Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 3 - കർത്താവിനെ എതിരേല്ക്കാൻ ഒരുങ്ങുക

    നാം കർത്താവിന്റെ വരവിനെ താമസിപ്പിച്ചുകൂടാ എന്നു ഞാൻ കണ്ടു. ഭൂമിയിൽ സംഭവിക്കാനിരിക്കുന്നതിനുവേണ്ടി “ഒരുങ്ങുക” “ഒരുങ്ങുക” എന്നു ദൂതൻ പറഞ്ഞു. “നിങ്ങളുടെ വാക്കുകൾ നിങ്ങളുടെ വിശ്വാസത്തിന്നനുയോജ്യമായിരിക്കട്ടെ. മനസ്സു ദൈവത്തിൽ ഉറച്ചിരിക്കണമെന്നു ഞാൻ കണ്ടു. നമ്മുടെ സ്വാധീനശക്തി ദൈവത്തിനും അവന്റെ സത്യത്തിനും അനുകൂല സാക്ഷിയായിരിക്കണം. അശദ്ധരും നിർവിചാരികളുമായിരുന്നുകൊണ്ടു ദൈവത്തെ മാനിപ്പാൻ നമുക്കു കഴിയുന്നതല്ല. നിരാശ ബാധിച്ചിരിക്കുമ്പോൾ നമുക്കു അവനെ മഹത്വപ്പെടുത്തുവാനും കഴികയില്ല. നമ്മുടെ സ്വന്തം ആത്മരക്ഷ നേടുവാനും, മറ്റുള്ളവരെ രക്ഷിക്കാനും നാം ജാഗരൂകരായിരിക്കണം, ഇതിന്നു സർവ്വപ്രാധാന്യം കല്പിക്കയും മറ്റുള്ള എല്ലാ കാര്യങ്ങളും രണ്ടാമതായിക്കരുതുകയും ചെയ്യണം,സആ 60.1

    ഞാൻ സ്വർഗ്ഗത്തിലെ മനോഹരത്വം ദർശിച്ചു. യേശുവിന്നു സ്തുതിയും മാനവും മഹത്വവും നല്കിക്കൊണ്ടു ദൈവദൂതന്മാർ അവരുടെ സന്തോഷ ഗാനങ്ങൾ ആലപിക്കുന്നതു ഞാൻ കേട്ടു. അപ്പോൾ എനിക്കു ദൈവപുത്രന്റെ അത്ഭുതസ്നേഹം ഏതാണ്ടല്പം ഗ്രഹിച്ചറിവാൻ സാധിച്ചു. നമ്മുടെ രക്ഷയിൽ അവനുണ്ടായിരുന്ന അതീവ താല്പര്യം ഹേതുവാൽ അവൻ നീതിക്കു സ്വർഗ്ഗത്തിലുണ്ടായിരുന്ന എല്ലാ മഹത്വവും മാനവും കൈവെടിഞ്ഞു ഈ നികൃഷ്ടലോകത്തിൽ താണിറങ്ങി, മനുഷ്യൻ അവന്റെ മേൽ കൂമ്പാരമായി കുന്നിച്ചുകൂട്ടിയ അപമാനവും നിന്ദയും ക്ഷമാപൂർവ്വവും സൗമ്യതയോടും സഹിച്ചു. അവൻ മുറിവേല്ക്കുകയും അടിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തു. അവൻ കാൽവരി ക്രൂശിൽ തറയ്ക്കപ്പെടുകയും നമ്മെ രക്ഷിപ്പാൻ അത്യന്തം വേദനാജനകമായ മരണം വരിക്കുയും ചെയ്തു. നാം അവന്റെ രക്തത്തിൽ കഴുകപ്പെട്ടിട്ടു അവൻ നമുക്കു വേണ്ടി ഒരുക്കിക്കൊണ്ടിരിക്കുന്ന വാസസ്ഥലത്തു അവനോടുകൂടി വസിക്കയും, സ്വർഗ്ഗീയ മഹത്വവും വെളിച്ചവും അനുഭവിക്കയും ദൂതന്മാരുടെ പാട്ടുകൾ ശ്രവിക്കയും അവരോടു ചേർന്നു പാടുകയും ചെയ്യാനായി ഉയിർത്തെഴുന്നേല്പിക്കപ്പെടേണ്ടതിനു തന്നെ.സആ 60.2

    നമ്മുടെ രക്ഷയിൽ സ്വർഗ്ഗം മുഴുവനും താല്പര്യം വച്ചിരിക്കുന്നതായി ഞാൻ കണ്ടു; നമുക്കതിനെ അഗണ്യമാക്കാമോ? നാം രക്ഷിക്കപ്പെടുന്നതും നഷ്ടപ്പെട്ടുപോകുന്നതും ഒരു നിസ്സാര സംഗതിയാണെന്നു കരുതി നാം അതിങ്കൽ അശ്രദ്ധരായിരിക്കാമോ? നമുക്കു വേണ്ടി അർപ്പിക്കപ്പെട്ട യാഗത്തെ നമുക്കു അലക്ഷ്യമാക്കാമോ? ചിലർ ഇതു ചെയ്തിട്ടുണ്ട്. വാഗ്ദത്തം ചെയ്യപ്പെട്ട കരുണയെ അവർ നിസ്സാരമാക്കിക്കളഞ്ഞു. അവരുടെ മേൽ ദൈവക്രോധം വസിക്കുന്നു. ദൈവത്തിന്റെ ആത്മാവു എല്ലായ്പ്പോഴും ദുഃഖിപ്പിക്കപ്പെടുകയില്ല. കുറെക്കൂടെ ദുഃഖിപ്പിച്ചാൽ അതു വിട്ടുപോകും. മനുഷ്യരെ രക്ഷിപ്പാൻ ദൈവം ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞിട്ടും, അവർ തങ്ങളുടെ ജീവിതം മുഖേന യേശുവിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട കൃപയെ അലക്ഷ്യമാക്കുന്നു എന്നു കാണിക്കുമെങ്കിൽ അവരുടെ ഓഹരി മരണമായിരിക്കും. അതു അവർ വലുതായി വില കൊടുത്തു സമ്പാദിച്ചതുമായിരിക്കും. അതു ഒരു ഭീകര മരണമായിരിക്കും. കാരണം, അവർ നിരസിച്ചുകളഞ്ഞ് വീണ്ടെടുപ്പിനെ വിലയ്ക്കു വാങ്ങുവാനായി യേശു ക്രൂശിൽ അനുഭവിച്ച വേദന അവർ അനുഭവിക്കേണ്ടിവരും. തങ്ങൾ നഷ്ടപ്പെടുത്തിയതെന്താണെന്നു അവർക്കു അപ്പോൾ ബോദ്ധ്യമാകും. നിത്യജീവനും അമർത്യമായ അവകാശവുംതന്നെ. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അർപ്പിക്കപ്പെട്ട മഹായാഗം അവരുടെ വിലയെ ദൃശ്യമാക്കുന്നുണ്ട്. വിലയേറിയ ആത്മാവിനെ ഒരിക്കൽ നഷ്ടപ്പെടുത്തിയാൽ അതു എന്നെന്നേക്കു മായി നഷ്ടപ്പെട്ടതുതന്നെ.സആ 60.3

    ദൈവജനത്തിന്റെ പ്രത്യേകിച്ചു യുവജനങ്ങളുടെ നിരൂപണങ്ങളും താല്പര്യങ്ങളും തൂക്കിനോക്കിക്കൊണ്ടു ഒരു ദൂതൻ കൈകളിൽ തുലാസ്സുമായി നില്ക്കുന്നതു ഞാൻ കണ്ടു. ആ തുലാസ്സിന്റെ ഒരു തട്ടിൽ സ്വർഗ്ഗത്തിലേക്കു നയിക്കുന്ന നിരൂപണങ്ങളും താല്പര്യങ്ങളും മറ്റേത്തട്ടിൽ ഭൂമിയിലേക്കു നയിക്കുന്ന നിരൂപണങ്ങളും താലപര്യങ്ങളും നിക്ഷേപിച്ചിരുന്നു. ഈ ഒടുവിൽ പറഞ്ഞ തട്ടിൽ എല്ലാ കഥാപുസ്തകവായനയും വസ്ത്രം , ആഡംബരം, മായാമോഹം, ഉന്നതഭാവം ആദിയായവ സംബന്ധിച്ച് നിരൂപണങ്ങളും നിക്ഷേപിച്ചിരുന്നു. ഹാ! എന്തൊരു ഗൌരവമേറിയ വിനാഴികയാണിത്? ദൈവത്തിന്റെ ദൂതന്മാർ തുലാസ്സുകളുമായി നിന്നു അവന്റെ മക്കളെന്നഭിമാനിക്കുന്നവരുടെ, ലോകത്തിന്നു മരിച്ചും ദൈവത്തിന്നു ജീവിച്ചും ഇരിക്കുന്നു എന്നവകാശപ്പെടുന്നവരുടെ തന്നെ, നിരൂപണങ്ങളെ തൂക്കിനോക്കിക്കൊണ്ടു നില്ക്കുന്നു. ലൌകിക നിരൂപണങ്ങൾ, മായാമോഹം, ഉന്നതഭാവം ആദിയായവ നിറഞ്ഞുള്ള തട്ടിലുണ്ടായിരുന്ന ഭാരം തെരു തെരെ താണുപോയി. സ്വർഗ്ഗീയ ചായ്വുള്ള നിരൂപണങ്ങളും താല്പര്യങ്ങളും ഉൾക്കൊള്ളിച്ചിരുന്ന തട്ടാകട്ടെ, പെട്ടെന്നു പൊങ്ങിപ്പോയി. ഹാ അതു എത്ര ഘനക്കുറവുള്ളതായിരുന്നു! അതു കാണുകയിൽ തന്നെ എനിക്കു അതിനെ വിവരിച്ചു പറയാമായിരുന്നു. എന്നാൽ കയ്യിൽ തുലാസ്സുമായി നിന്നിരുന്ന ദൂതൻ ദൈവജനങ്ങളുടെ നിരൂപണങ്ങളും താല്പര്യങ്ങളും തൂക്കിനോക്കുകയാൽ എന്റെ മനസ്സിൽ മുദ്രിതമായ ഭയാനകവും പ്രസ്പഷ്ടവുമായ ധാരണയെ വിവരിപ്പാൻ എന്നാൽ ഒരിക്കലും സാദ്ധ്യമല്ല. ഇങ്ങനെയുള്ളവർക്കു സ്വർഗ്ഗത്തിൽ പ്രവേശിപ്പാൻ കഴിയുമോ? എന്നു ദൂതൻ ചോദിച്ചു. “ഇല്ല, ഇല്ല, ഒരിക്കലും ഇല്ല, ഇപ്പോൾ അവർക്കുള്ള പ്രത്യാശ വ്യാർത്ഥമാണന്നും, അതിശീഘ്രം അവർ മാനസാന്തരപ്പെട്ടു രക്ഷ കരഗതമാക്കിയില്ലെങ്കിൽ അവർ നശിക്കും എന്നും അവരോടു പറക എന്നു ദൂതൻ തുടർന്നു പറഞ്ഞു.സആ 61.1

    ദൈവഭക്തിയുടെ വേഷം ആരെയും രക്ഷിക്കയില്ല. എല്ലാവർക്കും ഗാഢവും സജീവവുമായ ഒരനുഭവം ഉണ്ടായിരിക്കണം. ഇതുമാത്രമെ അവരെ മഹോപദ്രവകാലത്തു രക്ഷിക്കയുള്ളൂ. അപ്പോൾ അവരുടെ പവ്യത്തി എങ്ങനെയുള്ളതാണെന്നു പരിശോധിക്കപ്പെടും. അതു പൊന്നു, വെള്ളി, വിലയേറിയ കല്ലു എന്നിവ കൊണ്ടുള്ളതാണെങ്കിൽ അവർ കർത്താവിന്റെ കൂടാരത്തിൽ ഒളിപ്പിക്കപ്പെടും. എന്നാൽ അവരുടെ പ്രവൃത്തി മരം, പുല്ലു, വയ്ക്കോൽ എന്നിവ കൊണ്ടുള്ളതാണെങ്കിൽ യഹോവയുടെ ക്രോധത്തിന്റെ ഭീകരതയിൽ നിന്നു അവരെ രക്ഷിപ്പാൻ യാതൊന്നിനും കഴികയില്ല,സആ 62.1

    പലരും തങ്ങളുടെ ജീവിതങ്ങളെ താന്താങ്ങളുടെ ഇടയിലുള്ള മറ്റുള്ളവരുടെ ജീവിതങ്ങളോടു താരതമ്യപ്പെടുത്തി തങ്ങളെത്തന്നെ അളക്കുന്നതായി ഞാൻ കണ്ടു. ഇതു അരുതാത്തതാണ്. ക്രിസ്തു അല്ലാതെ മറ്റാരും നമുക്കു മാത്യകയായി നല്കപ്പെട്ടിട്ടില്ല. അവൻ അത് നമ്മുടെ യഥാർത്ഥ മാതൃക. നാം ഓരോരുത്തരും അവനെ അനുകരിക്കുന്നതിൽ മുന്നിട്ടുകൊള്ളണം. നാം ഒന്നുകിൽ ക്രിസ്തുവിന്റെ സഹകാരികൾ അല്ലെങ്കിൽ ശ്രതുവിന്റെ സഹകാരികൾ ആകുന്നു. നാം ക്രിസ്തുവിനോടുകൂടെ ശേഖരിക്കുകയോ ചിതറിക്കുകയോ ചെയ്യുന്നു. നാം സുനിശ്ചിതമായി പൂർണ്ണഹ്യദയമുള്ള ക്രിസ്ത്യാനികളായിരുന്നില്ലെങ്കിൽ നാം കിസ്ത്യാനികളെയല്ല. ക്രിസ്തു ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നീ... ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, ശീതോഷ്ണവനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിഞ്ഞുകളയും” (വെളി . 3:11-16).സആ 62.2

    തന്നെത്താൻ ത്യജിക്കുന്നതു അഥവാ സ്വയത്യാഗം എന്താണെന്നും, സത്യത്തിനുവേണ്ടി കഷ്ടം സഹിക്കുന്നതു എപ്രകാരമാണെന്നും ചിലർ ഇതുവരെ ശരിക്കു മനസ്സിലാക്കീട്ടില്ല എന്നു ഞാൻ കണ്ടു. യാഗാർപ്പണം കൂടാതെ ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കയില്ല, സ്വയവർജ്ജനത്തിന്റെയും സ്വയത്യാഗത്തിന്റെയും മനോഭാവം കൈവളർത്തണം. ചിലർ തങ്ങളെയും തങ്ങളുടെ ശരീരങ്ങളെയും ദൈവത്തിന്റെ യാഗപീഠത്തിൽ യാഗമായി അർപ്പിച്ചിട്ടില്ല. അവർ മുൻകോപത്തിലും സ്വയാഭിലാഷപൂർത്തീകരണത്തിലും രസിക്കയും ദൈവവേലയെ ഗണ്യമാക്കാതെ തങ്ങളുടെ സ്വന്തതാല്പര്യ സംരക്ഷണത്തിൽ വ്യാപൃതരായിരിക്കയും ചെയ്യുന്നു. നിത്യജീവനായി ഏതെങ്കിലും ത്യാഗം ചെയവാൻ ഇഷ്ടപ്പെടുന്നവർ അതു പാപിക്കും. അതിനുവേണ്ടി സഹിക്കുന്ന ഏതു കഷ്ടപ്പാടിന്റെയും സ്വയം ക്രൂശീകരണ ത്തിന്റെയും എല്ലാ വിഗ്രഹത്യാഗത്തിന്റെയും വില അതു തികച്ചും അർഹിക്കുന്നതാണ്, അത്യന്തം അനവധിയായി കിട്ടുവാൻ പോകുന്ന തേജസ്സിന്റെ നിത്യഘനം സകലത്തെയും വിഴുങ്ങിക്കളകയും എല്ലാ ലോകസുഖങ്ങളെയും നിഷ്പ്രഭമാക്കുകയും ചെയ്യും ! 1T pp. 123-126,സആ 62.3

    *****