ്ണുകളെ കുരുടാക്കിക്കളഞ്ഞു. അവര്‍ക്ക് നേരിടുന്ന പ്രയാസങ്ങള്‍ തങ്ങളുടെ സഹായം വരുന്ന ഏക ഉറവിടമാകുന്ന ദൈവത്തിങ്കലേക്കു അവരെ നയിക്കുന്നതിനു പകരം ഏതാദൃശകഷ്ടങ്ങളാല്‍ അവരില്‍ ഉളവാകുന്ന അസ്വസ്ഥതയും പിറുപിറുപ്പും നിമിത്തം അവരെ അവനില്‍ നിന്ന് അന്യപ്പെടുത്തിക്കളയുന്നു.KP 130.1

    ഇപ്രകാരം നാം അവിശ്വാസികളായിരിക്കുന്നതു നന്നാണോ? എന്തിന്നു നാം നന്ദി കെട്ടവരും വിശ്വാസമില്ലാത്തവരുമായിരിക്കണം? യേശുവല്ലോ നമ്മുടെ മിത്രം; സ്വര്‍ഗ്ഗം മുഴുവനും നമ്മുടെ സൌഭാഗ്യനിലയില്‍ അതീവ താല്പര്യമുള്ളവരായിരിക്കുന്നു. ഈ ജീവിതത്തിലെ ക ഷ്ടാരിഷ്ടതകളാല്‍ നാം ദുഃഖിതരും മുഖം വാടിയവരുമായിരിക്കരുത്. അങ്ങനെയിരുന്നാല്‍ നമ്മുടെ ഉപദ്രവങ്ങളും അസഹ്യതകളും ഒരു നാളും ഒഴിഞ്ഞുപോകയില്ല. നമ്മെ അലട്ടുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നതിനല്ലാതെ പരീക്ഷ സഹിപ്പാന്‍ സഹായകമല്ലാത്ത ചിന്തയില്‍ നാം മുഴുകിയിരിക്കരുത്.KP 130.2

    നിനക്ക് തൊഴില്‍പരമായ വിഷമത ഉണ്ടായിരുന്നേക്കാം. വലിയ നഷ്ടം ഉണ്ടാകത്തക്ക ലക്ഷ്യങ്ങള്‍ കണ്ടിട്ട് ഭാവി മുഴുവനും അന്ധകാരമയമായിത്തോന്നിയെക്കാം. എങ്കിലും അധൈര്യപ്പെട്ടുപോകാതെ നിന്‍റെ ചിന്താഭാരം ദൈവത്തിന്മേല്‍ ഇട്ടിട്ടുശാന്തമായും സന്തോഷമായും ഇരിക്കുക. നിന്‍റെ ഇടപാടുകളെ ബുദ്ധിപൂര്‍വ്വം നിറവേറ്റേണ്ടതിനു ആവശ്യമുള്ള ജ്ഞാനത്തിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക; ഇപ്രകാരം നിനക്ക് വരുവാനിരിക്കുന്ന സങ്കടവും നഷ്ടവും ഒഴിവാക്കാം. അനുകൂലമായ ഫലപ്രാപ്തിക്കായി നിന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുക. നിന്നെ സഹായിക്കും എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. എങ്കിലും നിന്‍റെ അദ്ധ്വാനം കൂടാതെയല്ല. നിനക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ചെയ്തശേഷം ബാക്കിയുള്ളതു നിന്‍റെ സഹായകനില്‍ ഭരമേല്പിച്ചിട്ടു ഭവിഷ്യത്ത് എന്തായിരുന്നാലും അതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കുക.KP 131.1

    തന്‍റെ കുഞ്ഞുങ്ങള്‍ ആകുല ചിന്തകളാല്‍ ഭാരപ്പെട്ടിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. എന്നാല്‍ നമ്മുടെ കര്‍ത്താവ് നമ്മെ വഞ്ചിക്കുന്നില്ല. അവന്‍ നമ്മോടു: “ഭയപ്പെടരുത്; വഴിയില്‍ ആപത്തൊന്നുമില്ല” എന്ന് പറയുന്നില്ല. പരീക്ഷകളും വിപത്തുകളും ധാരാളം ഉണ്ടെന്നു അവന്‍ അറിയുന്നു. അത്കൊണ്ടു അവന്‍ നമ്മോടു കൂടെ തുറന്ന മനസ്സോടു കൂടെയാണ് ഇടപെടുന്നത്. തന്‍റെ ജനത്തെ പാപവും ദോഷവുമുള്ള ഒരു ലോകത്തില്‍ നിന്ന് വേര്‍പ്പെടുത്തിക്കൊണ്ടു പോകണമെന്ന് അവന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും ഒരു കാലത്തും അവസാനിക്കാത്ത അഭയസ്ഥാനം അവന്‍ കൊടുക്കുന്നു. “അവരെ ലോകത്തില്‍ നിന്ന് എടുക്കണം എന്നല്ല, ദുഷ്ടന്‍റെ കൈയില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രെ ഞാന്‍ അപേക്ഷിക്കുന്നത്” (യോഹ. 17:15) എന്നല്ലയോ തന്‍റെ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള അവന്‍റെ പ്രാര്‍ത്ഥനയായിരുന്നത്. “ലോകത്തില്‍ നിങ്ങള്‍ക്ക് കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന് അവന്‍ പറയുന്നു.KP 131.2

    പര്‍വ്വതപ്രസംഗം മുഖേന യേശുകര്‍ത്താവ് തന്‍റെ ശിഷ്യന്മാര്‍ക്ക് ദൈവത്തില്‍ വിശ്വസിക്കുന്നതിനുള്ള ആവശ്യകതയെപ്പറ്റി എത്രയും വിലയേറിയ ഉപദേശം നല്‍കിയിരിക്കുന്നു. ആ പാഠങ്ങള്‍ ഏതു കാലത്തും ഉള്ള തന്‍റെ മക്കള്‍ക്ക്‌ പ്രയോജനകരമായിരിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് അവര്‍ അത് നല്‍കിയത്. അവ ഇന്ന് വരേയും നമ്മുക്ക് എത്രയും ആശ്വാസകരവും ഉപദേശപൂര്‍ണ്ണവുമായിരിക്കുന്നുവല്ലോ രക്ഷിതാവ് യാതൊരു ചിന്താകുലതയില്ലാതെ ദൈവസ്തുതി പാടിക്കൊണ്ടു ആകാശത്തില്‍ പറക്കുന്ന പക്ഷികളെ ചൂണ്ടിക്കാണിച്ചു. അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല” എന്ന് തന്‍റെ ശിഷ്യന്മാരോട് പറയുന്നു എങ്കിലും സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ പുലര്‍ത്തുന്നു. “അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ” എന്ന് കര്‍ത്താവ് ചോദിക്കുന്നു. (മത്താ. 6:26) ആ വന്‍ ദാതാവ് തന്‍റെ ഭണ്ഡാരം തുറന്നു മനുഷ്യന്നും മൃഗങ്ങള്‍ക്കും എന്ന് വേണ്ട സര്‍വ്വസൃഷ്ടികള്‍ക്കും അതതിന്നു ആവശ്യമുള്ളവ കൊടുക്കുന്നു. ആകാശത്തിലെ പക്ഷികളെയും അവന്‍ ഗൌനിക്കാതിരിക്കുന്നില്ല. അവയുടെ കൊക്കില്‍ അവന്‍ അവയ്ക്കുള്ള ആഹാരം ഇട്ടുകൊടുക്കുന്നു എന്നല്ല പിന്നെയോ അവയ്ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ കരുതീട്ടുണ്ടെന്നുള്ളത് തന്നെ. അവന്‍ അവയ്ക്കായി വിതറിയിരിക്കുന്ന ധാന്യത്തെ അവ പെറുക്കേണ്ടതാകുന്നു. അവ തങ്ങളുടെ ചെറുകൂട്ടിന്നാവശ്യമുള്ള സാധനങ്ങള്‍ ശേഖരിച്ചു അതിനെ കെട്ടെണം. തങ്ങളുടെ കുഞ്ഞുങ്ങളെ അവ തീറ്റേണ്ടതാകുന്നു. അവ പാടിക്കൊണ്ടു തങ്ങളുടെ അദ്ധ്വാനത്തിന്നായി പുറപ്പെട്ടുപോകുന്നു; എന്തെന്നാല്‍ “നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥ പിതാവ് അവയെ പുലര്‍ത്തുന്നു.” അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ? “വിശേഷ ബുദ്ധിയുള്ളവരും ആത്മീക ആരാധന ചെയ്യുന്നവരുമായ നിങ്ങള്‍ ആകാശത്തിലേ പറവയെക്കാള്‍ അധികം വിലയുള്ളവരല്ലയോ? നമ്മുടെ ആസ്തിക്യത്തിന്‍ കാരണ കര്‍ത്താവും നമ്മുടെ ജീവനെ സൂക്ഷിക്കുന്നവനും തന്‍റെ സാദൃശത്തില്‍ നമ്മെ സൃഷ്ടിച്ചവനുമായവന്‍ നാം അവനില്‍ ആശ്രയിക്കുന്നുവെങ്കില്‍ നമ്മുടെ ആവശ്യകതകളെ നമ്മുക്ക് നിവൃത്തിച്ചു തരാതിരിക്കുമോ?KP 132.1

    ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിന്‍റെ ദൃഷ്ടാന്തമായി ക്രിസ്തു സുഭിക്ഷമായി വളരുന്നതും സ്വര്‍ഗ്ഗീയ പിതാവ് കൊടുത്ത ഭംഗിയില്‍ ശോഭിക്കുന്നതുമായ വയലിലെ പൂക്കളെ തന്‍റെ ശിഷ്യന്മാര്‍ക്ക് കാ ണിച്ചുകൊടുത്തു. “വയലിലെ താമര എങ്ങനെ വളരുന്നു എന്ന് നിരൂപിപ്പിന്‍” എന്ന് അവന്‍ അവരോടു പറഞ്ഞു. പ്രകൃതിയിലെ ഈ പുഷ്പങ്ങളുടെ ഭംഗിയും മനോഹരത്വവും ശലൊമോന്‍റെ മഹത്വത്തെ കവിയുന്നതായി പറയപ്പെട്ടിരിക്കുന്നു. ദൈവം പ്രാപഞ്ചികമായ നിര്‍മ്മിതങ്ങളാകുന്ന പൂക്കളുടെ ലാവണ്യവും പ്രശോഭിതമായ ഭംഗിയും മനുഷ്യന്‍റെ സാമര്‍ത്ഥ്യത്താല്‍ ഉണ്ടാക്കുന്ന അതിവിശിഷ്ടവസ്ത്രാലങ്കാരത്തോടു ഉപമിക്കാവതല്ല. “ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നുവെങ്കില്‍, അല്പവിശ്വാസികളെ, നിങ്ങളെ എത്ര അധികം” എന്ന് യേശു കര്‍ത്താവ് ചോദിക്കുന്നു. (മത്താ. 6:30) സ്വര്‍ഗ്ഗീയ ചിത്രമെഴുത്തുകാരനായ ദൈവം ഒരു ദിവസം മാത്രം നിലനില്‍ക്കുന്ന പൂക്കള്‍ക്ക് ഇപ്രകാരമുള്ള മനോഹരത്വം നല്‍കിയിരിക്കുന്ന സ്ഥിതിക്ക് തന്‍റെ സ്വന്ത സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവര്‍ക്ക് വേണ്ടി അവന്‍ എത്ര അധികം കരുതലുള്ളവനായിരിക്കും? ക്രിസ്തുവിന്‍റെ ഈ പാഠം വിശ്വാസമില്ലാത്തവരുടെ അമ്പരപ്പിനും സംശയ വിചാരങ്ങള്‍ക്കും, ആകുലചിന്തയ്ക്കും എതിരായ ഒരു ശാസനയാകുന്നു.KP 132.2

    ദൈവം തന്‍റെ സര്‍വ്വപുത്രന്മാരും പുത്രിമാരും ഭാഗ്യശാലികളും സമാധാനമുള്ളവരും അനുസരണമുള്ളവരും ആയിരിക്കേണമെന്നാശിക്കുന്നു. “എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു; ലോകം തരുന്നത് പോലെയല്ല ഞാന്‍ നിങ്ങള്‍ക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങുകയുമരുത് ഭ്രമിക്കയുമരുത്. എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു” (യോഹ. 14:27; 15:11) എന്ന് പറയുന്നു.KP 133.1

    അവനവന്‍റെ കര്‍ത്തവ്യകര്‍മ്മങ്ങളെ അവഗണിച്ചു സ്വാര്‍ത്ഥചിത്തത്തോടെ സമ്പാദിക്കുന്ന ഭാഗ്യം എത്രയും നിസ്സാരവും അല്പസമയത്തേക്കു മാത്രം നിലനില്ക്കുന്നതും ആകുന്നു; അത് വേഗം കടന്നുപോകയും ദേഹിയില്‍ നിരാശയും സങ്കടവും മാത്രം ശേഷിക്കുകയും ചെയ്യുന്നു; എന്നാല്‍ ദൈവസേവ സന്തോഷപ്രദവും തൃപ്തികരവുമാകുന്നു; അതില്‍ ക്രിസ്ത്യാനി അനിശ്ചിത മാര്‍ഗ്ഗങ്ങളില്‍ കൂടി സഞ്ചരിക്കേണ്ടതായിവരികയില്ല; അനാവശ്യമായ ദുഃഖവും നിരാശയും അവന്നു നേരിടുകയുമില്ല. ഒരു പക്ഷെ നമ്മുക്ക് ഈ ജീവിതത്തിലെ സന്തോഷങ്ങള്‍ ഇ ല്ലതിരുന്നാല്‍ തന്നെയും വരുവാനുള്ള ജീവിതത്തെക്കൊണ്ടു നമ്മുക്ക് സന്തോഷമായിരിക്കാം.KP 133.2

    എന്നാല്‍ ഈ ജീവിതത്തില്‍ തന്നേയും ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിനോടുള്ള കൂട്ടായ്മയില്‍ നിന്നുള്ള സന്തോഷം അനുഭവമായും വരാം; അവന്‍റെ സ്നേഹത്തിന്‍റെ ജ്വാലയും ദിവ്യസാന്നിധ്യത്തിന്‍റെ നിരന്തരമായ ആശ്വാസവും അവര്‍ക്ക് അനുഭവപ്പെട്ടേയ്ക്കാം. നമ്മുടെ ഐഹിക ജീവിതത്തില്‍ നാം ഓരോ കാലടി മുമ്പോട്ടു വെയ്ക്കുംതോറും നാം യേശുവിനോട് അടുത്തു ചെല്ലുകയും അവന്‍റെ സ്നേഹം നാം അധികമധികം ആസ്വദിക്കയും ആ ധന്യമായ സമാധാനപുരിയോടു നാം സമീപിക്കയും ചെയ്യുന്നു. അങ്ങനെയായാല്‍ നാം നമ്മുടെ പ്രത്യാശ തള്ളിക്കളയാതെ അതിനെപ്പറ്റി ഇന്നുള്ളതിലും അധികമായ നിശ്ചയം പ്രാപിക്കണം. “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” (1 ശമൂ. 7:12) ഇനി അന്ത്യം വരെ അവന്‍ നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ആശ്വാസത്തിനും നാശകന്‍റെ കൈയ്യില്‍ നിന്ന് നമ്മെ ഉദ്ധരിപ്പാനുമായി കര്‍ത്താവ് ചെയ്ത കൃത്യങ്ങളെ അനുസ്മരിപ്പിക്കുന്ന സ്മാരകസ്തംഭങ്ങളെ നാം അവഗണിച്ചുകൂടാ. അവന്‍ നമ്മുടെ കണ്ണുനീരുകളെ തുടെച്ചതും, നമ്മുടെ വേദനകളെ ശമിപിച്ചതും നമ്മുടെ ചിന്താകുലതകളെ നീക്കിയതും, നമ്മുടെ ഭയത്തെ ഇല്ലായ്മയാക്കിയതും, നമ്മുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചു തന്നതും ആയ അവന്‍റെ കാരുണ്യകൃത്യങ്ങളെ നാം നിത്യം ഓര്‍ത്തുകൊണ്ടു ഇനിയും ശേഷിച്ചിരിക്കുന്ന ആയുഷ്ക്കാലത്തേയ്ക്ക് നാം നമ്മെത്തന്നെ ശക്തീകരിക്കണം.KP 134.1

    വരുവാനിരിക്കുന്ന പോരാട്ടത്തില്‍ നമ്മുക്ക് പുതിയ വൈഷമ്യങ്ങള്‍ നേരിടുകയില്ലെന്ന് പറവാന്‍ തരമില്ല; എന്നാല്‍ കഴിഞ്ഞകാലങ്ങളെ നാം തിരിഞ്ഞു നോക്കിക്കൊണ്ടു ഭാവിയെക്കുറിച്ചു “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്ന് പറയാമല്ലോ. “നിന്‍റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.” (ആവ. 33:25) നമ്മുക്ക് സഹിപ്പാന്‍ കഴിയുന്നതിനു മീതെ കഷ്ടങ്ങള്‍ നമ്മുക്ക് നേരിടുകയില്ല. അത്കൊണ്ടു നമ്മുടെ ശോധനക്കനുസാരമായ ശക്തിയും നമ്മുക്ക് തരപ്പെടും എന്ന പൂര്‍ണ്ണനിശ്ചയത്തോടെ എന്തുതന്നെ വന്നാലും വേണ്ടതില്ല എന്നുറച്ചു നമ്മുടെ ഭാഗം ശരിക്കു നിറവേറ്റാം.KP 134.2

    അങ്ങനെ കാലാന്തരത്തില്‍ ദൈവം തന്‍റെ മക്കള്‍ക്ക്‌ വേണ്ടി സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ വിശാലമായി തുറന്നുവെയ്ക്കയും മഹത്വ ത്തിന്‍റെ രാജാവിന്‍റെ അധരങ്ങളില്‍ നിന്ന് പുറപ്പെടുന്ന “എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” എന്ന അനുഗ്രഹിക്കപ്പെട്ട സ്വാഗത വാക്കുകള്‍ ഏറ്റവും ഇമ്പകരമായ സംഗീതമട്ടില്‍ അവര്‍ കേള്‍ക്കുകയും ചെയ്യും. (മത്താ. 25:34)KP 134.3

    യേശു ഇപ്പോള്‍ ഒരുക്കുന്ന ആ ഭവനത്തിലേക്ക് അന്ന് വീണ്ടെടുക്കപ്പെട്ടവരെ സ്വാഗതം പറഞ്ഞു കൈക്കൊള്ളും. അവിടെയുള്ള അവരുടെ ചങ്ങാതിമാര്‍ ലോകത്തിലെ ചതിയന്മാരും, ഭോഷ്കു സംസാരിക്കുന്നവരും, ബിംബാരാധികളും, അശുദ്ധരും, അവിശ്വാസികളും ആയിരിക്കയില്ല; പിന്നെയൊ അവര്‍ പിശാചിനെ ജയിച്ചവരും ദിവ്യകൃപയാല്‍ ഒരുത്തമ സ്വഭാവഗുണം സമ്പാദിച്ചിട്ടുള്ളവരുമായ ആളുകളോട് സഹവാസം ചെയ്യും. ഇവിടെ അവരെ അസഹ്യപ്പെടുത്തുന്ന എല്ലാ പാപാസക്തികളും അപൂര്‍ണ്ണതകളും ക്രിസ്തുവിന്‍റെ രക്തത്താല്‍ നീക്കപ്പെട്ടിട്ട് അവിടെ സൂര്യന്‍റെ പ്രഭയെ കവിയുന്ന അവന്‍റെ മഹത്വത്തിന്‍റെ ശോഭയും തേജസ്സും അവര്‍ പ്രാപിക്കും. അവന്‍റെ ഗുണവൈശിഷ്ട്യവും സ്വഭാവത്തിന്‍റെ പൂര്‍ണ്ണതയും ആ ബാഹ്യശോഭയേക്കാള്‍ അധികം വിലയേറിയതായി കാണപ്പെടും. അവിടെ അവര്‍ ദൂതന്മാരുടെ പദവിയും അവകാശങ്ങളും പ്രാപിച്ചുകൊണ്ടു വെള്ളസിംഹാസനത്തിന്‍റെ മുമ്പില്‍ യാതൊരു കുറവുമില്ലാത്തവരായി നില്‍ക്കും.KP 135.1

    ഓരോ വ്യക്തിക്കും പ്രാപിക്കാവുന്ന ഈ മഹത്വവകാശത്തെ ആസ്പദമാക്കി നോക്കുമ്പോള്‍ “ഒരു മനുഷ്യന്‍ തന്‍റെ ജീവന്നു എന്തു മറുവില കൊടുക്കും?” (മത്താ. 16:26) അവന്‍ ദരിദ്രനായിരിക്കാമെങ്കിലും അവനില്‍ ലോകത്തിന്നു ഒരു കാലത്തും കൊടുപ്പാന്‍ കഴിയാത്ത ഒരു സമ്പത്തും മേന്മയും സ്ഥിതി ചെയ്യുന്നുണ്ട്. പാപത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ടും വീണ്ടെടുക്കപ്പെട്ടും തന്‍റെ മുഴുശക്തികളോടും പ്രാപ്തികളോടും കൂടെ ദൈവസേവയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ടും ഇരിക്കുന്ന ഒരു ദേഹി ഏറ്റവും വിലയേറിയ ഒന്നാകുന്നു; വീണ്ടെടുക്കപ്പെടുന്ന ഒരു ദേഹിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെയും വിശുദ്ധ ദൂതന്മാരുടേയും മുമ്പില്‍ വലുതായ സന്തോഷം ഉണ്ട്. ഈ സന്തോഷം വിശുദ്ധ ജയഗീതങ്ങളാല്‍ പ്രകടിതമായിരിക്കും.KP 135.2

    Larger font
    Smaller font
    Copy
    Print
    Contents